തിരുവനന്തപുരം : പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധികള്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരത്തിന് നേതൃത്വം കൊടുക്കുന്ന ഉമ്മന്‍ചാണ്ടിയെ മുന്‍നിലപാട് തിരിഞ്ഞുകൊത്തുന്നു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരുവര്‍ഷമാക്കി ചുരുക്കിയ ഉത്തരവിന്റെ കോപ്പി പുറത്തായി. സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ റാങ്ക് പട്ടികയുടെ കാലാവധി മൂന്നില്‍നിന്നും ഒരു വര്‍ഷമായി വെട്ടിക്കുറക്കാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പിഎസ്സി ചട്ടവും ഭേദഗതിചെയ്തു. 2016 ഏപ്രില്‍ 16ന് അതിവേഗം വിജ്ഞാപനവും ഇറക്കി. പരിശീലനം ആവശ്യമുള്ള എല്ലാ റാങ്ക് പട്ടികയുടെയും (യൂണിഫോം ഫോഴ്സ്) കാലാവധിയും ഇതോടൊപ്പം വെട്ടിച്ചുരുക്കി.
പിഎസ്സിയുടെ ചട്ടം 13ല്‍ ഭാഗം ഒന്നാണ് ഭേദഗതി ചെയ്തത്. നേരത്തെ നിയമന ശുപാര്‍ശ ലഭിച്ച അവസാന ബാച്ചിന്റെ പരിശീലനം ആരംഭിച്ച് ഒരു മാസംവരെ റാങ്ക് പട്ടികയ്ക്ക് കാലാവധി ലഭിച്ചിരുന്നു. പരിശീലനം വൈകിയാല്‍ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥിക്ക് നോണ്‍ ജോയിനിങ് ഡ്യൂട്ടി ആനുകൂല്യം ലഭിക്കും. ഈ ആനുകൂല്യമാണ് ഇല്ലാതാക്കിയത്. റാങ്ക് പട്ടികയുടെ ചിറകരിഞ്ഞ ഈ നടപടിയെ കുറിച്ച് മിണ്ടാതെയാണ് ഉമ്മന്‍ചാണ്ടിയുടെ സമരനേതൃത്വം. ജൂണ്‍ 30ന് കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയില്‍നിന്ന് അടുത്ത ഡിസംബര്‍ 31വരെയുള്ള ഒഴിവിലേക്ക്വരെ (പ്രതീക്ഷിത ഒഴിവ്) നിയമനം നടത്താനാണ് നിലവിലെ ഉത്തരവ്.