ബംഗളുരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനു രണ്ടാം ജയം. സി ഗ്രൂപ്പ് മത്സരത്തില്‍ അവര്‍ ഉത്തര്‍പ്രദേശിനെ മൂന്ന് വിക്കറ്റിനു തോല്‍പ്പിച്ചു. ഇന്ത്യയുടെ മുന്‍ പേസര്‍ ശ്രീശാന്ത് അഞ്ച് വിക്കറ്റെടുത്തു ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് 283 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. കളി തീരാന്‍ ഏഴ് പന്തുകള്‍ ശേഷിക്കേയായിരുന്നു കേരളം വിജയ റണ്ണെടുത്തത്.
തകര്‍പ്പന്‍ ഫോം തുടരുന്ന ഓപ്പണര്‍ റോബിന്‍ ഉത്തപ്പ (55 പന്തില്‍ നാല് സിക്സറും എട്ട് ഫോറുമടക്കം 81) ഇന്നിങ്സിനു നെടുംതൂണായി. ഇന്ത്യയുടെ മുന്‍ താരമായ ഉത്തപ്പ ആദ്യ മത്സരത്തില്‍ സെഞ്ചുറിയടിച്ചിരുന്നു. നായകന്‍ സച്ചിന്‍ ബേബിയും (83 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 76) അവസരത്തിനൊത്തുയര്‍ന്നു.
ഓപ്പണര്‍ വിഷ്ണു വിനോദ് (ഏഴ്), മുഹമ്മദ് അസ്ഹറുദീന്‍ (ഒന്ന്) എന്നിവര്‍ നിരാശപ്പെടുത്തി. സഞ്ജു സാംസണ്‍ (32 പന്തില്‍ 29), വത്സല്‍ ഗോവിന്ദ് (39 പന്തില്‍ 30), ജലജ് സക്സേന (49 പന്തില്‍ 31) എന്നിവരും ജയത്തില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചു.
റോജിത് ഗണേഷ് (ആറ്), എം.ഡി. നിധീഷ് (13) എന്നിവര്‍ പുറത്താകാതെനിന്നു. ഉത്തര്‍പ്രദേശിന്റെ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറാണു നയിച്ചത്. 9.5 ഓവറില്‍ 45 റണ്‍ വഴങ്ങിയ ഭുവനേശ്വര്‍ ഒരു വിക്കറ്റെടുത്തു. ഇന്ത്യന്‍ താരം കാര്‍ത്തിക്് ത്യാഗിക്ക് വിക്കറ്റെടുക്കാനായില്ല. 65 റണ്‍ വഴങ്ങിയാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റെടുത്തത്. സച്ചിന്‍ ബേബി രണ്ട് വിക്കറ്റും എം.ഡി. നിധീഷ്, ജലജ് സക്സേന എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.
ഉത്തര്‍പ്രദേശിനു വേണ്ടി അക്ഷദീപ് നാഥ് (60 പന്തില്‍ 68), പ്രിയം ഗാര്‍ഗ് (59 പന്തില 57), ഓപ്പണര്‍ അഭിഷേക് ഗോസ്വാമി (63 പന്തില്‍ 54) എന്നിവര്‍ തിളങ്ങി. അഭിഷേക്, അക്ഷദീപ്, ഭുവനേശ്വര്‍ കുമാര്‍ (ഒന്ന്), മൊഹ്സിന്‍ ഖാന്‍ (ആറ്), ശിവം ശര്‍മ (ഏഴ്) എന്നിവരെയാണു ശ്രീശാന്ത് പുറത്താക്കിയത്.
കേരളം ആദ്യ മത്സരത്തില്‍ ഒഡീഷയെ തകര്‍ത്തിരുന്നു. സി ഗ്രൂപ്പില്‍ കേരളവും റെയില്‍വേസും എട്ട് പോയിന്റ് വീതം നേടി. മികച്ച റണ്‍റേറ്റുള്ള റെയില്‍വേസാണ് ഒന്നാമത്്.
അഞ്ചെടുത്ത് ശ്രീശാന്ത്; വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് രണ്ടാം ജയം
- Advertisment -