തിരുവനന്തപുരം: പൊലീസിന് അമിതാധികാരം നൽകുന്ന വിധം കാപ്പ നിയമത്തിൽ ഭേദഗതിയുമായി പിണറായി സർക്കാർ. പരാതിക്കാർ ഇല്ലാതെ എടുക്കുന്ന കേസും ഇനി മുതൽ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന് (കാപ്പ )പരിഗണിക്കാനാണ് തീരുമാനം. നവംബർ 22 ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വേണു, ഡിജിപി അനിൽ കാന്ത്, ജില്ലാ കളക്ടർമാർ എന്നിവരുടെ യോഗത്തിലാണ് കാപ്പയിൽ ഭേദഗതി വരുത്താനുള്ള തീരുമാനം ഉണ്ടായത്. യോഗത്തിന്റെ മിനിട്ട്സ് പുറത്തുവന്നു
ഏറെ വിവാദം ആയേക്കാവുന്ന വ്യവസ്ഥകൾ ഉൾപ്പെടുന്ന തീരുമാനത്തിലേക്ക് ആണ് ആഭ്യന്തരവകുപ്പ് നടപടി നീങ്ങുന്നത്. സ്വമേധയാ എടുക്കുന്ന കേസുകളിലും കാപ്പ നടപടികൾ പോലീസിന് സ്വീകരിക്കാം എന്നതാണ് വിവാദ നിർദ്ദേശം. കളക്ടർമാർ അധ്യക്ഷനായ സമിതിയാണ് കാപ്പ അറസ്റ്റുകൾക്ക് അനുമതി നൽകുന്നത്. ഇത് മറികടക്കുന്നതാണ് പുതിയ നിർദ്ദേശം.
ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ഡിജിപി, ജില്ലാ കളക്ടർമാർ എന്നിവർ ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഈ വർഷം 734 കാപ്പ അറസ്റ്റുകൾക്ക് അനുമതി തേടിയതിൽ കളക്ടർമാർ അനുവദിച്ചത് 245 എണ്ണം മാത്രമായിരുന്നു. അറസ്റ്റുകൾ സാധിക്കാത്തതിൽ ജില്ലാ പൊലീസ് മേധാവിമാർ നേരത്തെ ഡിജിപിയെ പരാതി അറിയിച്ചിരുന്നു. പുതിയ തീരുമാനപ്രകാരം ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ എടുത്ത കേസുകളിൽ കാപ്പ പ്രകാരം തടങ്കലിൽ വയ്ക്കാം.
രാഷ്ട്രീയ സ്വഭാവമുള്ളതെങ്കിലും ഐപിസി പ്രകാരം ഗുരുതര കുറ്റകൃത്യമാണെങ്കിൽ കാപ്പ ചുമത്താം. ഇതും വിവാദമായേക്കാവുന്ന തീരുമാനമാണ്. രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടായാൽ എതിർചേരികളിൽ പെട്ടവരെ ഏകപക്ഷീയമായി കാപ്പാ കേസുകളിൽ പെടുത്തുമെന്നാണ് വിമർശനം.
അതേസമയം ശക്തമായി വിമർശിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ രംഗത്തെത്തി. പൊലീസിന് അമിതാധികാരം നൽകിയാൽ കടുത്ത പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് സതീശൻ മുന്നറിയിപ്പ്നൽകി.