തിരുവനന്തപുരം-പണ്ടേ ബിജെപി കേരളഘടകത്തിന്റെ എതിര്‍പ്പുണ്ടായിരുന്ന സിവി ആനന്ദബോസ് ബംഗാള്‍ ഗവര്‍ണറായത് ഇരുട്ടടിയായിരുന്നു. ഗവര്‍ണറായതിന് ശേഷം കേരളസന്ദര്‍ശനത്തിനെത്തിയ ആനന്ദബോസിന് ബിജെപി കേരളഘടകം ചെക്ക് വച്ചു. വി മുരളീധരനാണ് ആദ്യം ഇടപെട്ടത്. പന്ത്രണ്ടോളം പരിപാടികളുമായി കേരളത്തിലെത്തിയ ആനന്ദബോസ് മുരളീധരനെ ഔദ്യോഗികമായി പരിപാടികള്‍ അറിയിച്ചില്ലെന്ന് കാട്ടി മുരളീധരന്‍ഗ്രൂപ്പ് എതിര്‍പ്പുയര്‍ത്തി. പിന്നാലെ മറ്റുള്ള പരിപാടികള്‍ക്കും എതിര്‍പ്പായി. അങ്ങനെ ബിജെപിയിലെ ഗ്രൂപ്പ് പോരിനെത്തുടർന്ന് പൗരസ്വീകരണവും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയടക്കം വിവിധ പരിപാടികൾ റദ്ദാക്കി ബംഗാൾ ഗവർണർ സി വി ആനന്ദബോസ് ഡൽഹിയിലേക്ക് മടങ്ങി. തിരുവനന്തപുരത്തെ പരിപാടികൾ തന്നെ അറിയിക്കാത്തതിന്റെ പേരിൽ കേന്ദ്ര മന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലാണ് ആദ്യം എതിർപ്പുയർത്തിയത്.
കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇതേറ്റുപിടിച്ച് ചില പരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്ന് ആനന്ദബോസിനെ വിലക്കി. തർക്കം രൂക്ഷമായതോടെ ഒന്നിനും ഇല്ലെന്നു പറഞ്ഞ് ബംഗാൾ ഗവർണർ മടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച, കോവളത്ത് നടക്കുന്ന കാലാവസ്ഥ–-പരിസ്ഥിതി സമ്മേളനത്തിൽ പ്രസംഗം, ചട്ടമ്പി സ്മാരക സന്ദർശനം, കേരള ഗവർണറെ സന്ദർശിക്കൽ, ക്രൈസ്തവ സഭകളുടെ വിശ്വാസ സംഗമം തുടങ്ങിയവ കൂടാതെ തിരുവനന്തപുരത്ത് പൗരസ്വീകരണവും സംഘടിപ്പിച്ചിരുന്നു. കൊല്ലത്ത് സ്വീകരണവും ഗുരുവായൂർ സന്ദർശനമടക്കം പന്ത്രണ്ടോളം ഔദ്യോഗിക പരിപാടികളാണ് റദ്ദാക്കിയത്. അഞ്ചിന് കേരളത്തിലെത്തിയ അദ്ദേഹം 12നാണ് മടങ്ങേണ്ടിയിരുന്നത്. മുരളീധരന് മേൽക്കൈയുള്ള നിലവിലെ സംസ്ഥാന നേതൃത്വം കഴിവുകെട്ടവരാണെന്നും ഗ്രൂപ്പ് പോരാണ് തുടർച്ചയായ പരാജയങ്ങളുടെ കാരണമെന്നും കാണിച്ച് കേന്ദ്ര നേതൃത്വത്തിന് ആനന്ദബോസ് റിപ്പോർട്ട് നൽകിയിരുന്നു. പല സുപ്രധാന ഉത്തരവാദിത്വങ്ങളും നരേന്ദ്ര മോദിയും അമിത് ഷായും വിശ്വസിച്ച് ഏൽപ്പിക്കുന്നതും ആനന്ദബോസിനെയാണ്. ഗവർണറായശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹത്തെ നെടുമ്പാശേരിയിൽ സ്വീകരിക്കാൻ പോകേണ്ടെന്ന് സുരേന്ദ്രൻ വിഭാഗക്കാർ തിരുമാനിച്ചിരുന്നു. അതേ സമയം നേരത്തെ നിശ്‌ചയിച്ച ഒരു ഉന്നത കൂടിക്കാഴ്‌ചക്ക് അനുമതി കിട്ടിയത് കൊണ്ടാണ് താൻ മടങ്ങിയതെന്നാണ് ആനന്ദബോസിന്റെ വിശദീകരണം.