Thursday, March 28, 2024
HomeBook houseപരിഭാഷയെന്നാല്‍ അതിരുകളില്ലാത്ത വഞ്ചനയാണ് ഡേവിഡ് ദിയോപ് വഴി മങ്ങാട് രത്‌നാകരന്റെ ഒരു വഞ്ചന; വായനയുടെ ലഹരി...

പരിഭാഷയെന്നാല്‍ അതിരുകളില്ലാത്ത വഞ്ചനയാണ് ഡേവിഡ് ദിയോപ് വഴി മങ്ങാട് രത്‌നാകരന്റെ ഒരു വഞ്ചന; വായനയുടെ ലഹരി പടര്‍ത്താന്‍ ‘രാത്രിയില്‍ എല്ലാ രക്തത്തിനും നിറം കറുപ്പ്’

ശിവകുമാര്‍.ആര്‍.പി

‘പരിഭാഷ ചെയ്യുക ഒരിക്കലും ലളിതമല്ല. പരിഭാഷയെന്നാല്‍ അതിരുകളിലുള്ള വഞ്ചനയാണ്. അതൊരു കള്ളക്കളിയാണ്. ഒരു വാക്യത്തിനു മറ്റൊരു വാക്യം വച്ചു മാറലാണ്. പരിഭാഷയെന്നാല്‍ ആത്യന്തിക സത്യം അനുഭവിപ്പിക്കാനായി വിശദാംശങ്ങളില്‍ നുണ പറയേണ്ടിവരുന്ന ഒരേയൊരു മനുഷ്യവ്യാപാരമാണ്. ഒരു വാക്കിന്റെ സത്യം ഏകമല്ലെന്നും അതു രണ്ടോമൂന്നോ നാലോ അഞ്ചോ അര്‍ത്ഥതലങ്ങളുള്ളതാണെന്നും മറ്റാരെക്കാളും നന്നായി മനസ്സിലാക്കുകയാണു പരിഭാഷാ കര്‍മ്മത്തിലെ അപകടസന്ധി. പരിഭാഷ ചെയ്യുകയെന്നാല്‍ എല്ലാവരും മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതുപോലെ അദ്വിതീയമായ ദൈവസത്യത്തില്‍നിന്നുള്ള അകന്നു നില്‍ക്കലാണ്.”
ഡേവിഡ് ദിയോപ് ഫ്രെഞ്ചിലെഴുതുകയും അന്ന മോസ്‌കോവാകിസ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുകയും മാങ്ങാട് രത്‌നാകരന്‍ വഴി മലയാളത്തിലെത്തുകയും ചെയ്ത, 2021 ലെ ബുക്കര്‍ സമ്മാനം നേടിയ നോവലിലെ ഇരുപത്തിനാലാം അദ്ധ്യായത്തിലെ ഒരു ഖണ്ഡമാണ് മേല്‍ കൊടുത്തത്. തന്റെ ഇരട്ടത്തത്തെ ആല്‍ഫാ ദിയായെ പരിഭാഷപ്പെടുത്തുന്ന സന്ദര്‍ഭമാണത്. ആ മൊഴിമാറ്റം ‘കേള്‍ക്കുന്നവര്‍ക്ക്’ മനസ്സിലാകുന്നില്ല. ‘എന്താണയാള്‍ പറയുന്നത് ?’ എന്നാണ് അവരു ചോദിക്കുന്നത്. പരിഭാഷകന്‍ ഒന്നുകൂടി അതിന്റെ സംഗ്രഹിച്ചു പുനരാഖ്യാനം ചെയ്തു : ”അയാള്‍ പറയുന്നത് അയാള്‍ മരണവും ജീവിതവുമാകുന്നു എന്നാണ്”.
അല്‍ഫാ ദിയായെ എന്ന സെനഗളില്‍നിന്നുള്ള ഫ്രഞ്ചു സൈനികന്റെ നിലയ്ക്കാതെ ഒഴുകുന്ന ചിന്തകളാണ് ഡേവിഡ് ദിയോപിന്റെ ‘രാത്രിയില്‍ എല്ലാ രക്തത്തിനും നിറം കറുപ്പ്’ എന്ന 144 പേജുകളുള്ള നോവലിന്റെ അടിസ്ഥാനം. ‘ദൈവത്താണെ സത്യം’ എന്ന് നിരന്തരം ആവര്‍ത്തിച്ചുകൊണ്ട് നിര്‍ത്താതെ ചിലമ്പുന്ന ആ വാക്കുകളില്‍ ഉത്കണ്ഠാകുലവും ഭ്രമാത്മകവുമായ ഒരു മനസ്സിന്റെ ശക്തമായ സാന്നിദ്ധ്യം ഉണ്ട്. അല്‍ഫാ ദിയായെ, മാദെംബ ദിയോപ് എന്നീ രണ്ടു കൂട്ടുകാരുടെ കഥ പറയുന്ന പുസ്തകത്തിന്റെ ശരിക്കുള്ള പേര് ‘ആത്മീയ സോദരന്‍’ എന്നായിരുന്നത്രേ. അതുകൊണ്ട് നോവലിസ്റ്റ് ഉദ്ദേശിക്കുന്ന താളവും ശ്ലേഷവും ഇംഗ്ലീഷില്‍ ലഭ്യമല്ലെന്നു കണ്ടിട്ട് വിവര്‍ത്തക അന്ന മോസ്‌കോവാകിസ്, കൊടുത്ത പേരാണ്, ‘രാത്രിയില്‍ എല്ലാ രക്തത്തിനും നിറം കറുപ്പ്”.

ആല്‍ഫാ ദിയായെ ജര്‍മ്മന്‍കാരനായ ഒരു ശത്രു സൈനികനെ ‘വൃത്തിയില്‍ മനുഷ്യത്വത്തോടെ’ കഴുത്തറുത്തതിനെപ്പറ്റി ചിന്തിക്കുന്ന, മൂന്നാം അദ്ധ്യായത്തിലെ അവസാനവാക്യമാണത്. ആത്മീയ സോദരന്‍ എന്നും സഹപോരാളിയെന്നും അര്‍ത്ഥം പറയാവുന്ന ഫ്രഞ്ചു ശീര്‍ഷകം മാറ്റി വിവര്‍ത്തക ‘ഇരുട്ടില്‍ രക്തനിറത്തിനു വരുന്ന മാറ്റത്തിനു’ ഊന്നല്‍ നല്‍കിയപ്പോള്‍ അത് യുദ്ധം, മനുഷ്യത്വം, ഒറ്റപ്പെടല്‍, ജീവിതാസക്തി എന്നിങ്ങനെ രാഷ്ട്രാന്തരീയ സമൂഹത്തിലെ വായനക്കാര്‍ക്ക് ആര്‍ക്കും പെട്ടെന്ന് മനസിലാവുന്ന അര്‍ത്ഥതലം നോവലിനു ലഭിച്ചു. പുറമേ ഇരുട്ടും കറുപ്പും കൊണ്ടുവരുന്ന സൂചനകളും. ജര്‍മ്മനിയുടെയും ഫ്രാന്‍സിന്റെയും നീലക്കണ്ണുകളും വെളുത്തശരീരമുള്ള മനുഷ്യര്‍ക്കിടയില്‍ ഒരു കൈയില്‍ തോക്കും മറുകൈയില്‍ കൊടുവാളുമായി നില്‍ക്കുന്ന ചോക്ലേറ്റ് നിറമുള്ള സെനഗല്‍ സൈനികര്‍ (ഷൊക്കോലാ എന്നാണവരുടെ വിളിപ്പേര്) അവര്‍ ജനിതകമായി ബന്ധപ്പെട്ടു കിടക്കുന്ന, വ്യത്യസ്തമായ സാംസ്‌കാരികപരിസരത്തിനു നേരെ വിരല്‍ ചൂണ്ടുന്ന സൂചകവും ആകുന്നു. അവരെ ആധുനിക വെളുത്ത സമൂഹം പരിഭാഷപ്പെടുത്തിയെടുക്കുന്നതിന്റെ പ്രശ്‌നമാണ് നോവലിനുള്ളില്‍ ദിയോപ്പിനെ അലട്ടിയിരുന്നത്. ആല്‍ഫാ ദിയായെയുടെ അയാളുടെ ഭാഷ സെനഗലിലെ ഗോത്രഭാഷയായ വൊളോഫാണ്. അയാളുടെ ബോധപ്രവാഹം നോവലിന്റെ ആഖ്യാനത്തില്‍ ഫ്രഞ്ചായി തീരുന്നു. എതിരാളിയെ കൊല്ലുകമാത്രമല്ല കൈപ്പത്തി വെട്ടിക്കൊണ്ടുവരികയും അതു സൂക്ഷിക്കുകയും ചെയ്യുന്ന ആല്‍ഫാ ദിയായെ രാക്ഷസനാണോ മനുഷ്യനാണോ എന്ന സംശയം അയാളുടെ സഹപോരാളികളെ ഉലയ്ക്കുന്നുണ്ട്. അയാളുടെ മനസ്സിനെപോലെ, അയാളുടെ ഭാഷയെപോലെ, അയാളുടെ സ്വത്വവും വ്യക്തിത്വവും വിവര്‍ത്തനത്തിനു വഴങ്ങാതിരിക്കുന്ന ഒരവസ്ഥയെ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗംകൂടിയാണ് മേല്‍പ്പറഞ്ഞ പരിഭാഷയെക്കുറിച്ചുള്ള ഖണ്ഡം.


പരിഭാഷ ദൈവസത്യത്തില്‍നിന്ന് അകന്നുനില്‍ക്കുന്ന പ്രവൃത്തിയാണെന്നാണ് കഥാപാത്രമായ ആല്‍ഫാ പറയുന്നത്. ഡേവിഡ് ദിയോപ്, നോവലായി എഴുതാന്‍ തീരുമാനിച്ച മുഹൂര്‍ത്തത്തില്‍ ദിയോപ് നോട്ടം പ്ലേറ്റോയുടെ ചിത്രത്തില്‍നിന്ന് മാറ്റി അരിസ്റ്റോട്ടിലിലേക്കാക്കിയിരിക്കണം. ആദ്യം അന്നയും പിന്നീട് മാങ്ങാട് രത്‌നാകരനും ‘പൊയറ്റിക്‌സില്‍’ തൊട്ടുതന്നെയാണ് സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. മനുഷ്യന്റെ അഗാധപ്രകൃതത്തിലുള്ള ദ്വയത്വത്തെ സംബന്ധിച്ച ഉള്‍ക്കാഴ്ചകളെ കുഴമറിച്ചിലുകള്‍ ഇല്ലാത്ത കാവ്യസത്യമാക്കി പരിവര്‍ത്തിപ്പിക്കാന്‍ അതാവശ്യമാണ്. ‘പരനുള്ളുകാണിക്കാന്‍ ഒന്നുമേ ഉപായമില്ലെന്ന’ ഭൗതികലോകത്തിലെ വലിയ ശരിയെ പരിമിതികള്‍കൊണ്ടല്ല നല്ല പരിഭാഷകള്‍ നേരിടുന്നത് എന്നതൊരു വസ്തുതയാണ്. ‘അത്യാനന്ദത്തിന്റെ ദൈവികപരിചരണ’മാക്കി നോവല്‍ വായനയെ മാറ്റിയെഴുതുന്നതില്‍ ഇവയ്ക്ക് വലിയ പങ്കുണ്ട്.
രചനകള്‍, കാലികമായി വലിയ താമസമില്ലാതെ നമ്മുടെ അടുത്ത് എത്തുന്നു എന്നത് വലിയ കാര്യമാണ്. വിവര്‍ത്തനം മികച്ചതാവുമ്പോള്‍ വായനാനന്ദന്ദം ഇരട്ടിയാകുന്നു. മാങ്ങാട് രത്‌നാകരന്റെ വിപുലമായ സാഹിത്യപരിചയവും ഭാഷാസ്വാധീനവും ‘രാത്രിയില്‍ എല്ലാ രക്തത്തിനും നിറം കറുപ്പി’നെ മലയാളത്തില്‍ ഒഴിവാക്കാനാവാത്ത ഒരു കൃതിയാക്കി മാറ്റുന്നു.

- Advertisment -

Most Popular