Saturday, July 27, 2024
Homeആദരാഞ്ജലിയെന്നാല്‍ ആദരവോടെയുള്ള കൂപ്പുകൈ എന്ന് വീക്ഷണം; പക്ഷേ ചെന്നിത്തലയുടെ യാത്രയ്ക്ക് തിളക്കം കെടുത്താന്‍ ആസൂത്രിത നീക്കമെന്ന്...
Array

ആദരാഞ്ജലിയെന്നാല്‍ ആദരവോടെയുള്ള കൂപ്പുകൈ എന്ന് വീക്ഷണം; പക്ഷേ ചെന്നിത്തലയുടെ യാത്രയ്ക്ക് തിളക്കം കെടുത്താന്‍ ആസൂത്രിത നീക്കമെന്ന് വിലയിരുത്തല്‍; ആദരാഞ്ജലി വിവാദത്തില്‍ കേസുമായ് മാനേജ്മെന്റ്

കാസര്‍ഗോഡ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ലഭിക്കുന്ന പൊതുസ്വീകാര്യതയുടെയും രാഷ്ട്രീയ പ്രാധാന്യത്തിന്റെയും തിളക്കം കെടുത്താന്‍ ആസൂത്രിത നീക്കമുണ്ടായെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷമം. അതിന്റെ ഭാഗമായാണ് യാത്രയ്ക്ക് ആശംസകള്‍ അര്‍പ്പിക്കേണ്ടയിടത്ത് ആദരാഞ്ജലിയെന്ന് അച്ചടിച്ചത്. സിപിഎമ്മുമായ് ചേര്‍ന്ന് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും കെപിസിസി മുഖപത്രത്തില്‍ അട്ടിമറി ശ്രമം നടത്തുകയും ചെയ്തവരാണ് അതിന് പിന്നിലെന്നാണ് വീക്ഷണം പറയുന്നത്. അതുകൊണ്ട് അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

വീക്ഷണം മാനേജ് മെന്റിന്റെ വാര്‍ത്താക്കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ താഴെ:

യാത്രയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സപ്ലിമെന്റിലാണ് ആശംസകള്‍ എന്നതിന് പകരം മറ്റൊരു വാക്ക് കടന്നുവന്നത്. പേജ് ഫൈനല്‍ പ്രൂഫ് വായന കഴിഞ്ഞ മാറ്റര്‍് അംഗീകാരം നല്‍കിയ ശേഷമാണ് ഇത്തരമൊരു അട്ടിമറി നടന്നത്. സപ്ലിമെന്റ് പരസ്യം പത്രത്തിന് പുറത്ത് കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനമാണ് ചെയ്തു വരുന്നത്. പിഡിഎഫ് എടുക്കുന്നതിനിടയിലാണ് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പേജിലെ ആശംസകള്‍ എന്നത് മാറ്റി മറ്റൊരു വാക്ക് പകരം ചേര്‍ത്തത്. സപ്ലിമെന്റ് പേജുകള്‍ അവിടെ നിന്ന് നേരിട്ട് പ്രസ്സിലേക്ക് അയക്കുകയായിരുന്നു. പത്രം പ്രിന്റ് ചെയ്ത ശേഷമാണ് ചതി മനസ്സിലായത്.

വീക്ഷണത്തിനെതിരെ സിപിഎമ്മിന് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്ന വ്യക്തികളുടെ സ്വാധീനത്തിലാണ് സ്വകാര്യ കമ്പനി ഇത് ചെയ്തതെന്നും കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും വീക്ഷണം വ്യക്തമാക്കി. സിപിഎമ്മിനുവേണ്ടിയാണ് ഇത്തരമൊരു തരംതാണ വേല ചെയ്തത്. അംഗീകരിച്ച് വിട്ട മാറ്ററില്‍ തിരുത്ത് വരുത്തിയ ശേഷം സ്വകാര്യ കമ്പനി നടത്തിയ അട്ടിമറി ഗൗരവത്തോടെയാണ് മാനേജ്മെന്റ് കാണുന്നത്.

യാത്രയുടെ ശോഭ കെടുത്താന്‍ തലേ ദിവസം തന്നെ ദേശാഭിമാനിയില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ബന്ധപ്പെടുത്തിയായിരുന്നു ഈ വ്യാജ വാര്‍ത്ത. ഇത്തരം വ്യാജ വാര്‍ത്ത നല്‍കിയതിന് പിന്നിലും കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് പാര്‍ട്ടിയും പത്രവും ചൂണ്ടിക്കാട്ടി.

അതേസമയം ദുരുദ്ദേശത്തോടെയാണ് ഡിടിപി ഓപ്പറേറ്റര്‍ പ്രസ്തുത തിരുത്ത് വരുത്തിയതെങ്കിലും പ്രയോഗപരമായി തെറ്റല്ലെന്ന അഭിപ്രായം ഭാഷാ വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്. ആദരവോടെയുള്ള കൂപ്പുകൈ എന്നര്‍ത്ഥത്തിലാണ് സാധാരണ അത്തരം പ്രയോഗങ്ങള്‍ നടത്താറുള്ളത്. ബഹുമാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഫൈനല്‍ പ്രൂഫിന് ശേഷം മാറ്ററില്‍ അത്തരമൊരു തിരുത്ത് വരുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നിയമനടപടിയുമായ് മുന്നോട്ടു പോകുമെന്നും മാനേജ്മെന്റ് ഉറപ്പിച്ചു പറയുന്നു.

- Advertisment -

Most Popular