നേതൃത്വത്തിലേക്കുള്ള എംവി ഗോവിന്ദന്റെ വരവോടെ ആഭ്യന്തരനവീകരണ പാതയിലാണ് സിപിഎം. രണ്ട് ദശകത്തോളമായി രാഷ്ട്രീയ വിദ്യാഭ്യാസം കുറഞ്ഞതിന്റെ കടുത്ത പ്രത്യാഘാതങ്ങളാണ് സമീപകാലത്തായി പാര്‍ട്ടി നേരിടുന്നത് എന്നതിരിച്ചറിവാണ് ഗോവിന്ദന്‍ മാഷുടെ വരവോടെ പാര്‍ട്ടി നേതൃത്വത്തിനുണ്ടായിരിക്കുന്നത്. ഒരുകാലത്ത് സിപിഎം അംഗത്വത്തിനായി നിശ്ചയിച്ച് പാലിച്ചുപോരുന്ന യോഗ്യതാമാനദണ്ഡങ്ങള്‍ എങ്ങനെയെങ്കിലും പാര്‍ട്ടി വളര്‍ത്തുക എന്ന നയത്തോടെ തകിടം മറിഞ്ഞു. കോടിയേരി-പിണറായി നേതൃനിരയുടെ കാലത്ത് പലപ്പോഴും വിഎസ് പോര് തീര്‍ക്കാനുള്ള നേരം കഴിഞ്ഞ് പാര്‍ട്ടി നയരേഖയും മറ്റുമൊന്നും ശ്രദ്ധിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. മാത്രമല്ല പാര്‍ട്ടി വിപുലീകരണം മുഖ്യ അജണ്ടയായതോടെ എങ്ങനെയെങ്കിലും കൂടുതല്‍ ബ്രാഞ്ചുകള്‍ ഉണ്ടാക്കുകയെന്നതായി പരിപാടി. ഇതിന്റെ ഭാഗമായി നാടുനീളെയുള്ള ബ്രാഞ്ചുകള്‍ വിഭജിക്കുകയും വിഭജിക്കപ്പെടുന്ന ബ്രാഞ്ചുകളില്‍ എണ്ണം തികയ്ക്കാന്‍ ആരെയെങ്കിലും ഉള്‍പ്പെടുത്തുകയും ചെയ്യുക എന്ന രീതി പിന്തുടര്‍ന്നു.
പല പ്രദേശങ്ങളിലും പാര്‍ട്ടി പാലിച്ചുപോന്ന സ്വഭാവമികവ് പോലും പരിഗണിക്കാത്തവര്‍ നേതൃത്വത്തിലേക്കെത്തി. ലഹരിബന്ധമുള്ളവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമൊക്കെ ഇങ്ങനെ നുഴഞ്ഞുകയറി. തിരുവനന്തപുരമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സംഭവിച്ചത് അതാണ്. എംവി ഗോവിന്ദന്‍ സംസ്ഥാനസെക്രട്ടറിയായി ആദ്യം നടത്തിയ പ്രഖ്യാപനം കള്ളുകുടിയന്മാരും ലഹരിക്കടിമകളും ക്രിമിനലുകളും പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറിയെന്നും ആര്‍ക്കെങ്കിലും പിടിച്ച് മെമ്പര്‍ഷിപ്പ് നല്‍കുന്ന പരിപാടി അവസാനിപ്പിക്കുകയാണെന്നുമാണ്.
ഇതിന്റെ തുടര്‍ച്ചയായാണ് അടിതൊട്ട് മുടിയോളം കാണുന്ന പൊട്ടിത്തെറികള്‍. പലയിടത്തും കടുത്ത നടപടികള്‍ സ്വീകരിച്ചുവരികയാണ്. തിരുവനന്തപുരത്ത് ലഹരിമാഫിയയുമായി ബന്ധമുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് നേതൃത്വം തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ആവശ്യമായ സമയത്ത് ഉചിതനടപടിയുണ്ടായില്ലെന്നും നേതൃത്വം നിഗമനത്തിലെത്തി. കണ്ണൂരില്‍ സ്വര്‍ണക്കള്ളക്കടത്തുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ബന്ധപ്പെട്ട യുവനേതാക്കളടക്കം ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ്. ആകാശ് തില്ലങ്കേരിയടക്കമുള്ളവര്‍ പല വഴികളിലൂടെ പാര്‍ട്ടിയുമായി ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമം നടത്തുമ്പോഴും നേതൃത്വം ഉറച്ച നിലപാട് പ്രാദേശിക നേതാക്കളെ അറിയിച്ചിരിക്കുകയാണ്.
ഉന്നതനേതൃത്വത്തിലിരിക്കുന്നവരും അച്ചടക്കത്തിന് വിധേയരാണ് എന്ന സന്ദേശമാണ് ഇപി ജയരാജന്‍ വിഷയത്തില്‍ വെളിവായത്. ഇപിക്കെതിരെ പി ജയരാജന്‍ ആരോപണം ഉന്നയിച്ചെങ്കിലും അത് രേഖാമൂലം നല്‍കാത്തതും നേതൃത്വം ഗൗരവത്തിലെടുത്തതും അതുകൊണ്ടാണ്. രേഖാമൂലം നല്‍കിയാല്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് സഹായകരമാകുമെന്ന് എംവി ഗോവിന്ദന്‍ കരുതുന്നു. അതേ സമയം പരിശോധന അനിവാര്യമാണെന്ന നിലപാടെടുക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായി സംസ്ഥാന സെക്രട്ടേറിയേറ്റടക്കം നേതൃത്വം ഇക്കാര്യം പരിശോധിക്കും.
മാധ്യമങ്ങള്‍ക്ക് വ്യവസ്ഥാപിത ലക്ഷ്യമുണ്ടെന്നും പാര്‍ട്ടിയിലെ നവീകരണം പൊസിറ്റീവായല്ല കാണുന്നതെന്നുമാണ് നേതൃത്വത്തിന്റെ നിഗമനം. എങ്ങനെയെങ്കിലും പാര്‍ട്ടിക്കെതിരായി ചര്‍ച്ചകള്‍ നിലനിര്‍ത്തുകയെന്നതാണ് മാധ്യമനയം. അതുകൊണ്ട് ക്രിയാത്മകമായ ആരോപണങ്ങളും പരിശോധനകളും ദുര്‍വ്യാഖ്യാനിക്കുകയും എങ്ങനെയങ്കിലും സിപിഎമ്മിനെ കുഴപ്പത്തിലാക്കുകയെന്നതല്ലാതെ അവര്‍ ലക്ഷ്യംവയ്ക്കുന്നില്ല. അതുകൊണ്ട് മാധ്യമചര്‍ച്ചകളില്‍ ഇക്കാര്യത്തിലും നിലപാട് പറയരുതെന്നും പരസ്യമായ ഒരു തെളിവോ രേഖയോ ഇല്ലാത്ത പരിശോധനയാണ് നടത്തുകയെന്നുമാണ് നേതൃത്വം അണികള്‍ക്ക് നല്‍കുന്ന സന്ദേശം. പാര്‍ട്ടി നവീകരണം ലക്ഷ്യബോധത്തോടെ മുന്നോട്ടുകൊണ്ടുപോകാനാണ് എംവിഗോവിന്ദന്റെ ലക്ഷ്യം. പാര്‍ട്ടി സെന്ററില്‍ നിന്ന് എം സ്വരാജ്, മന്ത്രിസഭയില്‍ നിന്ന് എംബിരാജേഷ്, തോമസ് ഐസക്ക് തുടങ്ങിയവരുടെ പിന്തുണയും ഇക്കാര്യത്തില്‍ നേതൃത്വത്തിനുണ്ട്. പലയിടങ്ങളിലും വീഴ്ചകള്‍ സംഭവിച്ചു എന്ന തിരിച്ചറിവാണ് പിണറായിയെ മൗനിയാക്കുന്നതെന്നും സൂചനയുണ്ട്.