ആലപ്പുഴ: വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസര്‍ഫീ ഈടാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരം ഉണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അറിയിപ്പില്‍ പറയുന്നു.
ഭാരത സര്‍ക്കാര്‍ 2016 ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങളിലെ ചട്ടം 8(3) പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസര്‍ഫീ വീടുകളും സ്ഥാപനങ്ങളും നല്‍കാന്‍ ബാദ്ധ്യസ്ഥരാണ്. ഈ ചട്ടങ്ങള്‍ പ്രകാരമുള്ള ബൈലോ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍ അംഗീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. അതിന്റെ ഭാഗമായാണ് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ബൈലോ അംഗീകരിച്ച് നടപ്പാക്കി വരുന്നത്. ഈ ബൈലോ പ്രകാരം വീടുകളില്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക്കുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിയോഗിച്ചിട്ടുള്ള ഹരിത കര്‍മ്മസേനയ്ക്ക് നല്‍കേണ്ടതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള യൂസര്‍ഫീ കൊടുക്കേണ്ടതുമാണ്.
കേരളസര്‍ക്കാരിന്റെ 2020 ഓഗസ്റ്റ് 12-ലെ ഉത്തരവ് (No. 1496/2020) പ്രകാരം ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യൂസര്‍ഫീ നിര്‍ബന്ധമാക്കത്തക്ക നടപടികള്‍ തദ്ദേശ സ്ഥാപനം വഴി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശമുണ്ട്.
ഇതിന്റെ ഭാഗമായാണ് തദ്ദേശസ്ഥാപനങ്ങള്‍ മാലിന്യ ശേഖരണത്തിന് യൂസര്‍ഫീ നിശ്ചയിക്കുകയും യൂസര്‍ഫി നല്‍കാത്തവര്‍ക്ക് സേവനങ്ങള്‍ നിഷേധിക്കുന്നതിനുള്ള തീരുമാനമെടുക്കുകയും ചെയ്തത്. ഇതു കൂടാതെ, പഞ്ചായത്തിലേക്ക് അല്ലെങ്കില്‍ മുന്‍സിപ്പാലിറ്റിയിലേക്ക് നല്‍കേണ്ട ഏതെങ്കിലും തുക നല്‍കാതിരുന്നാല്‍ അത് നല്‍കിയതിനു ശേഷം മാത്രം ലൈസന്‍സ് പോലുള്ള സേവനം കൊടുത്താല്‍ മതി എന്ന തീരുമാനമെടുക്കാന്‍ അതത് പഞ്ചായത്തിനും/നഗരസഭയ്ക്കും കേരള പഞ്ചായത്ത്- മുന്‍സിപ്പാലിറ്റി നിയമങ്ങള്‍ അധികാരം നല്‍കുന്നുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. (Section 236 (13) KP Act & Section 443 KM Act)
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും
കത്തിക്കുന്നതും ശിക്ഷാര്‍ഹം
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയ്ക്കു കൈമാറാത്തവര്‍ക്കും യൂസര്‍ഫീ നല്‍കാത്തവര്‍ക്കും അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ 10,000 രൂപ മുതല്‍ 50000 രൂപ വരെ പിഴ ചുമത്താന്‍ ബൈലോയിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അധികാരപ്പെടുത്തി.
നിയമപരമായ നടപടി സ്വീകരിക്കും
വിവരാവകാശ നിയമപ്രകാരം ഈ ഓഫീസില്‍ നിന്നും നല്‍കിയ മറുപടിയെ തെറ്റായി വ്യാഖ്യാനിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടതില്ലെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.