ദില്ലി: വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വ്യോമയാന മേഖല പ്രവര്‍ത്തിക്കുന്നത് സീസണ്‍ അനുസരിച്ചാണെന്ന് മന്ത്രി കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കി. ഉത്സവ കാലത്ത് വിമാന നിരക്ക് കൂടുന്നത് സ്വാഭാവികമാണെന്നും കോവിഡ് കാലത്ത് വലിയ നഷ്ടം സഹിച്ച മേഖലയാണ് വ്യോമയാന മേഖലയെന്നും പറഞ്ഞ കേന്ദ്രമന്ത്രി, യാത്രകള്‍ക്ക് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താല്‍ കുറഞ്ഞ നിരക്കില്‍ വിമാനയാത്ര സാധ്യമാകുമെന്നും പറഞ്ഞു.
അവധിക്കാലത്തെ യാത്രക്കാരുടെ എണ്ണക്കൂടുതല്‍ മുന്‍കൂട്ടി കണ്ടാണ് വിമാനക്കമ്പനികള്‍ പതിവ് കൊള്ളയ്ക്ക് ഇറങ്ങിയിരിക്കുന്നത്. അഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയായിരുന്നു. ക്രിസ്തുമസിന് തലേന്ന് ഇത് ആറിരട്ടിയിലധികമാണ്. ക്രിസ്തുമസ് അവധിക്ക് നാട്ടിലേക്ക് പോകാന്‍ കൂടുതല്‍ പേര്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് ഉയര്‍ന്ന നിരക്കുകള്‍ ഏര്‍പ്പെടുത്തിയത്.