നോര്‍ക്ക റൂട്ട്സ് ഡയറക്ടറും പ്രവാസി വ്യവസായിയുമായ രവി പിള്ളയ്ക്ക് എന്‍എസ്എച്ച് കമ്പനിയുമായി ബന്ധമില്ലെന്ന് ആര്‍പി ഗ്രൂപ്പ്. എന്‍എസ്എച്ച് എന്ന സ്ഥാപനത്തിന്റെ പേരില്‍ രവി പിള്ളയേയും സ്ഥാപനങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്നതിനും വ്യക്തിഹത്യ ചെയ്യുന്നതിനും ശ്രമം നടക്കുകയാണെന്ന് ആര്‍പി ഗ്രൂപ്പ് പത്രക്കുറിപ്പില്‍ ആരോപിച്ചു. രവി പിള്ളയുടെ കമ്പനി കൊവിഡ് കാലത്ത് ആനുകൂല്യങ്ങള്‍ പോലും നല്‍കാതെ പിരിച്ചുവിട്ടെന്നാരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യാന്‍ പോയവരെ പൊലീസ് കൊല്ലത്ത് വെച്ച് അറസ്റ്റ് ചെയ്തത് വിവാദമായിരിക്കെയാണ് വിശദീകരണവുമായി രവി പിള്ള ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്.
ബി രവി പിള്ള 2014 വരെ സൗദിയിലെ എന്‍എസ്എച്ച് എന്ന സ്ഥാപനത്തിന്റെ പദവി വഹിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ഈ സ്ഥാപനവുമായി രവി പിള്ളയ്ക്ക് ബന്ധമില്ല. നൂറ് ശതമാനം സൗദി പൗരന്മാരുടെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
ഈ സ്ഥാപനത്തിലെ പൂര്‍വ്വ തൊഴിലാളികള്‍ എന്ന് അവകാശപ്പെട്ടുകൊണ്ട് ഏതാനും വ്യക്തികള്‍ കൊല്ലത്ത് രവി പിള്ളയുടെ വസതിക്ക് മുന്നില്‍ സംഘം ചേരുകയും പ്രകടനം നടത്തുകയും ചെയ്തെന്ന് ആര്‍പി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പൊലീസിന്റെ സമയോചിത ഇടപെടല്‍ മൂലം അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. രവി പിള്ളയുടെ ഉടമസ്ഥതയിലോ പരോക്ഷമായി ബന്ധമുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്തവരോ ആണെങ്കില്‍ അവര്‍ക്ക് ന്യായമായ അവകാശങ്ങള്‍ക്ക് പുറമേ അഞ്ച് ലക്ഷം രൂപ കൂടി നല്‍കാമെന്നും ആര്‍ പി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരം നടപടികളൊന്നും പ്രതിഷേധിച്ചവര്‍ ചെയ്തില്ല. തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ ഇന്ത്യയിലും വിദേശത്തുമുള്ള തൊഴില്‍ തര്‍ക്ക പരിഹാര കോടതികളെ സമീപിക്കുക, തുടങ്ങിയ നിയമപരമായ ധാരാളം മാര്‍ഗങ്ങള്‍ നിലവിലിരിക്കെ, ഇത് ചെയ്യാതെ തുടര്‍ച്ചയായി വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പ്രചരിപ്പിക്കുകയാണ്. രവി പിള്ളയേയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളേയും അപമാനിച്ച് നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആര്‍ പി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
രവി പിള്ളയ്ക്കെതിരെ സമരം ചെയ്യാനായി തലസ്ഥാനത്തേക്ക് യാത്ര തിരിച്ച 65 പ്രവാസി തൊഴിലാളികളെ പൊലീസ് കൊല്ലത്ത് വെച്ച് വഴിയില്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. എട്ട് മണിക്ക് കസ്റ്റഡിയിലെടുത്ത ഇവരെ ഉച്ച തിരിഞ്ഞ് രണ്ടരയോടെയാണ് വിട്ടയച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരുപ്പ് സമരം നടത്തി. മോഡി സര്‍ക്കാര്‍ കര്‍ഷക സമരത്തെ നേരിടുന്നത് പോലെയാണ് പിണറായി സര്‍ക്കാര്‍ പ്രതിഷേധക്കാരെ തടഞ്ഞതെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ഒരു കുറ്റവും ചെയ്യാത്ത സാധാരണക്കാരെ, സര്‍ക്കാരിനെതിരെ പോലുമല്ലാത്ത സമരത്തിന് പോയവരെ തടഞ്ഞ് മണിക്കൂറുകളോളം തടവില്‍ വെച്ചത് രവി പിള്ളയ്ക്ക് വേണ്ടി ഈ സമരം പൊളിക്കാനാണ്. രവി പിള്ള ഇവര്‍ക്ക് പണം കൊടുക്കണോ വേണ്ടയോ എന്നതിന്റെ ന്യായം എനിക്കറിയില്ല. പക്ഷെ, രവി പിള്ള എന്ന മുതലാളിക്കെതിരെ സമരം ചെയ്യാന്‍ ഇറങ്ങി വന്ന ആളുകളെ വഴിയില്‍ തടഞ്ഞ് ആ സമരത്തെ പൊളിക്കാന്‍ വേണ്ടി നമ്മുടെ സര്‍ക്കാര്‍ സംവിധാനം വലിയ പ്രയത്നമാണ് നടത്തിയത്. ഇത്തരം അനീതികളെ നേരിടാന്‍ തന്റേടം കാണിച്ചില്ലെങ്കില്‍ കേരളം ഭരിക്കുന്നത് ഇവിടുത്തെ മുതലാളിമാരായിരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു