കോഴിക്കോട്: സംസ്ഥാനത്തെ പാര്‍ട്ടി പുനഃസംഘടന ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.പ്രവര്‍ത്തകരുടേയും എക്‌സിക്യൂട്ടീവിന്റേയും ഡിസിസി പ്രസിഡന്റുമാരുടേയും വികാരം മാനിച്ചാണ് പുനഃസംഘടന നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവെന്ന് കരുതി പുനഃസംഘടന നടത്താതിരുന്നാല്‍ അത് പ്രവര്‍ത്തനത്തെ മോശമായി ബാധിക്കും.പുതിയ ഡിസിസി പ്രസിഡന്റുമാര്‍ ചുമതലയേറ്റ സ്ഥലങ്ങളില്‍ പലയിടത്തും 120 മുതല്‍ 150 വരെ ഭാരവാഹികളാണുള്ളത്.
പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് സോണിയ ഗാന്ധിയെ കാണുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സതീശന്റെ പ്രതികരണം. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന വേണ്ടെന്ന നിലപാടാണ് ഗ്രൂപ്പുകള്‍ക്കുള്ളതെന്നും അദ്ദേഹം അറിയിച്ചു.
ഉമ്മന്‍ചാണ്ടി പുനസ്സംഘടനയില്‍ അതൃപ്തി അറിയിച്ച് ഹൈക്കമാന്റിനെ കണ്ടതിനെ തുടര്‍ന്നാണ് സതീശന്റെ നിലപാട് പ്രഖ്യാപനം. ആര് എതിര്‍ത്താലും പുനസ്സംഘടനയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സുധാകരന്റെയും സതീശന്റെയും തീരുമാനമെന്നാണ് വിവരം.