തിരുവനന്തപുരം: മസാലബോണ്ടിന്റെ ഭൂരിഭാഗവും വാങ്ങിയിരിക്കുന്നത് ലാവ്ലിന് കമ്പനിയുടെ സബ്സിഡറി ആയിട്ടുളള സി.ഡി.പി.ക്യു. എന്ന് പറയുന്ന കനേഡിയൻ ഇൻവെസ്റ്റിങ് ഏജൻസിയാണെന്നു പറഞ്ഞാൽ തടയാനുളള ആർജവം ധനമന്ത്രി തോമസ് ഐസക്കിനുണ്ടോയെന്ന് വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ. മസാലാബോണ്ടിറക്കാൻ ഉദ്ദേശിച്ച് ആദ്യമിറക്കിയ ഓഫർ ലെറ്ററിൽ മാറ്റം വരുത്തിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനെ സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് തോമസ് ഐസക് ആരോപിച്ചിരുന്നു. ആരുടെയും കളളപ്പണം വെളുപ്പിക്കാൻ കിഫ്ബിയെ ഉപയോഗിക്കാൻ സാധിക്കില്ലെന്നും കിഫ്ബി ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച് പ്രാഥമിക ധാരണ പോലും ഇല്ലാതെയാണ് കളളക്കഥകൾ പ്രചരിപ്പിക്കുന്നതെന്നും ഐസക് ആരോപിച്ചിരുന്നു.
എന്നാൽ 2150 കോടിയുടെ മസാല ബോണ്ട് ഇഷ്യൂ ചെയ്തതിൽ 16 നിക്ഷേപകർ മാത്രമാണ് ഭാഗമായിട്ടുളളതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. എന്നാൽ അവരുടെ പേരു വെളിപ്പെടുത്താനോ എത്രശതമാനമാണ് അവരുടെ പങ്ക് എന്ന് വെളിപ്പെടുത്താനോ തയ്യാറായിട്ടില്ലെന്നും കുഴൽനാടൻ പറഞ്ഞു.
കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയത്തെ കേന്ദ്രസർക്കാരുമായുളള പ്രശ്നമാണെന്ന രീതിയിൽ വഴി തിരിച്ചുവിട്ട് യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധമാറ്റി ഇത് ബിജെപിക്കും കേന്ദ്രത്തിനുമെതിരേ പോരാടുന്ന ഒരു സർക്കാരാണ് എന്ന് സ്ഥാപിക്കാനാണ് ഐസകിന്റെ ശ്രമം. കേന്ദ്രം ഞങ്ങളെ വേട്ടയാടുകയാണ് എന്ന പേരിൽ ഈ തിരഞ്ഞെടുപ്പിൽ വോട്ട് ലഭിക്കുമോ എന്ന പരിശ്രമമാണ് ധനമന്ത്രിയിൽ നിന്ന് ഉണ്ടായിട്ടുളളതെന്നും മാത്യു കുഴൽ നാടൻ ആരോപിച്ചു.
2017-18 ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് അവകാശപ്പെട്ടത് 50,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ വരുന്ന നാലുവർഷങ്ങൾ കേരളത്തിൽ നടപ്പാക്കുമെന്നാണ് പറഞ്ഞത്. എന്നാൽ 2021 ഫെബ്രുവരി മാസം ലഭിച്ച വിവരാവകാശ രേഖപ്രകാരം ഇതുവരെ കിഫ്ബി കണ്ടെത്തിയിട്ടുളള പണം എന്ന് പറയുന്നത് 15,902.29 കോടി രൂപയാണ്. ഇതിൽ 11,000 കോടി രൂപയും സർക്കാരിന്റെ ഖജനാവിൽ നിന്ന് നൽകിയതോ അല്ലെങ്കിൽ സർക്കാരിന്റെ ഖജനാവിൽ വരുമായിരുന്നതോ ആണ്.
അയ്യായിരം കോടി രൂപയിൽ താഴെ മാത്രമാണ് കിഫ്ബിക്ക് ഇതുവരെ സമാഹരിക്കാൻ സാധിച്ചിട്ടുളളത്. 7274.61 കോടി രൂപമാത്രമാണ് കിഫ്ബി ഇതുവരെ ചെലവഴിച്ചിട്ടുളള പണം. കിഫ്ബി എന്ന് പറഞ്ഞ് ഇടത്സർക്കാർ നടത്തുന്ന അവകാശവാദം തുറന്നുകാണിക്കുകയാണ് താൻ ചെയ്യുന്നതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.