Saturday, July 27, 2024
HomeNewshouseരാഷ്ട്രീയ അഴിമതിക്കേസുകള്‍ക്ക് വേണ്ടി സമരം ചെയ്ത് ക്ഷിണീക്കേണ്ടതില്ല; കര്‍ണാടകയെ മാതൃകയാക്കാന്‍ കേരള ബിജെപി; ഹലാല്‍ മുതല്‍...

രാഷ്ട്രീയ അഴിമതിക്കേസുകള്‍ക്ക് വേണ്ടി സമരം ചെയ്ത് ക്ഷിണീക്കേണ്ടതില്ല; കര്‍ണാടകയെ മാതൃകയാക്കാന്‍ കേരള ബിജെപി; ഹലാല്‍ മുതല്‍ ഹിജാബ് വരെ ഉയര്‍ത്തിക്കൊണ്ടുവരും

ബിജെപി കേരള നേതൃത്വം ശൈലീമാറ്റത്തിന് ഒരുങ്ങുന്നു. സ്ഥിരം സമരപരിപാടികളും മുദ്രാവാക്യങ്ങളും മാറ്റിപ്പിടിക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് പാര്‍ട്ടി നീക്കം. അഴിമതി, കെടുകാര്യസ്ഥത, സര്‍ക്കാരിന്റെ ചുവപ്പുനാട നയങ്ങള്‍ തുടങ്ങിയ പരമ്പരാഗത മുദ്രാവാക്യങ്ങള്‍ ഒഴിവാക്കിയുള്ള അജണ്ടകള്‍ മുന്‍നിര്‍ത്തിയുള്ള സമരപരിപാടികള്‍ പേരിന് മാത്രമാക്കുകയും കൂടുതല്‍ ജനശ്രദ്ധ നേടുന്ന വിധത്തില്‍ മത, വിശ്വാസപ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുക എന്നതാണ് പുതിയ നയം. കര്‍ണാടകയില്‍ ഹിജാബ്, ഹലാല്‍, മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പ്രതിഷേധസമരങ്ങള്‍ വിജയകരമായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിലും ഇതു നടപ്പാക്കാനാണ് നീക്കം.

കര്‍ണാടക മോഡല്‍ മതവിഷയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിച്ച് ശ്രദ്ധനേടാന്‍ പാര്‍ട്ടിക്ക് കഴിയുമെന്ന് ഒരു പ്രമുഖ ബിജെപി നേതാവ് ന്യൂസ് അറ്റ് ഹൗസിനോട് പറഞ്ഞു.

രാഷ്ട്രീയ, അഴിമതി പ്രശ്‌നങ്ങള്‍ മാത്രം ഏറ്റെടുത്ത് സമരം ചെയ്യുന്നത് ക്ലച്ച് പിടിക്കുന്നില്ലെന്നും മതവര്‍ഗീയ വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീക്കണമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കേന്ദ്രനേതൃത്വവും ഇത്തരത്തിലുള്ള നിര്‍ദേശം പാര്‍ട്ടിക്ക് നല്‍കിയിരുന്നു.

പരമ്പരാഗതമായ സമരരീതികളും ഇടപെടല്‍ ശൈലികളും മാറ്റുന്നതോടൊപ്പം ജനങ്ങളുടെ ശ്രദ്ധ ലഭിക്കുന്ന പതിവ് രാഷ്ട്രീയ വിഷയങ്ങള്‍ ഉപേക്ഷിച്ച് ബിജെപിയുടെ ദേശീയ നയത്തിന്റെഭാഗമായുള്ള നയം സ്വീകരിക്കണമെന്നാണ് നിര്‍ദേശം. അതുപ്രകാരം മത, വര്‍ഗീയ വിഷയങ്ങള്‍ നിരന്തരം ഉയര്‍ത്തിക്കൊണ്ടുവരികയും ഹിന്ദുവിഭാഗത്തെ മുഴുവനായും ഏകീകരിക്കാനുതകുന്ന മുദ്രാവാക്യങ്ങള്‍ കൊണ്ടുവരികയും വേണം. അതിന്റെ അടിസ്ഥാനത്തില്‍ ഹലാല്‍, ഹിജാബ്, ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.

കര്‍ണാടകത്തില്‍ സമീപകാലത്ത് കൈക്കൊണ്ട നടപടികളുടെ തുടര്‍ച്ചയെന്നോണം കേരളനേതൃതം അജണ്ട തയാറാക്കി ഉടന്‍ രംഗത്തിറങ്ങും.

- Advertisment -

Most Popular