Friday, October 11, 2024
HomeNewshouseനിലപാടിലുറച്ച് ഏഷ്യാനെറ്റും വിനു വി ജോണും; കര്‍ഷകരെ വെടിവച്ചുകൊന്ന സംഭവം കൊന്നാലും ചര്‍ച്ച ചെയ്യില്ല; ശ്രീജിത്ത്...

നിലപാടിലുറച്ച് ഏഷ്യാനെറ്റും വിനു വി ജോണും; കര്‍ഷകരെ വെടിവച്ചുകൊന്ന സംഭവം കൊന്നാലും ചര്‍ച്ച ചെയ്യില്ല; ശ്രീജിത്ത് പണിക്കരുടെ മുക്കാലന്‍ പരാമര്‍ശത്തെ പരോക്ഷമായി പിന്തുണച്ച് ട്വിറ്റര്‍ പോസ്റ്റും

ദില്ലിയില്‍ എട്ട് കര്‍ഷകരെ വെടിവെച്ചുകൊന്നിട്ട് അഞ്ചുദിവസം കഴിയുമ്പോവും ബിജെപിയുടെ കേന്ദ്രസര്‍ക്കാരിനെതിരായി അത്തരത്തിലൊരു ചര്‍ച്ചയ്ക്ക് തങ്ങളില്ലെന്ന ഉറച്ച നിലപാടില്‍ ഏഷ്യാനെറ്റ് ന്യൂസ്. രാജ്യമാകെയും വിവാദമായി ഭീതിയോടെ സംസാരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നം കേരളത്തിലെ ബിജെപിയിതര മാധ്യമങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന പ്രശ്‌നം വിമര്‍ശകരുടെ വാക്കുകള്‍ കേട്ട് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് ചാനല്‍. രണ്ടുദിവസം മോന്‍സണിന്റെ ചെമ്പോല വിവാദത്തില്‍ ട്വന്റി ഫോറിനെതിരെ കേസെടുപ്പിക്കാനുള്ള ചര്‍ച്ചയും ഇന്നലെ പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താത്ത സംസ്ഥാനസര്‍ക്കാരിന്റെ നിലപാടിനെതിരെയുമായിരുന്നു ചര്‍ച്ച.

മോന്‍സണ്‍ കേസില്‍ ട്വന്റിഫോര്‍ കുരുക്കിലായതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസും വിവാദത്തിലായത്. ട്വന്റി ഫോറിനെതിരായി നിരന്തരം വാര്‍ത്തകളും ചര്‍ച്ചകളും സംഘടിപ്പിച്ചതോടെ ചര്‍ച്ചയ്‌ക്കെത്തിയവരും ആവേശഭരിതരായി. അങ്ങനെയാണ് ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയുടെ മോന്‍സണ്‍ കേസിലെ പങ്കാളിത്തത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ റോയി മാത്യു ഏഷ്യാനെറ്റ് ന്യൂസിനെ കുരുക്കിലാക്കിയത്. സഹിന്റെ കേക്ക് മുറിക്കല്‍ വിവാദമുയര്‍ത്തി കുഞ്ഞിന്റെ പിതൃത്വം സംശയിച്ച് നടത്തിയ അഭിപ്രായപ്രകടനം അതിരുകടന്നു. ചര്‍ച്ചയ്ക്കിടെ വിനു വി ജോണ്‍ അത് വിലക്കിയെങ്കിലും റോയി മാത്യുവിന്റെ നിലപാടിനെ ആസ്വദിക്കുന്ന മട്ടിലായിപ്പോയി എന്ന വിമര്‍ശനമാണുയര്‍ന്നത്. തുടര്‍ന്ന് പരക്കെ എതിര്‍പ്പുയരുകയും വിനു മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാല്‍ ദില്ലിയില്‍ കര്‍ഷക സമരത്തില്‍ എട്ടുകര്‍ഷകരെ കേന്ദ്രമന്ത്രിയുടെ മകന്‍ വണ്ടിയിടിച്ചും വെടിവച്ചും കൊലപ്പെടുത്തിയ ദിവസങ്ങളിലാണ് എതിരാളിയായ ട്വന്റി ഫോര്‍ ന്യൂസിനെതിരായ ഈ ചക്കളത്തിപ്പോരിന് ഏഷ്യാനെറ്റ് ന്യൂസ് നേതൃത്വം നല്‍കിയത് എന്നത് അടുത്ത വിവാദത്തിന് തിരികൊളുത്തി. ഭരണകൂടം കര്‍ഷകരെ വെടിവച്ചുകൊല്ലുമ്പോള്‍ അവരെ സഹായിക്കുന്ന വിധത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ശരിയായില്ലെന്ന് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചു.

അതിന് മറുപടിയെന്നോണം പ്രമോദ് രാമന്‍ പണ്ട് കള്ളുകുടിച്ച് ബഹളമുണ്ടാക്കിയ ആളാണെന്ന് വിനു തിരിച്ചടിച്ചു. മാത്രമല്ല വിനുവിന്റെ സുഹൃത്തും ഏഷ്യാനെറ്റിന്റെ സ്ഥിരം ചര്‍ച്ചാപങ്കാളിയുമായ ശ്രീജിത്ത് പണിക്കര്‍ മുസ്ലിംങ്ങളെയാകെ അപമാനിക്കുന്ന വിധത്തില്‍ പ്രമോദ് രാമന്‍ മുക്കാലനാണ് എന്ന് ആക്ഷേപിച്ചു. മീഡിയ വണ്ണിന്റെ മുസ്ലിം പശ്ചാത്തലത്തെ പരിഹസിക്കുന്നു എന്ന വ്യാജനേ മീഡിയ മുക്കാലന്‍ എന്ന് വിളിച്ചുകൊണ്ട് വിനു പറഞ്ഞ കള്ളുകുടി പ്രശ്‌നത്തിന്റെ വിപുലമായ വിശദീകരണം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ വിനു ട്വിറ്ററിലൂടെ ശ്രീജിത്തിന്റെ പോസ്റ്റിനെ പിന്തുണക്കുന്ന വിധത്തില്‍ പുതിയൊരു ആരോപണം ഉന്നയിച്ചു. താലിബാനെതിരായി നടത്തിയ ചര്‍ച്ചയ്ക്ക് പ്രതികാരമായി പ്രമോദ് രാമനെ ജമാ അത്തെ ഇസ്ലാമി ക്വട്ടേഷന്‍ എല്‍പ്പിച്ചിരിക്കുകയാണെന്ന് വിനു ആരോപിച്ചു.

ഈ ഘട്ടത്തിലൊന്നും പ്രമോദ് രാമന്‍ ഉന്നയിച്ച കര്‍ഷകപ്രശ്‌നത്തിന് മറുപടി പറയാനും വിനു തയാറായില്ല. ഏറ്റവും ഒടുവില്‍ ഇന്നലെ വെടിവച്ചത് മന്ത്രിപുത്രനാണ് എന്ന് പോലീസ് പറഞ്ഞ ദിവസം പോലും അത് ചര്‍ച്ച ചെയ്തുമില്ല. ഒരു കാരണവശാലും വിമര്‍ശകരുടെ വാക്ക് കേട്ട് കര്‍ഷക സമരം ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് അവരെന്നാണ് സൂചന.

- Advertisment -

Most Popular