Thursday, March 28, 2024
HomeBook houseഒരു സിഗരറ്റും പുകച്ചുകൊണ്ടുള്ള രസികന്‍ വായന; രാജുറാഫേലിന്റെ ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍

ഒരു സിഗരറ്റും പുകച്ചുകൊണ്ടുള്ള രസികന്‍ വായന; രാജുറാഫേലിന്റെ ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍

ശ്രീജേഷ് ടിപി

എത്ര ഗംഭീരമാണ് ആ ഇരിപ്പിടങ്ങള്‍. ഒരു സെമിത്തേരിയിലെ ഇരിപ്പിടങ്ങള്‍ നമ്മുക്ക് ഏറ്റവും ആശ്വാസമാവുന്നുണ്ടെങ്കില്‍, നമ്മുടെ സങ്കടങ്ങളെ അലിയിക്കുന്നുണ്ടെങ്കില്‍, ഇടയ്ക്കിടയ്ക്ക് നമ്മുക്ക് അവിടെ പോയിരിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അത് എത്ര സുന്ദരമായൊരു സെമിത്തേരി ആയിരിക്കും. നമ്മള്‍ കേട്ടുപഴകിയ ശ്മശാനങ്ങളൊക്കെ ഭീതിയുടെ താഴ്വാരങ്ങളായിരുന്നു. ഈ ഭൂമിയിലെ സകലമാന പ്രേതങ്ങളും അഴിഞ്ഞാടുന്ന സ്ഥലം, മനുഷ്യരെ രാത്രി ഉപദ്രവിക്കാന്‍ നടക്കുന്ന, മരിച്ചവരുടെ സമ്മേളനം നടക്കുന്ന സ്ഥലം. രാത്രി ഏഴുമണി കഴിഞ്ഞാല്‍ അതിന്റെ അരികിലൂടെപ്പോലും പോകാന്‍ ഭയക്കുന്ന സ്ഥലം. മലയാളിക്ക് ഒരു സെമിത്തേരി ഇതൊക്കെയാണ്.
നിറയെ പൂക്കളുള്ള, വിശ്രമിക്കാന്‍ വലിയ ഇരിപ്പിടങ്ങളുള്ള, ആളുകള്‍ പുസ്തകം വായിക്കാനും, കാമുകിമാരോടൊത്തു സല്ലപിക്കാനും വരുന്ന, ഒരുപാട് ടെന്‍ഷന്‍ ഉണ്ടാവുമ്പോള്‍ മനസിനെ ഒന്ന് ശാന്തമാക്കാന്‍, പ്രകൃതിയോട് സംസാരിക്കാന്‍ പറ്റിയ സ്ഥലം. അതാണ് റേഡിയോ നെതര്‍ലന്ഡ്‌സിന്റെ അടുത്തുള്ള ഒരുപാടാളുകള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആ സെമിത്തേരി. സങ്കല്പിക്കാന്‍ കഴിയുമോ ഇതുപോലെ ഒന്ന്.
ഇത്തരത്തിലുള്ള പല അത്ഭുതങ്ങളുടെ രഹസ്യച്ചെപ്പാണ് രാജു റാഫേല്‍ എഴുതിയ ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍ എന്ന പുസ്തകം. സൈക്കിള്‍ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു ജനതയുടെ ജീവചരിത്രം എന്നുവേണമെങ്കില്‍ ഈ പുസ്തകത്തിനെ വിളിക്കാം.
കാടിനടുത്തുള്ള നെതര്‍ലന്‌സ് റേഡിയോ സ്റ്റേഷന്‍, അവിടുത്തെ വിശാലമായ കാന്റീന്‍, കാടുകള്‍ക്കുള്ളിലൂടെ പോലും ഓടിച്ചുപോകാന്‍ പറ്റുന്ന സൈക്കിള്‍ പാതകള്‍, ചിരിച്ചുകൊണ്ട് സൈക്കിളോടിക്കുന്ന, കൈകാണിച്ചാല്‍ ലിഫ്റ്റ് തരുന്ന സുന്ദരികളായ സ്ത്രീകള്‍, മനസിന്റെ ഭാരം മുഴുവന്‍ ഇറക്കിവയ്ക്കാന്‍ പറ്റുന്ന മനോഹരമായ ഒരു സെമിത്തേരി, ടീന, ഡാമ്പര്‍, കിബ്രിയ എന്നീ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും വന്നവര്‍, വ്യത്യസ്ത കാഴ്ചകള്‍, അനുഭവങ്ങള്‍.
ആംസ്റ്റര്‍ഡാമിലെ തണുപ്പില്‍, ഒരു ഡിസംബര്‍ മാസത്തില്‍, ന്യൂഇയറിനെ വരവേല്‍ക്കാനായി ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങളെ സാക്ഷിയാക്കി ഒരു സിഗരറ്റും പുകച്ചുകൊണ്ട് സൈക്കിള്‍ ചവുട്ടുന്ന അനുഭവമാണ് ഈ പുസ്തകം
(കടപ്പാട് ഃ ശ്രീജേഷ് ടിപി, ഫെയ്‌സ്ബുക്ക്)

- Advertisment -

Most Popular