Friday, October 11, 2024
HomeNewshouseജഡ്ജിക്കെതിരെ ബിജെപി ബന്ധമെന്ന് ആരോപണം; പുന്നോല്‍ഹരിദാസന്‍ വധക്കേസിലെ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യം; ജാമ്യഹര്‍ജി പരിഗണിക്കുന്നതിനെതിരെ കുടുംബം

ജഡ്ജിക്കെതിരെ ബിജെപി ബന്ധമെന്ന് ആരോപണം; പുന്നോല്‍ഹരിദാസന്‍ വധക്കേസിലെ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യം; ജാമ്യഹര്‍ജി പരിഗണിക്കുന്നതിനെതിരെ കുടുംബം

തലശേരി- കോടിയേരി പുന്നോൽതാഴെവയലിലെ സിപി ഐ എം പ്രവർത്തകൻ കെ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ അഡീഷനൽ ജില്ലാ സെഷൻസ്‌ (രണ്ട്‌) ജഡ്‌ജി എ വി മൃദുലയെ ജാമ്യഹർജി പരിഗണിക്കുന്നതിൽനിന്ന്‌ മാറ്റണമെന്നാവശ്യപ്പെട്ട്‌ കൊല്ലപ്പെട്ട ഹരിദാസന്റെ ഭാര്യ എ കെ മിനി ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസിന്‌ പരാതി നൽകി. കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്ത അഞ്ചും ആറും പ്രതികളും ആർഎസ്‌എസുകാരുമായ പുന്നോൽ കരോത്ത്‌താഴെ പി കെ ദിനേശ്‌ എന്ന പൊച്ചറ ദിനേശ്‌ (49), കൊമ്മൽവയലിലെ കടുമ്പേരി പ്രഷിജ്‌ എന്ന പ്രജൂട്ടി (43) എന്നിവർക്ക്‌ അഡീഷനൽ ജില്ല സെഷൻസ്‌ കോടതി ജഡ്‌ജി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ്‌ പരാതി.

ജഡ്‌ജി മൃദുലയുടെ മകൻ അനിരുദ്ധ്‌ സജീവ ബിജെപി പ്രവർത്തകനായതിനാലാണ്‌ ജാമ്യം അനുവദിച്ചതെന്ന്‌ നാട്ടിൽസംസാരമുണ്ട്‌. രാഷ്‌ട്രീയവിധേയത്വത്തോടെയാണ്‌ ജഡ്‌ജി കേസ്‌ പരിഗണിക്കുന്നതെന്ന്‌ ഭയക്കുന്നു. അഡീഷനൽ ജില്ലസെഷൻസ്‌ കോടതി (രണ്ട്‌)യിൽ താൽകാലിക ചുമതലയിൽവന്ന ജഡ്‌ജിയാണ്‌ കൃത്യത്തിൽനേരിട്ട്‌ പങ്കെടുത്ത രണ്ട്‌ പേർക്ക്‌ ജാമ്യം അനുവദിച്ചത്‌. മറ്റുപ്രതികൾക്കും ഇതേനിലയിൽ ജാമ്യം നൽകുമെന്നും പ്രചാരണമുണ്ട്‌. പ്രതികൾ പുറത്തിറങ്ങിയാൽ അപായപ്പെടുത്തുമെന്നും ജുഡീഷ്യൽകസ്‌റ്റഡിയിൽ വിചാരണ നടത്തി നീതി ഉറപ്പാക്കണമെന്നും ചീഫ്‌ ജസ്‌റ്റിസിനോട്‌ അഭ്യർഥിച്ചു.

രണ്ട്‌ പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഹരിദാസൻ. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന്‌ കടുത്ത മാനസിക ആഘാതത്തിലാണ്‌ കുടുംബം. ഭർത്താവിന്റെ സഹോദരങ്ങളും താനും കേസിൽ സാക്ഷികളായതിനാൽ പ്രതികളുടെ സഹായികൾ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്‌. പ്രതികൾ പുറത്തിറങ്ങിയാൽ വകവരുത്തുമെന്നാണവർ പറയുന്നത്‌. പ്രതികൾക്ക്‌ ജാമ്യം ലഭിച്ചതോടെ ഭയപ്പാടിലാണ്‌ കുടുംബം കഴിയുന്നത്‌. ഭർത്താവിന്റെ ഘാതകർക്ക്‌ തക്കതായ ശിക്ഷ ഉറപ്പുവരുത്താനും കുടുംബത്തിന്‌ സംരക്ഷണവും നീതിയും ലഭ്യമാക്കാനും ഇടപെടണമെന്നും പരാതിയിൽ അഭ്യർഥിച്ചു.

മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ഫെബ്രുവരി 21ന്‌ പുലർച്ചെ ഒന്നരയോടെ വീട്ടുമുറ്റത്തുവച്ചാണ്‌ ആർഎസ്‌എസ്‌ – ബിജെപി സംഘം വെട്ടിക്കൊന്നത്‌. ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ്‌ കെ ലിജേഷ്‌, സെക്രട്ടറി പ്രതീഷ്‌ എന്ന മൾട്ടി പ്രജി എന്നിവരടക്കം പതിനേഴു പേരാണ്‌ പ്രതികൾ. ഏഴാംപ്രതി നിജിൽദാസിന്‌ ഒളിവിൽകഴിയാൻ സൗകര്യംചെയ്‌ത അണ്ടലൂർ ‘ശ്രീനന്ദന’ത്തിൽ പി രേഷ്‌മ (42)യാണ്‌ പതിനേഴാംപ്രതി.

മൂന്നും നാലും പ്രതികളായ ചാലക്കര മീത്തലെ കേളോത്ത്‌ വീട്ടിൽ ദീപക്‌ എന്ന ഡ്രാഗൺ ദീപു (30), ന്യൂമാഹി ഈയ്യത്തുങ്കാട്‌ പുത്തൻപുരയിൽ‘പുണർത’ത്തിൽ നിഖിൽ എൻ നമ്പ്യാർ (27) എന്നിവർ ഒളിവിലാണ്‌. ഇവർ മാഹി ചാലക്കര, ചെമ്പ്ര എന്നിവിടങ്ങളിലെ ആർഎസ്‌എസ്‌ താവളത്തിലാണ്‌ കഴിയുന്നത്‌. പ്രതികളെ അന്വേഷിച്ചെത്തിയ ന്യൂമാഹി പൊലീസ്‌ സംഘം യാത്രചെയ്‌ത വാഹനത്തിനുനേരെ മാഹി പള്ളൂർ സ്‌റ്റേഷൻഅതിർത്തിയിൽ നിന്ന്‌ ബൊംബെറിഞ്ഞിരുന്നു. ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസിലെ പ്രതികളെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ പാർപ്പിച്ച്‌ വിചാരണ നടത്തണമെന്ന് പ്രോസിക്യൂഷൻ കോടതിയോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ്‌ ജഡ്‌ജി ജാമ്യം അനുവദിച്ചത്‌.

- Advertisment -

Most Popular