കെപിഎസി സുലോചന എന്ന ഗായികയും നടിയും കടന്നുപോയ വഴികള്‍ കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെ പാത തന്നെയായിരുന്നു. കേരളസമൂഹത്തിന്റെ പരിവര്‍ത്തനോന്മുഖമായ ഒരുകാലത്തെ അടയാളപ്പെടുത്തിയ കെപിഎസി സുലോചനയുടെ ജീവിതം അടയാളപ്പെടുത്തിയ പുസ്തകമാണ് രാജീവ് പുലിയൂര്‍ എഴുതിയ പൊന്നരിവാള്‍ അമ്പിളിയില്‍ എന്ന പുസ്തകം. ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ കവര്‍ എഴുത്തുകാരന്‍ ബെന്യാമിന്‍ പ്രകാശനം ചെയ്തു. കവര്‍പ്രകാശനം ചെയ്തുകൊണ്ട് ഫെയ്‌സ്ബുക്കില്‍ ബെന്യാമിന്‍ എഴുതിയ കുറിപ്പില്‍ നാടകം എന്നകലയുടെ ചരിത്രാത്മക ഇടപെടലില്‍ സുലോചന വഹിച്ച പങ്ക് എടുത്തുപറഞ്ഞു.
ബെന്യാമിന്റെ കുറിപ്പ് താഴെ.
നമ്മുടെ സാംസ്‌കാരിക ലോകം മറന്നുപോകാൻ പാടില്ലാത്ത ഒന്നാണ് കെ പി എ സി കാലം. നാടകം എന്ന കല ചരിത്രത്തിൽ ഇടപെട്ട കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ അതിലെ ഓരോ അംഗങ്ങളുടെ ജീവിതവും പിൽക്കാലത്ത് ചരിത്രത്തിന്റെ ഭാഗമായി. അവരിൽ പ്രമുഖയാണ് നടിയും ഗായികയുമായ കെ പി എ സി സുലോചന. അവരുടെ ജീവിതം അടയാളപ്പെടുത്ത ഒരു പുസ്തകം വരുന്നു. രാജീവ് പുലിയൂർ എഴുതിയ ‘പൊന്നരിവാൾ അമ്പിളിയിൽ’ ചിന്തയാണ് പ്രസാധകർ. നാടക പ്രസ്ഥാനത്തിന്റെ ചരിത്രം അന്വേഷിക്കുന്നവർ നിശ്ചയമായും സ്വന്തമാക്കേണ്ടുന്ന ഈ പുസ്തകത്തിന്റെ കവർ സന്തോഷത്തോടെ ഇവിടെ പ്രകാശിപ്പിച്ചുകൊള്ളുന്നു.