മാവേലിക്കര: സ്‌നേഹവും ആഹ്ലാദവും ഉയരേണ്ട വിവാഹവീട് ഗൂഢസംഘങ്ങളുടെ ഗുണ്ടാകേന്ദ്രം പോലെയായാലോ. മാവേലിക്കരയിലെ ഒരു വീവാഹവീട്ടില്‍ നടന്ന ദുരന്തം മലയാളികളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. കല്യാണച്ചടങ്ങുകള്‍ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു. തട്ടാരമ്പലം സ്വദേശി രഞ്ജിത്താണ് മരിച്ചത്. 33 വയസ്സായിരുന്നു. സംഭവത്തില്‍ വരന്റെ പിതാവ് ഉള്‍പ്പെടെ 10പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ജനുവരി 26ന് മാവേലിക്കരയ്ക്ക് സമീപം കോഴിപ്പാലത്താണ് സംഭവം. വിവാഹത്തലേന്ന് നടന്ന സത്കാരത്തിനിടെ വിവാഹ വീട്ടില്‍ എത്തിയ അതിഥികളും നാട്ടുകാരുമായുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും കൂട്ടത്തല്ലിലേക്കുമെത്തിച്ചത്. വരന്റെ പിതാവ് നെല്‍സന്‍ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നെത്തയി സഹപ്രവര്‍ത്തകരുടെ ആഘോഷം റോഡിലേക്ക് നീണ്ടത് നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെ നെല്‍സണും സഹപ്രവര്‍ത്തകരും കമ്പിയും വടികളുമൊക്കെ ഉപയോഗിച്ച് നാട്ടുകാരെ ആക്രമിച്ചു. ഇതിനിടെ പരിക്കേറ്റ രഞ്ജിത്തിനെ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജനുവരി 30ന് മരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് ആദ്യം വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. എന്നാല്‍ പരിക്കേറ്റയാള്‍ മരിച്ചതിന് പിന്നാലെ കൊലക്കുറ്റം ചുമത്തി. പിടികിട്ടാനുള്ള ബാക്കി ആറുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.