Saturday, July 27, 2024
HomeNewshouseവായ്ക്കുരവ മാത്രം പോര, നായര്‍ വിവാഹത്തിന് ഇനി എം.ജയചന്ദ്രന്റെ പാട്ട്, കല്യാണത്തിന് മുമ്പ് ഹരിനാരായണന്‍ എഴുതിയ...

വായ്ക്കുരവ മാത്രം പോര, നായര്‍ വിവാഹത്തിന് ഇനി എം.ജയചന്ദ്രന്റെ പാട്ട്, കല്യാണത്തിന് മുമ്പ് ഹരിനാരായണന്‍ എഴുതിയ പ്രാര്‍ത്ഥന ചൊല്ലും, ഐഡിയ ഗണേഷ്‌കുമാറിന്റേത്

നായര്‍ സമുദായാംഗങ്ങളുടെ വിവാഹത്തിന് ഇനി വായ്ക്കുരവ മാത്രം പോരെന്ന് പ്രഖ്യാപിച്ച് വിവാഹമംഗള പ്രാര്‍ത്ഥനാഗീതം ഒരുക്കിയിരിക്കുകയാണ് പത്തനാപുരം എന്‍എസ്എസ് കരയോഗം യൂണിയന്‍. മുന്‍ മന്ത്രിയും എല്‍ഡിഎഫ് എംഎല്‍എയുമായ കെബി ഗണേഷ്‌കുമാര്‍ പ്രസിഡന്റായ യൂണിയന്റെ ദീര്‍ഘവും ആഴത്തിലുള്ളതുമായ ആലോചനയുടെ ഫലമാണ് പ്രാര്‍ത്ഥനാഗീതം.
സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍ ഈണമിട്ട പാട്ടിന് വരികളെഴുതിയത് ബി.കെ.ഹരിനാരായണനാണ്. 148 കരയോഗങ്ങള്‍ ഉള്ള പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ ആയിരക്കണക്കിന് സമുദായാംഗങ്ങള്‍ക്ക് പ്രാര്‍ത്ഥനാ ഗീതം ചൊല്ലിക്കൊടുത്തു.

വിഘ്‌നേശ്വരം ഗുരുവും ആദിത്യന്‍ അഗ്നിയും വാണിയും ബ്രഹ്‌മനും തുണയേകണം സുമൂഹര്‍ത്തമാകേണമീ മംഗളം, സദ്ഗുരുശുഭതീര്‍ത്ഥമാകട്ടെ ജയമംഗളം എന്ന് തുടങ്ങുന്ന ഗാനം ഇനി എല്ലാ സമുദായാംഗങ്ങളും വിവാഹച്ചടങ്ങില്‍ ആലപിക്കണമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.

നായര്‍സമുദായത്തിന്റെ വിവാഹത്തിന് മാത്രമായി ഒരുക്കിയ ഗാനമാണിതെന്ന് എം.ജയചന്ദ്രന്‍ യോഗത്തില്‍ വിശദീകരിച്ചു. ഇതരസമുദായങ്ങള്‍ക്ക് വിവാഹത്തിന് പ്രാര്‍ത്ഥനാഗീതങ്ങളുണ്ടെന്നും അതിനാലാണ് വായ്ക്കുരവമാത്രം പോര ഗീതം വേണമെന്ന് തീരുമാനിച്ചതെന്നും ജയചന്ദ്രന്‍ പറഞ്ഞു. ആചാരക്രമങ്ങളെ കുറിച്ച് ആഴത്തില്‍ പഠനം നടത്തിയാണത്രെ ഗീതം ഒരുക്കാന്‍ തീരുമാനിച്ചത്.

പ്രതിഫലം വാങ്ങാതെ സമുദായപ്രവര്‍ത്തനമായി കണ്ടാണ് ജയചന്ദ്രനും ഹരിനാരായണനും ഗാനമൊരുക്കിയതെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു. സമുദായാംഗങ്ങള്‍ക്കിടിയില്‍ ഗീതം വ്യാപകമായി പ്രചരിപ്പിക്കും.

ഗാനരചയിതാവിനെയും സംഗീതസംവിധായകനെയും യൂണിയന്‍ ആദരിച്ചു. സിഡി പ്രകാശനം അശോക് ബി.വിക്രമന് നല്‍കി കെ.ബിഗണേഷ്‌കുമാര്‍ നിര്‍വഹിച്ചു.

എന്‍എസ്എസ് നേതൃത്വത്തിന്റെ അനുമതിയോടെയാണ് പരിപാടിയെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.

- Advertisment -

Most Popular