കൊച്ചി- പൊട്ടിത്തെറി ഭയന്ന് കോൺഗ്രസും മുസ്ലിംലീഗുമായുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസം ചർച്ച ചെയ്യാതെ യുഡിഎഫ് ഏകോപനസമിതി യോഗം പിരിഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തുടർച്ചയായ പ്രതികരണം ബുദ്ധിമുട്ടുണ്ടാക്കുന്നതായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിൽ ഉന്നയിച്ചിട്ടും വിശദചർച്ച നടന്നില്ല. വിവാദങ്ങളുടെ കേന്ദ്രബിന്ദുവായ കെ സുധാകരൻ യോഗത്തിന് എത്താത്തതിനാൽ യോഗം വെറും ചടങ്ങുതീർക്കലാക്കാൻ വി ഡി സതീശന് കഴിഞ്ഞു. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വസമീപനത്തെ ന്യായീകരിച്ച എ കെ ആന്റണിയുടെ വിവാദപ്രസംഗത്തിലുള്ള ലീഗിന്റെ വിയോജിപ്പ് യോഗത്തിൽ ഉന്നയിച്ചു. എന്നാൽ, പ്രധാന നേതാക്കൾ ഇല്ലാത്തതിനാൽ ചർച്ചകൾ പിന്നീട് മതിയെന്ന നിലപാട് കൺവീനർ എം എം ഹസ്സനും വി ഡി സതീശനും സ്വീകരിച്ചു. കോൺഗ്രസിൽനിന്ന് ഇവരെക്കൂടാതെ ബെന്നി ബഹനാനും കെ മുരളീധരനും മാത്രമാണ് പങ്കെടുത്തത്.
യുഡിഎഫ് യോഗം തീരുമാനിക്കുന്നതിലും അജൻഡ നിശ്‌ചയിക്കുന്നതിലും ഏകോപനമില്ല, യുഡിഎഫിൽ കാര്യമായ ചർച്ച നടക്കുന്നില്ല എന്നീ ആരോപണം കഴിഞ്ഞ യോഗത്തിൽ ഉന്നയിച്ച രമേശ് ചെന്നിത്തലയും ഇക്കുറി എത്തിയില്ല. യോഗ ദിനത്തിൽ മകൻ രമിത്തിന്റെ വിവാഹം ക്ഷണിക്കാൻ ചെന്നിത്തല ഡൽഹിയിലായിരുന്നു. വിവിധ സുഹൃത്തുക്കളെയടക്കം ക്ഷണിക്കാനാണ് ദില്ലിയിലെത്തിയതെന്ന് ചെന്നിത്തല പറഞ്ഞു.
ബംഗളൂരുവിൽ വിശ്രമത്തിലായതിനാൽ ഉമ്മൻചാണ്ടിയും അവധി അറിയിച്ചിരുന്നു. കെ സുധാകരൻ കണ്ണൂരിൽ ചികിത്സയിലാണെന്നാണ് അറിയിച്ചത്. പി ജെ ജോസഫും പങ്കെടുത്തില്ല. ചെന്നിത്തലയുടെ അതേ അഭിപ്രായമാണ് ചെറിയ ഘടകകക്ഷികൾക്കുള്ളതെങ്കിലും പ്രധാന നേതാക്കളുടെ അസാന്നിധ്യത്തിൽ അവരും ചർച്ചയിൽ പങ്കെടുത്തില്ല.