Friday, November 22, 2024
HomeNewshouseലൈഫ് പദ്ധതി; കോട്ടയത്ത്‌ 4030 കുടുംബങ്ങൾക്ക് കൂടി തണലൊരുങ്ങുന്നു

ലൈഫ് പദ്ധതി; കോട്ടയത്ത്‌ 4030 കുടുംബങ്ങൾക്ക് കൂടി തണലൊരുങ്ങുന്നു

കോട്ടയം > ‘ലൈഫ് 2020′ ജില്ലയിൽ ആദ്യഘട്ടത്തിൽ 4030 കുടുംബങ്ങൾക്ക്. അന്തിമ ഗുണഭോക്തൃപട്ടികയിൽ നിന്നുള്ള ഈ  കുടുംബങ്ങൾ ഈ വർഷം ഭവന നിർമാണ കരാർ വയ്‌ക്കും. 25നകം കരാർ വയ്ക്കാനാണ്‌ നിർദേശം. പട്ടിക ജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽപ്പെട്ടവർക്കും അതിദാരിദ്ര്യ നിർണയ സർവെയിയിലൂടെ കണ്ടെത്തിയ ഗുണഭോക്താക്കളിൽ വീടില്ലാത്തവർക്കുമാണ് മുൻഗണന. 2023 മാർച്ച് 31നകം പരമാവധി വീടുകളുടെ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ലൈഫ് മിഷൻ ജില്ലാ–- കോർഡിനേറ്റർ ഷറഫ് പി  ഹംസ പറഞ്ഞു. ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തിൽ 17,309 പേരും ഭൂരഹിത – ഭവന രഹിതരുടെ വിഭാഗത്തിൽ 11466 പേരുമായി 28775 പേരാണ് അന്തിമപട്ടികയിൽ ഇടം നേടിയിട്ടുള്ളത്.

ഇവർക്കുള്ള വീടുകൾ ഘട്ടംഘട്ടമായി വിതരണം ചെയ്യും. 2017 – 18ൽ ലൈഫ് പദ്ധതി ആരംഭിച്ചത് മുതൽ 12,073 വീടുകളാണ് ജില്ലയിൽ ഇത് വരെ നിർമിച്ചത്. 1170 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. 2017 ലെ ഭൂരഹിത, ഭവന രഹിതരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കായി ലൈഫ് മിഷൻ നിർമിച്ചു നൽകുന്ന ഭവനസമുച്ചയത്തിന്റെ നിർമാണം – പള്ളം ബ്ലോക്ക് പഞ്ചായത്തിലെ വിജയപുരം പഞ്ചായത്ത് ചെമ്പോല കോളനിയിൽ അവസാനഘട്ടത്തിലാണ്.

‘മനസോടിത്തിരി മണ്ണ്’ എന്ന ക്യാമ്പയിനിലൂടെ വെള്ളൂർ തോന്നല്ലൂരിലെ ഡോ. ബി ആർ രാജലക്ഷ്‌മി, സഹോദരൻ ആർ ബി ബാബു എന്നിവർ മാതാപിതാക്കളുടെ സ്മരണാർഥം നൽകിയ 65.084 സെന്റിൽ ഭൂരഹിതരായ ഗുണഭോക്താക്കൾക്കായി 13 വീടുകളുടെ നിർമാണവും പൂർത്തിയാകാറായി. ജനുവരിയിൽ  ഈ വീടുകൾ കൈമാറും.

- Advertisment -

Most Popular