Wednesday, September 11, 2024
HomeINFOHOUSEതട്ടമിട്ടപെണ്ണെന്ന് പറഞ്ഞവര്‍ക്ക് കൈക്കരുത്തുകൊണ്ട് മറുപടി; ബിഗ്‌ബോസിലെ സങ്കടക്കരച്ചിലുകാര്‍ കണ്ണുമിഴിച്ച നിമിഷം; ഒരൊറ്റരാത്രി കൊണ്ട് സകലരെയും കൈയിലെടുത്ത്...

തട്ടമിട്ടപെണ്ണെന്ന് പറഞ്ഞവര്‍ക്ക് കൈക്കരുത്തുകൊണ്ട് മറുപടി; ബിഗ്‌ബോസിലെ സങ്കടക്കരച്ചിലുകാര്‍ കണ്ണുമിഴിച്ച നിമിഷം; ഒരൊറ്റരാത്രി കൊണ്ട് സകലരെയും കൈയിലെടുത്ത് മജീസിയ ബാനു

ബിഗ് ബോസ് ആരംഭിക്കുമ്പോള്‍ തന്നെ മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം പ്രേക്ഷകരെയും അതിശയിപ്പിച്ചത് ഇത്തവണ എത്തിയ തട്ടമിട്ട ആ പെണ്‍കുട്ടിയുടെ സാന്നിധ്യമായിരുന്നു. മജീസിയ ബാനു. ബിഗ് സ്‌ക്രീനിന്റെയും മിനിസ്‌ക്രീനിന്റെയും പ്രശസ്തിയുടെ മിന്നലാട്ടങ്ങളിലൂടെ കടന്നുപോകുന്ന നിരവധി പേര്‍ക്കൊപ്പം അത്രയൊന്നും പരിചിതമല്ലാത്ത ആ തട്ടമിട്ട മുഖം കണ്ട് പലരും ചോദിച്ചു. ആരാണ് ഇത്. പിന്നീട് മോഹന്‍ലാല്‍ പേരുച്ചരിച്ചപ്പോള്‍ പലരും ചോദിച്ചു, ആരാണ് മജീസിയ ബാനു?

ഓരോ രാത്രി പിന്നിടുമ്പോഴും സങ്കടം പറച്ചിലുകാരും കണ്ണീര്‍പ്പുഴക്കാരും സ്വയംപുകഴ്ത്തലുകാരും ബിഗ് ബോസ് വേദി കീഴടക്കുമ്പോള്‍ പക്വമായ നോട്ടങ്ങളിലൂടെയും പ്രചോദനാത്മകമായ കമന്റുകളിലൂടെയും മജീസിയ ബാനു അവിടെയും ഇവിടെയും കറങ്ങി നടന്നു. അപ്പോഴൊക്കെ പലരും കരുതി. അവര്‍ ഇത്രയോ ഉള്ളൂ എന്ന്. എന്നാല്‍ ഇന്നലെ ഒരൊറ്റ രാത്രി കൊണ്ട് ബിഗ് ബോസ് പ്രേക്ഷകരെ മുഴുവന്‍ പ്രചോദിതമാക്കിയ നിമിഷങ്ങള്‍ സമ്മാനിച്ചു മജീസിയ ബാനു. അവര്‍ അവരുടെ ജീവിതം പറഞ്ഞതുകേട്ട് ആവേശഭരിതരായി ഓരോരുത്തരും.

പവര്‍ലിഫ്റ്റിംഗ് മേഖലയില്‍ ഇന്ത്യക്ക് വേണ്ടി ലോകതലത്തില്‍ നാല് മെഡലുകള്‍ നേടിയെടുത്ത ഒരു കുട്ടിയാണോ നമ്മുടെ മുന്നില്‍ ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുന്നത് എന്നാലോചിച്ച് മറ്റുമല്‍സരാര്‍ത്ഥികള്‍ക്ക് എത്തുംപിടിയും കിട്ടിയില്ല. മജീസിയ ബാനു ജീവിതം പറഞ്ഞുതുടങ്ങിയപ്പോള്‍ ഇതേതൊ ഒരു മെഡലിന്റെ കഥയല്ലേ എന്നാണ് ഓരോരുത്തരും ആദ്യം കരുതിയത്. എന്നാല്‍ അങ്ങനെയായിരുന്നില്ല.
മജീസിയ ആരംഭിച്ചത് തന്നെ തന്റെ മതാത്മകമായ ചുറ്റുപാടുകളില്‍ നിന്നാണ്.

തട്ടമിട്ട കുട്ടിയോടുള്ള പുച്ഛം
” ഞാന്‍ കടന്നുവരുന്നത് വളരെ സങ്കുചിതമായ ചുറ്റുപാടില്‍ നിന്നാണ്. എന്റെ കമ്യണിറ്റി, എന്റെ സാമൂഹ്യചുറ്റുപാടുകള്‍ ഒന്നും ഒരു പെണ്ണിന് വഴിതുറക്കുന്നതായിരുന്നില്ല. എന്നാല്‍ ചെറുപ്പത്തിലേ സ്‌പോര്‍ട്‌സില്‍ താല്‍പര്യമുണ്ടായിരുന്നു. ഓട്ടവും ചാട്ടവുമല്ലേ അതത്രയേ പോകൂ എന്ന് നാട്ടുകാര്‍ കരുതി. എന്നാല്‍ ഞാന്‍ വിടാന്‍ തയാറായിരുന്നില്ല. എനിക്ക് വെയ്റ്റ് ലിഫ്റ്റിംഗില്‍ താല്‍പര്യമുണ്ടായിരുന്നു.

എന്നാല്‍ എന്നോട് ഒരിക്കല്‍ എന്റെ കോച്ച് ജയേട്ടന്‍ ചോദിച്ചു. ബാനുവിന് പവര്‍ ലിഫ്റ്റിംഗില്‍ ശ്രമിച്ചൂടെ എന്ന്. ഞാനാദ്യമായിട്ടാണ് പവര്‍ ലിഫ്റ്റിംഗിനെ കുറിച്ച് കേള്‍ക്കുന്നത് തന്നെ. എന്നാല്‍ നോക്കിക്കളയാം എന്ന് കരുതി. പത്തുപതിനഞ്ച് കിലോമീറ്റര്‍ ദൂരെ കോഴിക്കോട്ടുള്ള പരിശീലനകേന്ദ്രത്തില്‍ ദിവസവും പോയി. പോകുമ്പോഴും വരുമ്പോഴും കാണുന്നവര്‍ ഇതേതാ ഈ പെണ്ണ് എന്ന പുച്ഛഭാവത്തില്‍ നോക്കും. എന്നാല്‍ അവര്‍ക്കറിയില്ലല്ലോ ഞാന്‍പവര്‍ ലിഫ്റ്ററാണ എന്ന്. ”

മെഡലോടുമെഡല്‍
” അങ്ങനെ എന്റെ നിത്യേനയുള്ള പരിശീലനം അല്‍ഭുതങ്ങള്‍ സൃഷ്ടിച്ചു. ആദ്യത്തെ ജില്ലാപവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ ഷിപ്പിന് പോയപ്പോള്‍ ഉണ്ടായ അനുഭവംമറക്കാന്‍ കഴിയില്ല. കണ്ടുനിന്നവരൊക്കെ തട്ടമിട്ട കുട്ടിയെന്തുകാണിക്കാനാണ് എന്ന് പുച്ഛിച്ചു. എന്നാല്‍ ഞാന്‍ രണ്ടുംകല്‍പ്പിച്ച് ശ്രമിച്ചു. എനിക്ക് ആദ്യത്തെ മല്‍സരത്തില്‍ സ്വര്‍ണമെഡല്‍ കിട്ടി. എന്റെ കോച്ച് ജയേട്ടനും ആഹ്ലാദമായി. പിന്നെ സംസ്ഥാന പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ ഷിപ്പായിരുന്നു. അത് തിരുവനന്തപുരത്താണ.് ഞാന്‍ സ്‌കൂള്‍ ബസ്സിലും വീട്ടുകാരുടെയൊപ്പം മറ്റു വാഹനങ്ങളിലും അടുത്തുള്ള സ്ഥലങ്ങളിലേക്ക് മാത്രം പോയി ശീലിച്ച ആളാണ്. എന്നാല്‍ തിരുവനന്തപുരത്ത് മല്‍സരത്തിന് പോകേണ്ട കാര്യം പറഞ്ഞപ്പോള്‍ തന്നെ ഉമ്മയും ഉപ്പയും സമ്മതിച്ചു. ഒറ്റയ്ക്ക് എന്നെ വിടാനും അവര്‍ക്ക് പേടിയുണ്ടായിരുന്നില്ല. ഞാന്‍ കരുത്തയാണെന്ന് അവരുടെ ഉള്ളിലൊരു തോന്നലുണ്ടായിരിക്കണം. എന്തായാലും തലസ്ഥാനത്ത് ഞാനാദ്യമായിപോയി.

എന്റെ ആദ്യത്തെ സംസ്ഥാന പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്. അവിടെ മല്‍സരിച്ച പലരും പതിവ് പോലെ എന്നെ കണ്ട് അല്‍ഭുതപ്പെട്ടു. തട്ടമിട്ട വേറെയാരും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ ചാമ്പ്യന്‍ ഷിപ്പിലും ആദ്യഘട്ടത്തിലൊക്കെ ഞാന്‍ വിജയിച്ചു. എന്റെ കോച്ച് പറഞ്ഞിരുന്നു ശ്രമിക്കുകയാണ് പ്രധാനം. നേടുകയെന്നത് രണ്ടാമതാണ് എന്ന്. പക്ഷേ സംസ്ഥാന പവര്‍ ലിഫ്‌ററിംഗ് ചാമ്പ്യന്‍ ഷിപ്പിലും എനിക്ക് സ്വര്‍ണമെഡല്‍ കിട്ടി.

അതുംകഴിഞ്ഞ് നാഷണല്‍ ചാമ്പ്യന്‍ ഷിപ്പായിരുന്നു. അത് അങ്ങ്ജമ്മുകാശ്മീരില്‍. ഞാന്‍ പോയി. പോകുമ്പോള്‍ തന്നെ ജയേട്ടന്‍ പറഞ്ഞു. ബാനു ശ്രമിക്കുക എന്ന പതിവ് വാക്യം. ഞാന്‍ പോയി. ജമ്മുവില്‍ പോയി ആദ്യത്തെ നാഷണല്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ ഷിപ്പ്. അവിടെയും എനിക്ക് സ്വര്‍ണമെഡല്‍ കിട്ടി. കേരളത്തിന് വേണ്ടി ഒരുമെഡല്‍. എന്റെ നാട്ടുകാര്‍ക്കും കോച്ചിനും ഒക്കെ വല്ലാത്ത സന്തോഷമായി. പരിശീലനം തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകള്‍ മാത്രമായ ഞാന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് നേടുക എന്ന് പറഞ്ഞാല്‍ എനിക്ക് തന്നെ അല്‍ഭുതമായി.

അഹങ്കാരങ്ങള്‍ ശമിപ്പിച്ച ഒരു കുട്ടി

അതുകഴിഞ്ഞാണ് പവര്‍ലിഫ്റ്റിംഗില്‍ 2017ലെ വേള്‍ഡ്കപ്പിനായി ഞാന്‍ ഇന്ത്യയെപ്രതിനിധീകരിക്കുന്നത്. ഇന്തോനേഷ്യയില്‍ വച്ചായിരുന്നു മല്‍സരം. ഇതിനിടയില്‍ എനിക്ക് ചെറുതായി അഹങ്കാരമൊക്കെ തോന്നിത്തുടങ്ങിയിരുന്നു. ആദ്യമല്‍സരങ്ങളില്‍ തന്നെ സ്വര്‍ണമെഡലുകള്‍ നേടിയതിന്റെ ഒരഹങ്കാരം. സാഹചര്യങ്ങളും കമ്യൂണിറ്റിയിലെ സങ്കുചിതത്വങ്ങളും മറ്റുപലതും എതിരായിരുന്നിട്ടും ഞാനിതൊക്കെ നേടിയില്ലേ എന്ന ഒരുഅഹങ്കാരം. എന്നാല്‍ ആ അഹങ്കാരമെല്ലാം ഇല്ലാതായത് വേള്‍ഡ് കപ്പിനിടെയുണ്ടായ ഒരു സംഭവമാണ്. ആദ്യഘട്ടത്തില്‍ മല്‍സരങ്ങളിലൊക്കെ ഞാന്‍ നല്ല പ്രകടനം നടത്താമെന്ന ആത്മവിശ്വാസമെനിക്കുണ്ടായിരുന്നു.

ഞാന്‍ ജമ്മുകാശ്മീരില്‍ ഉള്‍പ്പെടെ എല്ലാമല്‍സരങ്ങളിലും ധരിച്ചിരുന്നത് ഒരേ ഷൂവാണ്. 150 രൂപയുടെ ഒരു സാധാരണ ഷൂ. അല്ലാതെ പ്രൊഫഷണലായി ഇതിനെ സമീപിക്കാനൊന്നും എനിക്കറിയുകയും ചെയ്യില്ല. എന്നാല്‍ ഇന്തോനേഷ്യയിലെത്തിയ ആദ്യദിവസം തന്നെ മല്‍സരാര്‍ത്ഥികളെ പരിശോധിക്കുന്നതിന്റെ ഭാഗമായി എന്റെ ഷൂ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. അവിടെ അന്തര്‍ദേശീയ മാനദണ്ഡമൊക്കെ പാലിച്ചാണ് വസ്ത്രങ്ങളും ഷൂവുമൊക്കെ ധരിക്കേണ്ടത്. എന്നാല്‍ ഞാന്‍ അങ്ങോട്ട് പറഞ്ഞു, സാറേ ഇതെന്റെ ലക്കി ഷൂവാണ.് വേറെയില്ല എന്നൊക്കെ പറഞ്ഞു അവര്‍ സമ്മതിച്ചു. പിന്നെ ഞാനിട്ട ബെല്‍ട്ടാണ്. അത് ചോദിക്കാനും പറയാനുമൊന്നും നില്‍ക്കാതെ അവര്‍ ഊരിവലിച്ചൊരേറാണ്.

അങ്ങനെ ഞാന്‍ ബെല്‍റ്റില്ലാത്ത അവസ്ഥയിലായി. ധര്‍മസങ്കടത്തിലായി. ഇനി എങ്ങനെ മല്‍സരത്തിനിറങ്ങും. പെട്ടെന്നെവിടെ നിന്ന സംഘടിപ്പിക്കും. ഇതൊന്നുമറിയാതെ മല്‍സരത്തിനെത്തിയ ഞാനാകെ തകര്‍ന്നുപോയി. അപ്പോഴാണ് ഇത് കണ്ടുനിന്ന ഒരു കുട്ടി, എന്റെ അടുത്തേക്ക് വന്നത്. എന്നോട് മല്‍സരിക്കേണ്ടിയിരുന്ന എന്റെ എതിരാളിയാണ് അവര്‍. ആ കുട്ടി എന്നോടറിയാവുന്ന ഭാഷയില്‍ എന്തൊക്കെയോ സംസാരിച്ചു. ആകുട്ടി എനിക്ക് എല്ലാം റെഡിയാക്കി തന്നു. ആകുട്ടിയുടെ ഉപകരണങ്ങള്‍ എനിക്ക് തരുമ്പോഴും അവരുടെ മുഖത്ത് സന്തോഷമായിരുന്നു. എന്തിന്റെ പേരിലാണെങ്കിലും ഒരാള്‍ മല്‍സരത്തില്‍ നിന്നൊഴിഞ്ഞാല്‍ അത്രയും സമാധാനമായല്ലോ എന്ന് കരുതുന്ന മല്‍സരാര്‍ത്ഥികളുള്ള നാട്ടിലാണ് അവര്‍ എന്നെ ഹെല്‍പ്പ് ചെയ്തത്. എന്നിട്ട് ഞാന്‍ മല്‍സരിച്ചു. ആ വേള്‍ഡ്കപ്പില്‍ ഇന്ത്യക്ക് വേണ്ടി വെള്ളിമെഡല്‍ നേടി ഞാന്‍. ഒരു പക്ഷേ എന്റെ സാന്നിധ്യം കൊണ്ട് ഒരു മുന്നേറ്റം നഷ്ടമായ ആ കുട്ടിയുടെ സഹായമില്ലായിരുന്നെങ്കില്‍ ഞാന്‍ മല്‍സരത്തില്‍ പങ്കെടുക്കാനാകാതെ മടങ്ങേണ്ടി വന്നേനെ. എന്നെ ഇരുത്തിച്ചിന്തിപ്പിച്ച സംഭവമാണത്. എന്റെ സകല അഹങ്കാരവും കെട്ടടങ്ങിയ നിമിഷം. ഇതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എന്ന് തിരിച്ചറിഞ്ഞ നിമിഷം. മറ്റുള്ളവരെയും കൂടി സഹകരിപ്പിച്ച് നേടുന്ന വിജയമാണ് യഥാര്‍ത്ഥ വിജയം.

പിന്നീട് ഞാന്‍ ഇന്ത്യക്ക് വേണ്ടി നാല് ലോകമെഡലുകള്‍ നേടി. അങ്ങനെ ഇന്നിവിടെ ഈ ബിഗ് ബോസില്‍ നില്‍ക്കുന്നു” മജീസിയ ബാനുവിന്റെ പ്രചോദനാത്മകമായ ജീവിതം കേട്ട് ബിഗ് ബോസ് മല്‍സരാര്‍ത്ഥികളോരോരുത്തരും കൈയടിച്ചു. കണ്ടുനിന്ന പ്രേക്ഷകര്‍ മജീസിയ ബാനുവിനെ ഉള്ളിലേക്കെടുത്തു. ഹൃദയത്തോട് ചേര്‍ത്തുവച്ചു.

തട്ടമിട്ട പവര്‍ ലിഫ്റ്റര്‍

മജീസിയ ബാനു ഹിജാബ് ധാരിയായ പവര്‍ ലിഫ്റ്റര്‍ എന്നാണ് അറിയപ്പെടുന്നത്. മല്‍സരസമയങ്ങളിലും തട്ടമിട്ട് പങ്കെടുത്ത് മാധ്യമശ്രദ്ധയും നേടിയിട്ടുണ്ട് മജീസിയ. ബോഡി ബില്‍ഡര്‍ എന്ന നിലയിലും ആംരസ്ലര്‍ എന്ന നിലയിലും കേരളത്തിന് വേണ്ടിയും ഇന്ത്യക്ക് വേണ്ടിയും നിരവധി മെഡലുകള്‍ മജീസിയ വാരിക്കൂട്ടിയിട്ടുണ്ട്. വടകര ഓര്‍ക്കാട്ടേരിക്കടുത്ത് കല്ലേരി മൊയിലോത്ത് വീട്ടില്‍ അബ്ദുള്‍ മജീദിന്റെയും റസിയയുടെയും മകളാണ് മജീസിയ ബാനു.

ഇരിങ്ങല്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ മാഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റര്‍ സയന്‍സസില്‍ ബാച്ചിലര്‍ ഓഫ് ബിഡിഎസ് വിദ്യാര്‍ത്ഥിയാണ്. ബിഗ് ബോസിലെ പ്രകടനത്തിലൂടെ മജീസിയ പുതിയൊരു അധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

- Advertisment -

Most Popular