Friday, November 22, 2024
HomeNewshouseപുതിയ പാര്‍ട്ടിയെന്ന് കാപ്പന്‍; ഒറ്റയ്ക്ക് വന്ന് കൈപ്പത്തിയില്‍ മല്‍സരിക്കണമെന്ന് മുല്ലപ്പള്ളി; കൂടുതല്‍ സീറ്റുകള്‍ ചോദിച്ചുകൊണ്ടുള്ള കാപ്പന്റെ...

പുതിയ പാര്‍ട്ടിയെന്ന് കാപ്പന്‍; ഒറ്റയ്ക്ക് വന്ന് കൈപ്പത്തിയില്‍ മല്‍സരിക്കണമെന്ന് മുല്ലപ്പള്ളി; കൂടുതല്‍ സീറ്റുകള്‍ ചോദിച്ചുകൊണ്ടുള്ള കാപ്പന്റെ വരവില്‍ യുഡിഎഫിലും അസ്വസ്ഥത

തിരുവനന്തപുരം; മാണി സി കാപ്പന്റെ വരവ് യുഡിഎഫിന് വലിയ നേട്ടമാണെങ്കിലും കാപ്പന്റെ പ്ലെയ്‌സ്‌മെന്റിനെ ചൊല്ലി പുതിയ തര്‍ക്കം രൂപമെടുക്കുന്നതായി സൂചന. എന്‍സിപിയില്‍ നിന്ന് കാപ്പന്‍ മാത്രമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എംഎല്‍എ സ്ഥാനം ഉണ്ട് എന്നതുകൊണ്ട് ഒരുഘടകക്ഷിയുടെ പരിഗണന കാപ്പന് കൊടുക്കേണ്ടതില്ല എന്നതാണ് മുല്ലപ്പള്ളിയുടെ നിലപാട്. കാപ്പന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കട്ടെയെന്നാണ് കെപിസിസിയുടെ ആഹ്വാനം.
മാണി സി. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നും ആവര്‍ത്തിച്ചു. ഒരു കോണ്‍ഗ്രസുകാരനായി അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്ന് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. പുതിയ പാര്‍ട്ടിയുടെ ആവശ്യമില്ലെന്നും കാപ്പന്‍നേരിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ മതിയെന്നുമുള്ള മുല്ലപ്പള്ളിയുടെ ആവശ്യം ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്നാണ് കാപ്പന്‍ പക്ഷത്തിന്റെ നിലപാട്. മുല്ലപ്പള്ളി രാമചന്ദ്രന്റെ പരസ്യനിലപാട് കാപ്പനെയും കൂട്ടരെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

അതേ സമയം പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ ഘടകകക്ഷിയായി നില്‍ക്കുമെന്ന് മാണി സി കാപ്പനും പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് ചോദിക്കാനും ഉദ്ദേശിക്കുന്നു. എലത്തൂര്‍, കായംകുളം സീറ്റുകള്‍ പാലാ കൂടാതെ ചോദിക്കും. എന്‍സിപിയുടെ ദേശീയ നേതൃത്വം ഇടതുമുന്നണിക്കൊപ്പമാണ്. കൂടെയുള്ളവരുടെ യോഗം നാളെ പാലായില്‍ ചേരും. സര്‍ക്കാര്‍ നല്‍കിയ കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങളും രാജിവയ്ക്കും. 11 സംസ്ഥാന ഭാരവാഹികള്‍ തനിക്കൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം കാപ്പന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്യുന്നതിനിടെയാണ് കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന ആവശ്യവുമായി മുല്ലപ്പള്ളി രംഗത്തുവന്നത്. പി.ജെ ജോസഫിന്റെ പാര്‍ട്ടിയിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ലയിച്ച് വരണമെന്നാണ് യു.ഡി.എഫിലെ ഒരു വിഭാഗം മുന്നോട്ട് വെക്കുന്നത്. വലിയ ജനപിന്തുണയില്ലാത്ത ഒരു പുതിയ ഘടകകക്ഷി യു.ഡി.എഫിലേക്ക് വരുന്നതിനോട് മുല്ലപ്പള്ളിയും യോജിക്കുന്നില്ല. ഇതോടെ കാപ്പന്‍ കൂടുതല്‍പ്രതിസന്ധിയിലാവുകയാണ്. ഇതുവരെ എന്‍.സി.പി. നേതാവ് എന്നറിയപ്പെട്ട കാപ്പന്‍ ഒരു പക്ഷെ ഇനി കോണ്‍ഗ്രസുകാരനായി അറിയപ്പെട്ടേക്കാം.

എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ എന്ത് ധാര്‍മികതയെന്നും റോഷി അഗസ്റ്റിനും എന്‍.ജയരാജും തോമസ് ചാഴികാടനും എന്തുകൊണ്ട് രാജിവെച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. മന്ത്രി എം.എം. മണിയുടെ വിമര്‍ശനങ്ങളെയും മാണി സി കാപ്പന്‍ പരിഹസിച്ചു. മണി വാ പോയ കോടാലിയാണ്. വണ്‍, ടു, ത്രീ എന്ന് പരിഹാസം. ജനങ്ങളുടെ കോടതിയില്‍ ജോസ് കെ മാണിക്ക് മറുപടി ലഭിക്കുമെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

- Advertisment -

Most Popular