Thursday, November 7, 2024
HomeNewshouseഗര്‍ഭാവസ്ഥയില്‍ അമ്മ ബിയര്‍ കഴിച്ച് അലസിപ്പിക്കാന്‍ ശ്രമിച്ചു; ദാരിദ്ര്യം വലച്ച ബാല്യം; ക്ലബ്ബും ഉപേക്ഷിച്ചതോടെ സൗദിയില്‍...

ഗര്‍ഭാവസ്ഥയില്‍ അമ്മ ബിയര്‍ കഴിച്ച് അലസിപ്പിക്കാന്‍ ശ്രമിച്ചു; ദാരിദ്ര്യം വലച്ച ബാല്യം; ക്ലബ്ബും ഉപേക്ഷിച്ചതോടെ സൗദിയില്‍ ചരിത്രമെഴുതാന്‍ തയാറെടുപ്പ്; 28 ഉം കടന്ന് ഏഴില്‍ ചരിത്രം കുറിച്ച ക്രിസ്റ്റിയാനോയുടെ കഥ

തേജസ്വിനി

ഫുട്‌ബോള്‍ലോകത്തെ മഹാപ്രതിഭ..
ഒറ്റയാന്‍ പോരാടങ്ങളിലൂടെ കളിക്കളത്തെ വിറപ്പിച്ച പോരാളി.
ചുരുക്കിപ്പറയുമ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കുറിച്ച് ഇത്രയും മതി. അതിലെല്ലാമുണ്ട്.

പോര്‍ച്ചുഗീസുകാരനായ ജോസേ ഡീനിസ് അവീറോയുടേയും മറിയ ഡൊളോറസ് ഡോസ് സാന്റോസ് അവീറോയുടെയും കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. ഒരാണും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ നന്നേ പ്രയാസപ്പെടുകയായിരുന്നു. ഒരുകുഞ്ഞിനെ കൂടി വളര്‍ത്താനുള്ള ശേഷി ആ കുടുംബത്തിനുണ്ടായിരുന്നില്ല. അതുകൊണ്ട് അടുത്ത കുഞ്ഞ് ഗര്‍ഭത്തില്‍ വഹിക്കുമ്പോള്‍ തന്നെ അവര്‍ ആശങ്കയിലായി. ആ കുഞ്ഞിനെ ഇല്ലാതാക്കാന്‍ അമിതമായി ബിയര്‍ കഴിച്ചും അല്ലാതെയും അവര്‍ ശ്രമിച്ചുവത്രെ.

എന്നാല്‍ അതിനെയെല്ലാം മറികടന്ന് ആ കുഞ്ഞ് ജനിച്ചു. അവന്‍ കുഞ്ഞുറോണോ. ഈ കുഞ്ഞിനെയാണല്ലോ ഇല്ലാതാക്കാന്‍ നോക്കിയതെന്ന് ആ കുടുംബം പി്ന്നീട് പലപ്പോഴും പശ്ചാത്തപിച്ചു.

തന്റെ പ്രിയപ്പെട്ട നടും അമേരിക്കന്‍ പ്രസിഡന്റുമായിരുന്ന റൊണാള്‍ഡ് റീഗന്റെ പേരാണ് അച്ഛന്‍ കുഞ്ഞുമകന് ഇട്ടത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ദോസ് സാന്റോസ് അവേരിയോ 1985 ഫെബ്രുവരി5 നു പോര്‍ചുഗലിലെ മദീറയില്‍ ഫുന്‍ചാലിലാണ് ജനിച്ചത്. ഒരു ജ്യേഷ്ഠന്റെയും രണ്ട് ഏട്ടത്തിമാരുടെയും പ്രിയപ്പെട്ടവനായാണ് ദരിദ്രചുറ്റുപാടില്‍ ക്രിസ്റ്റ്യാനോ റൊണാല്‍ഡൊ വളര്‍ന്നത്. ചെറുപ്പത്തിലേ കോപിഷ്ഠനും ല്കഷ്യബോധത്തിലേക്ക് മറ്റൊന്നും നോക്കാതെ സഞ്ചരിക്കുന്നവനും ഒക്കെയായിരുന്നു അവന്‍. ഫുട്‌ബോള്‍ കമ്പം മനസ്സിലാക്കിയ അച്ഛന്‍ അവനെ കളിക്കാന്‍ വിട്ടു.

എട്ടാം വയസ്സില്‍ അമച്വര്‍ ടീമായ ആന്‍ഡോറീന്യക്ക് വേണ്ടി കളിച്ചു. 1995ല്‍ നാസിയോണാലില്‍ ചേര്‍ന്നു.

പിന്നീട് റൊണാള്‍ഡോയും മെസ്സിയും തമ്മില്‍ പല സമാനതകളും കളിനിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ ചെറുപ്പകാലത്തെ ആരോഗ്യപ്രശ്‌നത്തിലും ആ സമാനത ഉണ്ട്. പതിനഞ്ചാം വയസ്സില്‍ ”റേസിങ് ഹാര്‍ട്ട്” പിടിപെട്ട റൊണാള്‍ഡോവിനെ അമ്മയുടെ അനുമതിയോടെ ഫുട്‌ബോള്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങ്ങ് അധികൃതര്‍ ആശുപത്രിയില്‍ ചേര്‍ത്തു. അവിടെ ലേസര്‍ ഉപയോഗിച്ച് ഓപ്പറേഷന്‍ നടത്തിയാണ് രക്ഷപ്പെട്ടതത്രെ. സമാനമായ നിലയില്‍ മെസ്സിയുടെ ബാല്യകാലത്ത് ഹൊര്‍േമോണ്‍കുറവ് മൂലം ചികിത്സിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ബാഴ്‌സലോണ ക്ലബ്ബ് ഏറ്റെടുത്താണ് ചികിത്സിക്കുകയും ചെലവ് മുഴുവന്‍ വഹിക്കുകയും ചെയ്തത് എന്നത് ചരിത്രമാണ്.ഏഴാംനമ്പറും റോണാള്‍ഡോയും

നാസിയോണാല്‍ എന്ന ചെറുക്ലബ്ബില്‍ കളിക്കുമ്പോള്‍ റൊണാള്‍ഡോയുടെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് അന്നത്തെ ലിവര്‍പൂള്‍ മാനേജറായിരുന്ന ജെറാര്‍ഡ് ഹൂളിയര്‍ ആയിരുന്നു. പക്ഷേ ലിവര്‍പൂള്‍ അന്ന് റൊണാള്‍ഡോയെ ടീമില്‍ ചേര്‍ത്തില്ല. റൊണാള്‍ഡോക്ക് തീരേ ചെറുപ്പമാണെന്നും കഴിവ് വളര്‍ത്തിയെടുക്കാന്‍ കുറച്ചുകൂടി സമയം വേണ്ടിവരുമെന്നുമായിരുന്നു അവര്‍ കാരണം പറഞത്. എന്നാല്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബുകാര്‍ റൊണാള്‍ ഡോ കരിയര്‍ വളരാനുള്ള ആരംഭം കുറിച്ചു.

ക്രിസ്റ്റ്യാനോയുടെ ജീവിതം-വീഡിയോ താഴെ…

മാഞ്ചസ്റ്ററിൽ

പിന്നീടാണ് 2002-2003 സീസണു ശേഷം റൊണാള്‍ഡോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെത്തി. മാഞ്ചെസ്റ്ററില്‍ വരുന്ന ആദ്യത്തെ പോര്‍ച്ചുഗീസ് താരം. ചുവന്ന ചെകുത്താന്‍ എന്നാണ് അദ്ദേഹത്തെ അന്ന് പലരും വിളിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോ ജഴ്‌സി നമ്പര്‍ 7ല്‍ പ്രശസ്തനായി. അതിന് മുമ്പ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബില്‍ കളിച്ചത് 28 നമ്പറിലായിരുന്നു. അതുകൊണ്ട് റൊണാള്‍ഡോയും ആ നമ്പര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജറോട് ആവശ്യപ്പെട്ടു. എന്നാല്‍ 7 ആണ് ക്രിസ്റ്റ്യാനോയ്ക്ക് കരുതി വച്ചത്. ഏഴാം നമ്പര്‍ അണിയുന്നയാളില്‍ ഒരുപാട് പ്രതീക്ഷകളുണ്ടാകും. പ്രത്യേകിച്ച് യുണൈറ്റഡില്‍. ഇതിഹാസ താരങ്ങളായ ജോര്‍ജ് ബെസ്റ്റ്, ബ്രയാന്‍ റോബ്‌സണ്‍, എറിക് കാന്റൊണാ, ഡേവിഡ് ബെക്കാം, തുടങ്ങിയ യുണൈറ്റഡിലെ 7 ആം നമ്പര്‍ കളിക്കാരെ കണ്ട് ശീലിച്ച ആരാധകര്‍ അതേ നിലവാരത്തിലുള്ള പ്രകടനങ്ങള്‍ പ്രതീക്ഷിക്കും. റൊണാള്‍ഡോയ്ക്കും ആദ്യം ആ ആശങ്കയുണ്ടായിരുന്നു. ഏഴ് തന്നിലേക്കെത്തിയതിനെ കുറിച്ച് പിന്നീട് റൊണാള്‍ഡോ തന്നെ പറഞ്ഞിട്ടുണ്ട്;

”ഞാന്‍ മാഞ്ചെസ്റ്ററില്‍ ചേര്‍ന്ന ശേഷം മാനേജര്‍ എന്നോട് ചോദിച്ചു, എനിക്ക് ഏത് ജേഴ്‌സി നംബര്‍ വേണമെന്ന്. ഞാന്‍ 28 ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം പറഞ്ഞു, ‘അല്ല, നീ നംബര്‍ 7 തന്നെ അണിയും’. ആ പ്രശസ്ത ജേഴ്‌സി എനിക്ക് കൂടുതല്‍ പ്രചോദനം നല്‍കി. പ്രതീക്ഷകളിലേക്കുയരാന്‍ അതെന്നെ നിര്‍ബ്ബന്ധിച്ചു.’

പടയോട്ടത്തിന്റെ ആരംഭം
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റ്യാനോ ഒരുപടയോട്ടം ആരംഭിച്ചു. അത് പന്നീട് ലാലിഗയിലേക്കായി. അവിടെ റയല്‍ മാഡ്രിഡില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. അവിടെ തന്റെ എക്കാലത്തെയും പ്രതിയോഗി മെസ്സിയെ കണ്ടുമുട്ടി. ബാഴ്‌സലോണയുമായി നിരന്തരയുദ്ധം. റയല്‍മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള മത്സരം മെസ്സിയും റൊണാള്‍ഡോയും തമ്മിലുള്ള പോരാട്ടമായി വ്യാഖ്യാനിക്കപ്പെട്ടു.

യുവന്റസിലേക്ക്

യുവന്റസിലൂടെ ഇറ്റാലിയന്‍ സീരിസ് എയ്ക്ക് പുതിയ ഉയര്‍ച്ചയേകി. ഒരു മഹാനായ കളിക്കാരന്‍ കളിക്കാന്‍ എത്തുമ്പോള്‍ ആ ടീമിന്റെ മാത്രമല്ല, ആ ടീം കളിക്കുന്ന ലീഗിന്റെയാകെ നിലവാരം മാറും. യുവന്റസിന് പുതിയ കച്ചവടവാതിലുകള്‍ ജഴ്‌സിയായും സംപ്രേഷണമൂല്യമായും താരമൂല്യമായുമൊക്കെ തുറന്നു. അതോടൊപ്പം ഇറ്റാലിയന്‍ ലീഗ് അതുവരെ കാണാത്ത ലോകത്തിന്റെ മുക്കിലും മൂലയിലും കാണപ്പെട്ടു. കാരണം ലോകത്തില്‍ ഏറ്റവും അധികം ആരാധകരുളള ഒരുതാരം എന്ന നിലയില്‍ റൊണാള്‍ഡോയുടെ കളികാണാന്‍ ആരാധകര്‍ കാത്തിരുന്നു. അങ്ങനെ ടെലിവിഷന്‍ സംപ്രേഷണമൂല്യത്തിലും റെക്കോര്‍ഡ് കച്ചവടം ഇക്കാലത്ത് നടന്നു. യുവന്റസിന് ഇക്കാലത്ത് റൊണാള്‍ോയുടെ ചിറകില്‍ പുതിയ കിരീടനേട്ടങ്ങളും ഉണ്ടായി. ഒപ്പം ലോകത്തെ ഏറ്റവും വലിയ ഗോളടിക്കാരന്‍ എന്നതും ബാലന്‍ ദ്യോര്‍ പുരസ്‌കാരമുള്‍പ്പെടെയുള്ള നേട്ടങ്ങളുമടക്കം റൊണാള്‍ഡോ വ്യക്തിഗതമായും റെക്കോര്‍ഡുകള്‍ സ്വന്തമാക്കിക്കൊണ്ടേയിരുന്നു.

തിരിച്ച് ഹോം ക്ലബ്ബിലേക്ക്…
വീണ്ടും കരിയറില്‍ മാറ്റമുണ്ടായി. അവസാനകാലത്ത് കളിതുടങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തന്നെ കളിക്കണമെന്ന മോഹം അദ്ദേഹത്തെ തിരിച്ചെത്തിച്ചു. വീണ്ടും പ്രീമിയര്‍ ലീഗില്‍ ബൂട്ട് കെട്ടി. എന്നാല്‍ മഹാനായ ഒരുകളിക്കാരനോട് കാണിക്കേണ്ട സാമാന്യമര്യാദ അവര്‍ കാണിച്ചില്ല. ഇക്കഴിഞ്ഞ ലോകകപ്പിനായി പോര്‍ച്ചുഗലിന് വേണ്ടി കളിക്കാന്‍ പോയ സമയത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റൊണാള്‍ഡോയുടെ കരാര്‍ പുതുക്കിയില്ല. അങ്ങനെ ക്ലബ്ബില്ലാത്തവനായി റൊണാള്‍ഡോ. സ്വന്തം രാജ്യത്തിന്റെ ടീമില്‍ നിന്നും അവഗണന നേരിട്ടു. ലോകകപ്പില്‍ മികച്ച കളി പുറത്തെടുത്തിട്ടും മൊറോക്കോയോടയുള്ള സെമിഫൈനലില്‍ കോച്ച് കളിതോല്‍ക്കുമെന്നാകും വരെ പുറത്തിരുത്തി. ഒടുവില്‍ തോറ്റ് പുറത്താകുന്ന ഒരുടീമിന് വേണ്ടി വേണ്ടതുപോലെ പോരാടാന്‍ പോലുമാകാതെ റൊണാള്‍ഡോയുടെ ലോകകപ്പ് കരിയര്‍ അവസാനിച്ചു. ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടിയ റെക്കോര്‍ഡും സ്വന്തമാക്കി റൊണാള്‍ഡോ പടിയിറങ്ങി.
എന്നാല്‍ മഹാന്മാര്‍ ചരിത്രം സ്വയം നിര്‍ണയിക്കുന്നു എന്നാണല്ലോ. തന്റെ കരിയറിലുടനീളം മറ്റേതൊരു കാളിക്കാരനില്‍ നിന്നും വ്യത്യസ്തമായി റൊണാള്‍ഡോ സ്വന്തം ചരിത്രം എഴുതി മുന്നേറിയ താരമായിരുന്നു.

പുതിയ ചരിത്രം
ഇപ്പോള്‍ റൊണാള്‍േഡോ പുതിയ ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ്. 2030ല്‍ ലോകകപ്പിന് ആതിഥേയത്വം നേടിയെടുക്കാന്‍ ശ്രമിക്കുന്ന സൗദി അറേബ്യയിലെ അല്‍നാസര്‍ ടീമിന് വേണ്ടി ബൂട്ടുകെട്ടാനൊരുങ്ങുകയാണ് റൊണാള്‍ഡോ. നാപ്പോളിയെന്ന ചെറിയ ക്ല്ബിന് വേണ്ടി കളിച്ച് ആ ക്ലബ്ബിനെ ലോകോത്തരബ്രാന്‍ഡാക്കി മാറ്റിയ മറഡോണയെ ഓര്‍മിപ്പിക്കുന്ന നീക്കം.

അല്‍നാസറിന് വേണ്ടി ഏഴു വര്‍ഷത്തെ കരാറിനാണത്രെ ഒരുങ്ങുന്നത്. രണ്ടരവര്‍ഷം കളിക്കാനും ബാക്കി ലോകകപ്പ് വരെയുള്ള കാലം സൗദി ടീമുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും. അത് ബ്രാന്‍ഡ് അംബാസിഡറാകാം, കോച്ചാകാം, മറ്റെന്തുമാകാം. എന്തായാലും പാശ്ചാത്യലോകം വേണ്ടെന്ന് വച്ച കിസ്റ്റിയാനോയുടെ മഹത്വം സ്വന്തം രാജ്യത്തിന് വേണ്ടു ഉപയോഗിക്കാന്‍ സൗദി തീരുമാനിച്ചുകഴിഞ്ഞു.

സ്വന്തംകരിയറിനെ മൂല്യമുള്ള റിട്ടയര്‍മെന്റാക്കി മാറ്റാനും അത് സൗദി അറേബ്യ പോലൊരു രാജ്യത്തിന് വേണ്ടിഉപയോഗപ്പെടുത്താനും കഴിയുന്നു എന്നതാണ് പ്രധാനം. റോണാള്‍ഡോ നീ മഹത്തായ കളിക്കാരന്‍ മാത്രമല്ല, വ്യക്തിയും കൂടിയാണ് എന്ന് ചരിത്രം നമ്മെ കൊണ്ട് പറയിപ്പിക്കും.

ഈ കുറിപ്പ് അവസാനിപ്പിക്കും മുമ്പ് 2 ടിപ്‌സ് കൂടി.
1 . റോണാള്‍ഡോ സൗദിയിലേക്ക് പോകുന്നതിലൂടെ മെസ്സി വിരുദ്ധരായ റൊണാള്‍ഡോ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ ഒരുകാരണം കൂടി ഉണ്ട്. ലോകകപ്പില്‍ അര്‍ജന്റീനയെ വിറപ്പിച്ച ഒരേയൊരു രാജ്യം സൗദിയാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് കണ്ണും പൂട്ടി സൗദിയിലേക്ക് ആരാധന തിരിച്ചുവിടാം.

  1. പോര്‍ച്ചുഗലിന്റെയും റൊണാള്‍ഡോയുടെയും ആരാധകരാകുന്ന സമുദായാംഗങ്ങളെ വിലക്കാന്‍ ഇറങ്ങിത്തിരിച്ച സമസ്ത പെട്ടെന്ന് തന്നെ അടുത്ത ക്യാപ്‌സൂള്‍ കണ്ടുപിടിക്കണം. ഇല്ലെങ്കില്‍ മുസ്ലിംരാഷ്ട്രമായ സൗദി അറേബ്യയിലേക്ക് പെട്ടെന്ന് പോണം. അവിടത്തെ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി സൗദി അകപ്പെടാന്‍ പോകുന്ന ദുരന്തത്തെ കുറിച്ച് ബോധ്യപ്പെടുത്തണം. അവിടത്തെ ചെറുപ്പക്കാരെ വഴിതെറ്റിക്കാനുള്ള റൊണാള്‍ഡോയുടെ നീക്കം തന്ത്രപൂര്‍വ്വം പൊലിക്കണം. ഇല്ലെങ്കില്‍ കേരളത്തിലെ ആരാധകരെ പോലെ അവരും കുഴപ്പത്തിലാകും. ഇവിടെ പോരാട്ടത്തിനിറങ്ങിയ നേതാക്കളെ അങ്ങോട്ട് അയച്ച് ബോധവല്‍ക്കരണം നടത്താനെങ്കിലും ശ്രമിക്കണം.
- Advertisment -

Most Popular