Thursday, November 21, 2024
Homeഅത് രാഷ്ട്രീയ ഉദ്ദേശത്തോടെ നടത്തിയ നാടകം; കോണ്‍ഗ്രസ്സുകാര്‍ വിവാദമുണ്ടാക്കി മുതലെടുക്കാന്‍ നോക്കി; സലിംകുമാറിന്റെ സലിംകുമാറിന് രാഷ്ട്രീയലക്ഷ്യമെന്ന്...
Array

അത് രാഷ്ട്രീയ ഉദ്ദേശത്തോടെ നടത്തിയ നാടകം; കോണ്‍ഗ്രസ്സുകാര്‍ വിവാദമുണ്ടാക്കി മുതലെടുക്കാന്‍ നോക്കി; സലിംകുമാറിന്റെ സലിംകുമാറിന് രാഷ്ട്രീയലക്ഷ്യമെന്ന് മന്ത്രി ബാലനും

രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് സലീം കുമാര്‍ വിട്ടു നിന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയെന്ന് മന്ത്രി എ കെ ബാലന്‍. ഐഎഫ്എഫ്കെ കൊച്ചി എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം. പ്രതിസന്ധികള്‍ക്കിടയിലും മേളയുടെ തുടക്കം മുതലെ ചിലര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എ കെ ബാലന്‍ കുറ്റപ്പെടുത്തി.

സലീം കുമാറിന്റെ കാര്യത്തില്‍ യാതൊരു വീഴ്ച്ചയും അക്കാദമിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. രാഷ്ട്രീയമായി മാറ്റിനിര്‍ത്തിയെന്ന ആരോപണത്തിന് പറവൂരില്‍ സലിം കുമാര്‍ ഉദ്ഘാടനം ചെയ്ത കെഎസ്എഫ്ഡിസി തിയറ്റര്‍ ഉള്‍പ്പെടെ എണ്ണി പറഞ്ഞായിരുന്നു മന്ത്രിയുടെ വിമര്‍ശനം. അതേസമയം കമല്‍ ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

‘പ്രതിസന്ധികള്‍ക്കിടയിലും മേളയുടെ തുടക്കം മുതല്‍ ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. സലിംകുമാറിന്റെ കാര്യത്തില്‍ അക്കാദമിയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടില്ല. സലീം കുമാര്‍ മേളയില്‍ നിന്നും വിട്ടു നിന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്.’ ‘ബഹിഷ്‌കരണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഐ എഫ് എഫ് കെയെ തകര്‍ക്കാന്‍ കഴിയില്ല. മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് നന്ദി’.

ഉദ്ഘാടനത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് പറഞ്ഞ് നടന്‍ സലീം കുമാര്‍ തന്നെയാണ് ആദ്യം രംഗത്തെത്തിയത്. ഉദ്ഘാടന ചടങ്ങില്‍ വിളിക്കാത്തത് വിവാദമായതിനെ തുടര്‍ന്നാണ് തന്നെ സമാപന ചടങ്ങിലേക്ക് ക്ഷണിച്ചത്. ഉദ്ഘാടനത്തിന് വിളിക്കാത്തതിനാല്‍ താന്‍ സമാപന ചടങ്ങിലും പങ്കെടുക്കുന്നില്ലെന്ന് സലീം കുമാര്‍ പ്രതികരിച്ചിരുന്നു.

”ഇന്നാണ് എന്നെ അവര്‍ വിളിക്കുന്നത്. എന്താണ് എന്നെ ഒഴിവാക്കാനുള്ള കാരണമെന്ന് ചോദിച്ചപ്പോള്‍ പ്രായകൂടുതലാണെന്നാണ് പറഞ്ഞത്. എന്നെക്കാള്‍ ഇളയ ആളുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപ്പോള്‍ ഞാന്‍ പറഞ്ഞു, ആഷിഖ് അബുവും അമല്‍നീരദും എന്റെയൊപ്പം മഹാരാജാസില്‍ പഠിച്ചതാണ്. അതില്‍ എന്ത് പ്രായകുറവാണ്. എന്താണ് പ്രായകുറവെന്ന് മനസിലാകുന്നില്ല. കമ്മറ്റിക്കാരനായ സോഹന്‍ലാലാണ് പ്രായകൂടുതല്‍ കൊണ്ടാണ് ഒഴിവാക്കിയതെന്ന് പറഞ്ഞത്. മനപ്പൂര്‍വ്വം ഒഴിവാക്കിയിട്ടില്ലെന്നാണ് കമല്‍ പറഞ്ഞത്. എന്നാല്‍ രണ്ടാഴ്ച മുന്‍പ് ടിനി ടോം ഇക്കാര്യം അവര്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. സലീംകുമാറിനെ ഒഴിവാക്കിയത് എന്തിനെന്ന് ചോദിച്ചപ്പോള്‍ മറ്റു പല കാരണങ്ങളാണ് അവര്‍ പറഞ്ഞത്.

മനപൂര്‍വ്വം ആദ്യമേ ഒഴിവാക്കിയതാണ്. ഒഴിവാക്കിയതില്‍ രാഷ്ട്രീയം തന്നെയാണ് കാരണം. രണ്ടാഴ്ച മുന്‍പ് തന്നെ അവര്‍ തീരുമാനിച്ചിരുന്നു ചടങ്ങില്‍ ആര് പങ്കെടുക്കണമെന്ന്. ഇപ്പോള്‍ എന്നെ വിളിച്ചു പറഞ്ഞു, അവസാനദിവസം വരണമെന്ന്. മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ സംഭവം വിവാദമായെന്ന് തോന്നിയതോടെയാണിത്. എന്നെ മാറ്റി നിര്‍ത്തിയത് ആരുടെയോ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്. അത് സംരക്ഷിക്കപെടുക തന്നെ വേണം. കമല്‍ പറഞ്ഞത് ശരിയല്ല. വിളിക്കാന്‍ വൈകിയതല്ല, വിളിക്കാതിരുന്നതാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ടിനിം ടോം പറഞ്ഞത്, രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്ത് വിളിച്ച് ചോദിച്ചതാണ് എന്തുകൊണ്ട് സലീംകുമാറിനെ വിളിച്ചില്ലെന്ന്. രാഷ്ടീയ വിരോധം തന്നെയാണ് അതിന് പിന്നില്‍. അല്ലാതെ എന്ത് പാതകമാണ് ഞാന്‍ നാടിന് ചെയ്തത്. സമാപന ചടങ്ങില്‍ ഞാന്‍ പങ്കെടുക്കില്ല. അവര് വിളിച്ചാലും ഞാന്‍ പോവില്ല. മാറ്റിനിര്‍ത്തിയതില്‍ വിഷമമുണ്ട്. എന്നെ മാറ്റിനിര്‍ത്തുമ്പോള്‍ വിജയിക്കുന്നവര്‍ ചിലരാണ്. അവര്‍ വിജയിക്കട്ടെ. ഞാന്‍ എത്തിയില്ലെന്ന് കരുതി മേള മോശമാവില്ല. നല്ലരീതിയില്‍ തന്നെ മുന്നോട്ടു പോകും.’

അതേസമയം ഐഎഫ്എഫ്‌കെ കൊച്ചി ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലീംകുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പറഞ്ഞത്. രാഷ്ട്രീയമായി മാറ്റി നിര്‍ത്താവുന്ന ആളല്ല സലീംകുമാര്‍. സലീംകുമാറിനെ ഒഴിവാക്കിക്കൊണ്ട് എറണാകുളത്ത് ഒരു മേള സാധ്യമല്ല. അദ്ദേഹത്തെ വിളിക്കാന്‍ വൈകിയിട്ടുണ്ടാകും. എന്നാല്‍ ഒഴിവാക്കിയിട്ടില്ല. സലീംകുമാറിന് ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കും. അദ്ദേഹത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയുണ്ട്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും കമല്‍ വ്യക്തമാക്കി.

- Advertisment -

Most Popular