Thursday, November 21, 2024
HomeNewshouseതരൂര്‍ ഊന്നുവടിയുമായി പാര്‍ലമെന്റില്‍; വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചോദ്യോത്തരവേളയ്‌ക്കെത്തി, ഉന്നയിച്ചത് കേരളത്തിന്റെ പ്രശ്‌നം

തരൂര്‍ ഊന്നുവടിയുമായി പാര്‍ലമെന്റില്‍; വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചോദ്യോത്തരവേളയ്‌ക്കെത്തി, ഉന്നയിച്ചത് കേരളത്തിന്റെ പ്രശ്‌നം

ന്യൂഡൽഹി: പാർലമെന്റിന്റെ പടവുകളിൽ തട്ടി കഴിഞ്ഞദിവസം കാലിന് പരിക്കേറ്റ കോൺഗ്രസ് അംഗം ശശി തരൂർ തിങ്കളാഴ്ച ഊന്നുവടിയുടെ സഹായത്തോടെ ലോക്‌സഭയിലെത്തി. പരിക്കേറ്റതിൻറെ അസ്വസ്ഥതകൾ മുഴുവനായി മാറാത്തതിനാൽ ചോദ്യോത്തരവേളയിൽ മാത്രം പങ്കെടുത്ത് മടങ്ങി. വ്യവസായരംഗത്തെ ആവശ്യങ്ങൾക്കനുസരിച്ചുള്ള നൈപുണ്യവികസന പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ കൈവശമുണ്ടോയെന്ന ചോദ്യമാണ് തരൂർ ഉന്നയിച്ചത്.
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മ പ്രശ്നവും അദ്ദേഹം ചൂണ്ടിക്കാട്ടി.. വ്യാഴാഴ്ചയാണ് പാർലമെന്റ് മന്ദിരത്തിലേക്ക് നടക്കുന്നതിനിടെ പടവുകളിൽ കാൽതെന്നി തരൂരിന് പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയ വിവരം അദ്ദേഹംതന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വെള്ളിയാഴ്ച അദ്ദേഹം പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തില്ല.. കേരളത്തിൽ 19-23 വയസ്സുള്ള അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പ്രശ്നമാണെന്നും കേന്ദ്ര സർക്കാരിന്റെ നൈപുണ്യവികസന പരിപാടിയിലൂടെ സഹായം നൽകാൻ കഴിയണമെന്നും തരൂർ പറഞ്ഞു.

വ്യവസായമേഖല ആവശ്യപ്പെടുന്ന നൈപുണ്യ വികസന പരിപാടി സർക്കാരിനുണ്ടോയെന്ന് തരൂർ ചോദിച്ചു. വ്യവസായ രംഗത്തെ ആവശ്യങ്ങൾക്കനുയോജ്യമായ നൈപുണ്യ വികസന പദ്ധതിയാണ് കേന്ദ്രം വികസിപ്പിച്ചിട്ടുള്ളതെന്ന് നൈപുണ്യ വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വ്യവസായങ്ങൾക്കും നൈപുണ്യത്തിനും ഇടയിൽ പാലമായി പ്രവർത്തിക്കുന്ന മേഖലാ നൈപുണ്യ കൗൺസിലുകളുമായി കൂടിയാലോചിച്ചാണ് ഈ പദ്ധതികൾക്ക് രൂപംനൽകിയതെന്നും മന്ത്രി പറഞ്ഞു. 

- Advertisment -

Most Popular