കൊച്ചി- മൃദു ഹിന്ദുത്വനിലപാടിനെക്കുറിച്ചുള്ള എ കെ ആന്റണിയുടെ പ്രസംഗത്തെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തിനേ അറിയൂ എന്നും യുഡിഎഫ് ഏകോപനസമിതി യോഗത്തിനുശേഷം ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊച്ചിയിലെ യുഡിഎഫ് യോഗത്തിൽ ഘടകകക്ഷികളാരും ഈ വിഷയം ഉന്നയിച്ചിട്ടില്ല. കോൺഗ്രസിന് നേരത്തേതന്നെ ഈ നിലപാടാണ്. ഇതിനെ മൃദു ഹിന്ദുത്വസമീപനമെന്ന് വിമർശിച്ച സിപിഐ എമ്മിനോടായിരിക്കാം ആന്റണി പറഞ്ഞത്. യുഡിഎഫിലെ ഘടകകക്ഷികൾക്ക് വ്യത്യസ്ത നിലപാടുണ്ടാകാം. കോൺഗ്രസിന്റെ അതേനിലപാട് ലീഗും പറയണമെന്ന് ശഠിക്കാനാകില്ല. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ കെ സുധാകരന്റെ പ്രതികരണം കാര്യം മനസ്സിലാക്കുംമുമ്പാണ്. തെറ്റിദ്ധാരണ നീങ്ങിയെന്ന് കുഞ്ഞാലിക്കുട്ടി യോഗത്തിൽ പറഞ്ഞു.
ആർഎസ്‌എസ് അനുകൂലനിലപാട് സുധാകരനിൽനിന്ന് തുടർച്ചയായുണ്ടാകുന്നത് നാക്കുപിഴയാണെന്ന് അദ്ദേഹംതന്നെ വിശദീകരിച്ചതാണെന്നും ഹസ്സൻ പറഞ്ഞു. മുന്നണിയോഗം തീരുമാനിക്കുന്നതിൽ ഏകോപനമില്ലെന്ന രമേശ് ചെന്നിത്തലയുടെ പരാതിക്ക്, അദ്ദേഹം പ്രതിപക്ഷനേതാവായിരിക്കുമ്പോഴും ഇങ്ങനെതന്നെയാണ് യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നതെന്നായിരുന്നു മറുപടി. ഇ പി ജയരാജനെതിരായ ആരോപണം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് യുഡിഎഫ് യോഗം ആവശ്യപ്പെട്ടതായി ഹസ്സൻ പറഞ്ഞു. ബഫർ സോൺ പ്രശ്‌നം ബാധിക്കുന്ന പഞ്ചായത്തുകളിൽ അഞ്ചുമുതൽ 15 വരെ പ്രതിഷേധസംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.