Wednesday, September 11, 2024
HomeNewshouseകാടുമൂടിയ റെയിൽവേ ക്വാർട്ടേഴ്‌സിൽ നഗ്നമായനിലയിൽ യുവതിയുടെ മൃതദേഹം

കാടുമൂടിയ റെയിൽവേ ക്വാർട്ടേഴ്‌സിൽ നഗ്നമായനിലയിൽ യുവതിയുടെ മൃതദേഹം

കൊല്ലം: ആൾത്താമസമില്ലാത്ത റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊറ്റങ്കര സ്വദേശിയായ 32കാരിയെയാണ് മരിച്ചനിലയില്‍ കണ്ടത്. പൂര്‍ണനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. ഫാത്തിമ മാതാ നാഷണല്‍ കോളജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണ് ആറുദിവസത്തോളം പഴക്കമുള്ളതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്. തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്.

സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളിലെത്തിച്ച് വിൽപന നടത്തുകയായിരുന്ന യുവതിയെ കഴിഞ്ഞ മാസം 29 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാവ് കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 29ന് വൈകിട്ട് ബീച്ചില്‍ യുവതിയെ കണ്ടതായി പറയുന്നു. പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

ചൊവ്വാഴ്ച രാത്രി ഇതുവഴിവന്ന രണ്ട് യുവാക്കളാണ് ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഈസ്റ്റ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ബുധനാഴ്ച രാവിലെയോടെ കൂടുതല്‍ പൊലീസും ഡോഗ്‌സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് യുവതിയുടെ ബാഗും ഉള്‍വസ്ത്രവും കണ്ടെത്തി.

കെട്ടിടത്തിന് സമീപത്തെ കിണറില്‍ സ്‌കൂബ ടീമിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായതൊന്നും കണ്ടെത്താനായില്ല. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

Most Popular