Saturday, July 27, 2024
HomeFilm houseബിയാര്‍ പ്രസാദ് അന്തരിച്ചു; മലയാളിയുടെ മനസ്സിന് കുളിരേകിയ ഗാനങ്ങളുടെ സൃഷ്ടാവ്

ബിയാര്‍ പ്രസാദ് അന്തരിച്ചു; മലയാളിയുടെ മനസ്സിന് കുളിരേകിയ ഗാനങ്ങളുടെ സൃഷ്ടാവ്

പ്രശസ്ത ചലചിത്രഗാനരചയിതാവ് ബിയാര്‍ പ്രസാദ് അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നവംബറില്‍ ചികിത്സയിലായിരുന്നു. അന്ന് വെന്റിലേറ്ററിലായിരിക്കെ ചികിത്സാസഹായമെത്തിക്കാന്‍ സുഹൃത്തുക്കള്‍ രംഗത്തിറങ്ങിയിരുന്നു. ദേഹാസ്വാസ്ഥ്യമുണ്ടാവുകയും പരിശോധനയില്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിക്കുകയുമായുരുന്നു. പ്രസാദ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.

ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയാണ് ബീയാര്‍ പ്രസാദ്. സാഹിത്യത്തില്‍ ബിരുദം നേടിയിട്ടുള്ള പ്രസാദ് ചെറുപ്പകാലം തൊട്ടേ കവിതകള്‍ വായിക്കുകയും മറ്റു സാഹിത്യാഭിരുചികളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു, നാടക രചന, സംവിധാനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 1993 ല്‍ ജോണി എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്..

നിര്‍മ്മാതാവ് ഗുഡ്‌നൈറ്റ് മോഹന്റെ നിര്‍ദ്ദേശപ്രകാരം ഒരു കഥ പറയുന്നതിനുവേണ്ടി സംവിധായകന്‍ പ്രിയദര്‍ശനെ കണ്ടതാണ് പ്രസാദിന്റെ കലാജീവിതത്തില്‍ വഴിത്തിരിവായത്. പ്രസാദിന്റെ സാഹിത്യാഭിരുചി മനസ്സിലാക്കിയ പ്രിയദര്‍ശന്‍ തന്റെ അടുത്ത സിനിമയ്ക്ക് ഒരു പാട്ടെഴുതാന്‍ ആവശ്യപ്പെടുന്നു. അങ്ങനെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയില്‍ വിദ്യാസാഗറിന്റെ സംഗീതത്തിന് വരികള്‍ രചിച്ചുകൊണ്ട് ചലച്ചിത്രഗാനരചയിതാവായി ബീയാര്‍ പ്രസാദ് തുടക്കം കുറിച്ചു.

കിളിച്ചുണ്ടന്‍ മാമ്പഴത്തിനു മുന്‍പ് ബീയാര്‍ പ്രസാദ് ഗാനരചന നിര്‍വഹിച്ചത് സീതാ കല്യാണം എന്ന ചിത്രത്തിനായിരുന്നു പക്ഷേ ആ ചിത്രം റിലീസായത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. അതിനാല്‍ പ്രസാദിന്റെ ജനങ്ങള്‍ കേട്ട ആദ്യ ഗാനങ്ങള്‍ കിളിചുണ്ടന്‍ മാമ്പഴത്തിലേതായിരുന്നു. തുടര്‍ന്ന് ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതന്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് ബീയാര്‍ പ്രസാദ് ഗാനരചന നിര്‍വഹിച്ചു. സിനിമകള്‍ കൂടാതെ സംഗീത ആല്‍ബങ്ങള്‍ക്കും ബീയാര്‍ പ്രസാദ് രചന നിര്‍വഹിച്ചിട്ടുണ്ട്. ബീയാര്‍ പ്രസാദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

- Advertisment -

Most Popular