Saturday, July 27, 2024
HomeNewshouseഒമിക്രോൺ ബിഎഫ് 7: വ്യാപനശേഷി കൂടുതൽ; രോ​ഗതീവ്രത കുറവ്; ക്രിസ്മസ് അവധിയാഘോഷം ശ്രദ്ധയോടെ വേണം; ആരോഗ്യവകുപ്പിന്റെ...

ഒമിക്രോൺ ബിഎഫ് 7: വ്യാപനശേഷി കൂടുതൽ; രോ​ഗതീവ്രത കുറവ്; ക്രിസ്മസ് അവധിയാഘോഷം ശ്രദ്ധയോടെ വേണം; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്‌

തിരുവനന്തപുരം> ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎഫ് 7 (ബിഎ.5.2.17)ന് ഉയർന്ന വ്യാപനശേഷിയെന്ന് ആരോ​ഗ്യവിദ​ഗ്‌ധർ. എന്നാൽ, അതുവഴിയുണ്ടാകുന്ന രോഗതീവ്രത കുറവായിരിക്കും. വ്യാപന നിരക്ക്‌ ഉയരുന്നതിനാൽ രോഗികളുടെ എണ്ണം കൂടും.    

കോവിഡ് വൈറസുകൾക്ക് പലതവണ മാറ്റം വന്നതുകൊണ്ട് നിലവിലുള്ള വാക്സിനുകൾക്ക് വകഭേദങ്ങളെ പ്രതിരോധിക്കുന്നതിൽ പരിമിതിയുണ്ട്‌. രൂപമാറ്റം സംഭവിക്കുന്തോറും വൈറസിന് ശേഷി കുറഞ്ഞുവരുന്നെന്ന വസ്തുത പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുമുണ്ട്. വാക്സിനെടുത്തവരെ ​രോ​ഗം ബാധിച്ചാൽ പോലും ​ഗുരുതരമാകാനിടയില്ല.

കോവിഡ് വാക്സിന്റെ രണ്ടുഡോസും ബൂസ്റ്റർ ഡോസും സ്വീകരിച്ചുവെന്നത് ഉറപ്പാക്കണമെന്ന് ആരോ​ഗ്യവിദ​ഗ്‌ധർ നിർദേശിച്ചു. സംസ്ഥാനത്ത് ഭൂരിഭാ​​ഗം പേരും വാക്സിനെടുത്തിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷി ഇല്ലാത്തവർ വളരെ കുറവാണ്. എന്നാൽ, മുതിർന്നവരിലും കുട്ടികളിലും ഉൾപ്പെടെ വേ​ഗത്തിൽ രോ​ഗം പകരുന്നതിനാൽ ഇവർ‌ക്ക് കൂടുതൽ കരുതൽ നൽകണമെന്ന് വിദഗ്‌ധർ അറിയിച്ചു. ഇന്ത്യക്കും ചൈനയ്ക്കും പുറമെ അമേരിക്ക, ബ്രിട്ടൻ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഇതിനോടകം ബി എഫ് 7 സ്ഥിരീകരിച്ചിട്ടുണ്ട്.

ലക്ഷണം

സാധാരണ പനിയുടെ ലക്ഷണങ്ങൾക്ക് സമാനമാണ് ബിഎഫ് 7ന്റെ ലക്ഷണങ്ങളും. ജലദോഷം, ചുമ, പനി, കഫം, ശരീരവേദന തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കുറഞ്ഞസമയത്തിൽ കൂടുതലാളുകളിലേക്ക് പകരുമെന്നതിനാൽ പൊതുയിടങ്ങളിൽ മാസ്ക്, സാമൂഹിക അകലം തുടങ്ങിയ മുൻകരുതലുകൾ എടുക്കണം. നിലവിൽ സ്ഥിരീകരിച്ച കേസുകളിലെ രോ​ഗികൾ ​ഗുരുതരാവസ്ഥയിൽ ആയിട്ടില്ല. അതിനാൽ കോവിഡ് മാർ​ഗനിർദേശങ്ങൾ പാലിച്ച് ജാ​ഗ്രത പാലിക്കേണ്ടതാണ്.

പ്രതിരോധ പ്രവർത്തനം ശക്തമാക്കി
 

ജില്ലകൾ പ്രത്യേകം യോഗം ചേർന്ന് പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കി. കേസുകൾ എവിടെയെങ്കിലും കൂടുന്നതായി കണ്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധം ശക്തമാക്കാനും  മന്ത്രി വീണാ ജോർജ്‌ നിർദേശം നൽകി. വെള്ളിയാഴ്ച എല്ലാ ജില്ലയുടെയും പ്രവർത്തനം ആരോഗ്യവകുപ്പ് അവലോകനം ചെയ്യും.

പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതൽ കോവിഡ് സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കും. വിവിധ കോവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിനായി സമ്പൂർണ ജീനോമിക് സർവയലൻസാണ് (ഡബ്ല്യുജിഎസ് ) നടത്തുക.
  ഓരോ ജില്ലയ്ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള ലാബുകളിൽ ജനിതക നിർണയത്തിനായി സാമ്പിളുകൾ അയക്കണം. ഏതെങ്കിലും ജില്ലയിൽ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയാൽ കൃത്യമായി റിപ്പോർട്ട് ചെയ്യണം.  അതനുസരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ളവർക്ക് കോവിഡ് പരിശോധന നടത്തും. കൂടാതെ തീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയുള്ളവർക്കും കോവിഡ് പരിശോധന നടത്തും.

അവധി:  കൂടുതൽ ശ്രദ്ധിക്കണം

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിലും ഇറങ്ങരുത്. മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ പ്രായമായവരോടും കുട്ടികളോടും അടുത്തിടപഴകരുത്. പ്രായമായവർക്കും അനുബന്ധ രോഗമുള്ളവർക്കും കുട്ടികൾക്കും പ്രത്യേക കരുതൽ വേണം. പുറത്തുപോയി വന്നശേഷം സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കണം.

- Advertisment -

Most Popular