Saturday, July 27, 2024
Homeഎണ്ണക്കമ്പനികള്‍ക്ക് പിന്നാലെ മൊബൈല്‍ കമ്പനികളുടെ ഊഴമാരംഭിച്ചു; എയര്‍ടെല്ലിന് പിന്നാലെ ഐഡിയയും നിരക്കുകൂട്ടി
Array

എണ്ണക്കമ്പനികള്‍ക്ക് പിന്നാലെ മൊബൈല്‍ കമ്പനികളുടെ ഊഴമാരംഭിച്ചു; എയര്‍ടെല്ലിന് പിന്നാലെ ഐഡിയയും നിരക്കുകൂട്ടി

ന്യൂഡല്‍ഹി
ഭാരതി എയര്‍ടെല്ലിന് പിന്നാലെ വോഡാഫോൺ ഐഡിയയും (വിഐ)  മൊബൈല്‍ഫോണ്‍ നിരക്കും ഇന്റര്‍നെറ്റ് സേവനനിരക്കും കുത്തനെ ഉയര്‍ത്തി.
കേന്ദ്രസര്‍ക്കാര്‍ ബിഎസ്എന്‍എല്ലിന് ശവക്കുഴി തോണ്ടുമ്പോഴാണ്‌ രാജ്യത്തെ സ്വകാര്യ ടെലകോം കമ്പനികള്‍ നിരക്ക്‌ കൂട്ടി കൊള്ളയടിക്ക്‌ തുടക്കമിട്ടത്‌. മൊബൈല്‍നിരക്ക് കുത്തനെ കൂട്ടുന്നത്  2019ന് ശേഷം ആദ്യം.

പ്രീപെയ്ഡ് നിരക്ക് 20 മുതല്‍ 25 ശതമാനംവരെയും ടോപ്പ് അപ് നിരക്ക് 19 മുതല്‍ 21 ശതമാനംവരെയും വിഐ കൂട്ടി.  വ്യാഴംമുതൽ വര്‍ധന പ്രാബല്യത്തിൽ വരും. ഇതോടെ വിഐയുടെ 28 ദിവസം കാലാവധിയുള്ള 79 രൂപയുടെ അടിസ്ഥാന പ്ലാനിന്‌ 99 രൂപയാകും. 365 ദിവസത്തെ ഡാറ്റയും കോളും ഉൾപ്പെട്ട 2,358 രൂപയുടെ പ്ലാനിന്‌ 2,899 രൂപയാകും.

ഭാരതി എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് 20 മുതല്‍ 25 ശതമാനംവരെയാണ് കഴിഞ്ഞദിവസം നിരക്ക് വര്‍ധിപ്പിച്ചത്. സൗജന്യ നിരക്കുമായി ഇന്ത്യന്‍ വിപണി പിടിച്ച റിലയന്‍സ് ജിയോയും  നിരക്ക് വര്‍ധിപ്പിച്ചേക്കും. കോവിഡ് മഹാമാരിക്കാലത്ത്  നഷ്ടംവന്നില്ലെന്ന് മാത്രമല്ല വളര്‍ച്ചരേഖപ്പെടുത്തുകയും ചെയ്ത സ്വകാര്യടെലകോം മേഖലക്ക് പ്രത്യേകരക്ഷാപാക്കേജും ഇളവുകളും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

കുറഞ്ഞനിരക്കില്‍ ടെലകോംസേവനം ഒരുക്കുന്ന ബിഎസ്എന്‍എല്ലിന് സ്വകാര്യകമ്പനികളുമായി നിലവില്‍ മത്സരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്പെക്ട്രം അനുവദിക്കുന്നതിലടക്കം റിലയന്‍സ് ഉൾപ്പെടെയുള്ള കോര്‍പ്പറേറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രനയങ്ങളാണ്  പൊതുമേഖലാസ്ഥാപനത്തെ തകര്‍ത്തത്. ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും (മഹാന​ഗര്‍ ടെലകോം ലിമിറ്റഡ്)  ഭൂസ്വത്ത് വിറ്റഴിക്കാൻ കഴിഞ്ഞദിവസം കേന്ദ്രം നടപടി ആരംഭിച്ചു.

- Advertisment -

Most Popular