തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ വലിയ നേതാക്കളാരുമില്ലെങ്കില്‍ വീണാ എസ് നായരെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. പ്രമുഖ നേതാക്കള്‍ വെല്ലുവിളിയുള്ള മണ്ഡലങ്ങളില്‍ മല്‍സരിക്കണമെന്ന കെപിസിസി നേതൃത്വത്തിന്റെയും ഹൈക്കമാന്റിന്റെയും ആലോചന എങ്ങുമെത്തിയില്ലെങ്കില്‍ വീണതന്നെയായിരിക്കും ഉചിതമെന്നാണ് കെപിസിസി പ്രസിഡന്റിന്റെയും താല്‍പര്യമെന്നാണ് സൂചന.
ഉമ്മന്‍ചാണ്ടി നേമത്ത് മല്‍സരിക്കുകയാണെങ്കില്‍ ചെന്നിത്തല വട്ടിയൂര്‍ക്കാവിലും മല്‍സരിക്കണമെന്ന് എ ഗ്രൂപ്പ് നിര്‍ദ്ദേശം വച്ചിട്ടുണ്ട്. ആ നിര്‍ദ്ദേശവും ആലോചനയും മുന്നോട്ട് പോകുന്ന ലക്ഷണമേ കാണുന്നില്ല. ഈസാഹചര്യത്തിലാണ് കെപിസിസി നേതൃത്വം വട്ടിയൂര്‍ക്കാവിലാര് എന്ന ആലോചന നടത്തുന്നത്.
കെ മോഹന്‍കുമാര്‍ നേരത്തെ പ്രശാന്തിനോട് മല്‍സരിച്ച് പരാജയപ്പെട്ടതും പിസി വിഷ്ണുനാഥിന് താല്‍പര്യക്കുറവുള്ളതുകൊണ്ടും മറ്റാര് എന്നാലോചിച്ചു. അതിന്റെ ഭാഗമായാണ് ഒടുവില്‍ വീണാ എസ് നായരുടെ പേര് ഉയര്‍ന്നുവന്നത്. ഗ്രൂപ്പിനതീതമായ സ്ഥാനാര്‍ത്ഥിയെന്നതാണ് മുല്ലപ്പള്ളി മുന്നോട്ട് വയ്ക്കുന്ന സാധ്യത. വീണ സജീവമായി ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്നയാളല്ല, അതോടൊപ്പം യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നുമുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്സിന്റെ സജീവമുഖവുമാണ്. അതേ സമയം എന്‍എസ്എസ് വോട്ടുമുറപ്പാക്കാം എന്നതാണ് നേതൃത്വം കാണുന്ന അനുകൂല ഘടകം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡിലാണ് വീണ മല്‍സരിച്ചിരുന്നത്. എല്‍.എല്‍.എം ബിരുദധാരിയായ വീണ എസ് നായര്‍ ഏഷ്യാനെറ്റ് പ്ലസ്, കിരണ്‍ ടിവി, ദൂരദര്‍ശന്‍ തുടങ്ങിയ ചാനലുകളിലെ അവതാരകയായിരുന്നു. കൂടാതെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായ വീണ അസോസിയേഷന്‍ ഫോര്‍ ലീഗല്‍ എംപവര്‍മെന്റ് ആന്‍ഡ് റൂറല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ എന്ന സംഘടനയിലെ പ്രവര്‍ത്തക കൂടിയാണ്.
കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്റെ മകനും ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥനുമായ കെ.പി.കെ തിലകനാണ് വീണയുടെ ഭര്‍ത്താവ്. ശാസ്തമംഗലം കുന്നില്‍ കുടുംബാംഗമായ സോമശേഖരന്‍ നായരുടേയും ലീനയുടേയും മകളാണ് ഇരുപത്തിയാറുകാരിയ വീണ.