വനിതാകോച്ചിന്‍റെ ലൈംഗിക ആരോപണത്തെ തുടർന്ന് ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു. സന്ദീപ് സിംഗ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തു. വനിതാ കോച്ച് പോലീസിൽ പരാതി നൽകിയതിന് തൊട്ടുപിന്നാലെ, ചണ്ഡീഗഡ് പോലീസ് ശനിയാഴ്ച സന്ദീപ് സിംഗിനെതിരെ കേസെടുത്തിരുന്നു. പിന്തുടരുക, അനധികൃത തടവ്, ലൈംഗിക പീഡനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയ്ക്ക് കേസെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഒളിമ്പ്യനും മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായ സന്ദീപ് സിംഗിനെതിരെ ശനിയാഴ്ച രാത്രി സെക്ടർ 26 പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞിരുന്നു. വെള്ളിയാഴ്ച ചണ്ഡീഗഡ് പോലീസ് ആസ്ഥാനത്ത് വനിതാ കോച്ച് മന്ത്രിക്കെതിരെ പോലീസിൽ പരാതി നൽകി. പോലീസ് സൂപ്രണ്ട് (സിറ്റി) ശ്രുതി അറോറയ്ക്കാണ് അവർ പരാതി നൽകിയത്.
“നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് എനിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. എന്റെ സുരക്ഷയുടെ പ്രശ്നവും ഞാൻ ഉന്നയിച്ചു. എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഭയം കാരണം ഞാൻ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുന്നത് നിർത്തി. ഫെബ്രുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ അദ്ദേഹത്തിന്റെ ഓഫീസിലും മറ്റുംവെച്ച് മന്ത്രി എന്നെ ഉപദ്രവിച്ചു. ഒരിക്കൽ, സെക്ടർ 7-ൽ വെച്ച് തന്നെ കാണണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം എന്നോട് കൂടുതലും ആശയവിനിമയം നടത്തിയത്. ചണ്ഡീഗഡിലെ വീട്ടിൽ വച്ച് അയാൾ എന്നെ കടന്നുപിടിച്ചു. സംഭവങ്ങളെല്ലാം ഞാൻ ചണ്ഡീഗഡ് പോലീസിനോട് വിവരിച്ചിട്ടുണ്ട്”- പരാതി നൽകിയ ശേഷം വനിതാ കോച്ച് പറഞ്ഞു.