തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നികുതി വെട്ടിപ്പിന്റെ പേരില്‍ ബിജെപി നടത്തി വന്ന സമരം പിന്‍വലിച്ചത് ജനരോഷം എതിരാകുമെന്ന് ഭയന്ന്. മേയര്‍ ആര്യാരാജേന്ദ്രനെതിരായ സമരത്തില്‍ പങ്കെടുത്ത് ബിജെപി കൗണ്‍സിലര്‍മാര്‍ മുഴുവന്‍ സമയവും ചെലവഴിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് മേയര്‍ ആര്യാരാജേന്ദ്രന്‍ തന്ത്രപരമായി ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ ആഴ്ചകളില്‍ പ്രവര്‍ത്തനം സജീവമാക്കിയത്. ഇതോടെ ഈ വാര്‍ഡുകളിലെ ബിജെപി അനുഭാവികള്‍ പോലും ആര്യയെ നേരിട്ട് ബന്ധപ്പെടാന്‍ തുടങ്ങി. ബിജെപി കൗണ്‍സിലര്‍മാരാണെങ്കില്‍ തിരിഞ്ഞുനോക്കാതെ നിരാഹാരമുള്‍പ്പെടെയുള്ള ഫുള്‍ടൈംസമരത്തിലുമായിരുന്നു.
ആര്യാരാജേന്ദ്രന്‍ നേരിട്ടിറങ്ങി നടത്തിയ ഇത്തരം നീക്കങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചതോടെ ബിജെപി നേതൃത്വം വിവി രാജേഷിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കൗണ്‍സിലര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തേണ്ട പല പ്രവര്‍ത്തനങ്ങളും മുടങ്ങിക്കിടക്കുകയും പൊതുജനം അനാഥാവസ്ഥയിലാകുകയും ചെയ്തതോടെ സമരം പിന്‍വലിക്കാതെ മറ്റുമാര്‍്ഗ്ഗങ്ങളില്ലെന്ന് ബിജെപി നേതൃത്വം മനസ്സിലാക്കി.
നികുതിവെട്ടിപ്പ് ഉയര്‍ത്തിക്കൊണ്ട് ആര്യയുടെ സാന്നിധ്യം അവസാനിപ്പിക്കാന്‍ ആഴ്ചകള്‍ നീട്ടിക്കൊണ്ടുപോയ സമരം അങ്ങനെ ബിജെപി നേതൃത്വം പിന്‍വലിക്കുകയായിരുന്നു. മേയറും ഭരണസമിതിയും നികുതിവെട്ടിപ്പുകാര്‍ക്കെതിരെ നടപടി സ്വീകരിച്ച് സംശയത്തിന്റെ മുള്‍ മുനയില്‍ നിന്ന് രക്ഷപ്പെടുകയും പൊതുജനത്തിന്റെ പ്രതിഷേധം ഇല്ലാതാക്കുന്ന മറ്റു നടപടികളിലേക്ക് കടക്കുകയും ചെയ്തതോടെ സമരം ബിജെപിക്കാകെ ബാധ്യതയായിത്തീര്‍ന്നു.
ഇത് ബിജെപി കൗണ്‍സിലര്‍മാരോടുള്ള പൊതുജനകാഴ്ചപ്പാടിനെ സ്വാധീനിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തി. എന്തുസമരത്തിന്റെ പേരിലാണെങ്കില്‍ കൗണ്‍സിലര്‍മാരുടെ സ്ഥിരമായ അസാന്നിധ്യം പൊതുജനത്തില്‍പ്രതിഷേധമുണ്ടാക്കും. പാപ്പനംകോട് പോലുള്ള പ്രധാനപ്പെട്ട വാര്‍ഡുകളില്‍ മഴക്കെടുതിയില്‍ റോഡ് ഗതാഗതമടക്കം പ്രശ്‌നത്തിലായപ്പോള്‍ കൗണ്‍സിലറെ കാത്തിരുന്ന് മടുത്ത ജനം ഒടുവില്‍ മേയറെ നേരിട്ട് വിളിക്കുകയായിരുന്നു. അവസാനം മേയര്‍ നേരിട്ടെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ പല വാര്‍ഡുകളും നേരിടുകയാണ്. മാത്രമല്ല സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഈയാഴ്ച പൂര്‍ത്തിയാക്കുകയും വേണം. ഒരൊറ്റ ബിജെപി കൗണ്‍സിലറും സ്വന്തം വാര്‍ഡിലെ സ്‌കൂളിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നാണ് പിടിഎകളുടെ വിമര്‍ശനം. അതേ സമയം മേയര്‍ പലയിടത്തും നേരിട്ടെത്തി.
കഴിഞ്ഞ ദിവസം ഉള്ളൂര്‍ തോട് ശുചീകരണ – നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 വാര്‍ഡുകളിലും ജനകീയ സമിതികള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനത്തിന് മേയര്‍ നേതൃത്വം കൊടുത്തു. ബഹുജനപങ്കാളിത്തത്തോടെ ഉള്ളൂര്‍ തോടിന്റെ നവീകരണ – ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി തോട് കടന്നു പോകുന്ന വാര്‍ഡുകളായ ഞാണ്ടൂര്‍കോണം, പൗഡിക്കോണം, ചെല്ലമംഗലം, മണ്ണന്തല, ഇടവക്കോട്, നാലാഞ്ചിറ, പട്ടം, മെഡിക്കല്‍ കോളേജ്, കണ്ണമ്മൂല, ഉള്ളൂര്‍ എന്നീ വാര്‍ഡുകളിലാണ് ജനകീയ സമിതികള്‍ രൂപീകരിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ചെല്ലമംഗലം, മണ്ണന്തല, ഇടവക്കോട്, നാലാഞ്ചിറ, പട്ടം, മെഡിക്കല്‍ കോളേജ്, കണ്ണമ്മൂല, ഉള്ളൂര്‍ എന്നീ വാര്‍ഡുകളിലും മേയറെത്തി.
വിവി രാജേഷിന്റെ പൂജപ്പുര വാര്‍ഡില്‍ പോലും കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ട് പ്രശ്‌നത്തില്‍ ആര്യാരാജേന്ദ്രന്‍ ഇടപെട്ടു. ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ പൊതുജനപ്രതിഷേധം ഉയരുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് കണ്ടതോടെയാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ട് സമരം അവസാനിപ്പിച്ചത്. ഏത് വിധേനയും സമരം അവസാനിപ്പിക്കാന്‍ മുഖ്യനേതാവും പൂജപ്പുര കൗണ്‍സിലറുമായ വിവി രാജേഷിന് നേരിട്ട് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നാണ് സൂചന. പാര്‍ട്ടി നേതൃത്വം കൂടിയാലോചന നടത്തി കൗണ്‍സിലര്‍മാരുടെ സമയം മെനക്കെടുത്തുന്ന സമരപരിപാടികള്‍ മാറ്റി പുതിയ സമരരൂപം പ്രഖ്യാപിച്ചേക്കും.