Saturday, July 27, 2024
HomeBook houseചെരുപ്പുകളുടെ കഥ മുതല്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന പി കുഞ്ഞിരാമന്‍ നായരുടെ നിഷ്‌കളങ്കമുഖം വരെ; ഫോട്ടോകളെ മുന്‍നിര്‍ത്തിയൊരു...

ചെരുപ്പുകളുടെ കഥ മുതല്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന പി കുഞ്ഞിരാമന്‍ നായരുടെ നിഷ്‌കളങ്കമുഖം വരെ; ഫോട്ടോകളെ മുന്‍നിര്‍ത്തിയൊരു പുസ്തകം, പ്രത്യക്ഷം വ്യത്യസ്തമാകുന്നതിങ്ങനെ

ആര്‍ പി ശിവകുമാര്‍
‘ഫോട്ടോ എടുപ്പിനുള്ള തയ്യാറെടുപ്പ് എന്നത് നിരവധി സൈദ്ധാന്തികതലങ്ങളുള്ള ഒരു പ്രക്രിയ ആണ് ”എന്ന് സുധീഷ് കോട്ടേമ്പ്രം എഴുതിയതു വായിച്ചപ്പോള്‍ (‘ക്യാമറയ്ക്കു മുന്നിലെ മനുഷ്യപെരുമാറ്റങ്ങള്‍’ എന്ന ഫോട്ടോട്രാക്‌സ് മാസികയിലെ സ്വന്തം ലേഖനത്തെപ്പറ്റിയുള്ള എആ കുറിപ്പ്. മാസിക കിട്ടാന്‍ ഒരു വഴിയുമില്ല) ഇന്നലെ വാങ്ങിയ ഇ പി രാജഗോപാലന്റെ പ്രത്യക്ഷം എന്ന പുസ്തകത്തെ നോക്കിപ്പോയി. പി കുഞ്ഞിരാമന്‍ നായരുടെ ഫോട്ടോകള്‍ വച്ചുള്ള വിശകലനമാണതില്‍. ഒപ്പം ബഷീറിന്റെയും എം ടിയുടെയും ഒരു തെയ്യത്തിന്റെയും ഛായാചിത്രങ്ങളെ വച്ചുള്ള വിശകലനവും. പടമെടുപ്പുകാരനായ പി വി കൃഷ്ണന്റെ ഒരു അനുബന്ധക്കുറിപ്പും.
പ്രബുദ്ധന്‍ കൊല്ലങ്കോട് എടുത്ത, പിയുടെ രണ്ടു വ്യത്യസ്തമായ ചെരുപ്പുകളുടെ ചിത്രത്തെപ്പറ്റിയുള്ള കുറിപ്പ് മാതൃഭൂമിയില്‍ വന്ന അന്നേ ശ്രദ്ധേയമായതാണ്. ഇങ്ങനെയുള്ള നിരൂപണക്കുറിപ്പുകള്‍ അപൂര്‍വതയാണല്ലോ. പുസ്തകത്തിന്റെ ആമുഖവാചകം പി കുഞ്ഞിരാമന്‍ നായരുടെ ഒരു കവിതയിലെ വരികളാണ്. അതിലും ക്യാമറയുണ്ട്.

”ലോകചരിത്രപഠനത്തിനപ്പാന്ഥ-
നേകാകിയായിച്ചരിച്ചു
………………………………………………
ആയിരമായിരം ചിത്രമുള്‍ക്കൊള്ളുന്ന
‘ക്യാമറ’ തോളിലുണ്ടെന്നും.
പ്രത്യക്ഷം എന്ന പുസ്തകം ഈ ജനുസ്സില്‍ ഇത്ര സമഗ്രതയോടെ വരുന്ന ആദ്യത്തെ ചുവടുവെപ്പായിരിക്കും. മരിച്ചുപോയ പുനലൂര്‍ രാജന്‍ എടുത്ത ചിത്രങ്ങളുടെ ഇപ്പോഴത്തെ സൂക്ഷിപ്പുകാരനായ മാങ്ങാട് രത്‌നാകരന്‍ പല ആനുകലികങ്ങളിലും തുടര്‍ച്ചയായി ഫോട്ടോകള്‍, വ്യക്തിപരിചയസമ്പന്നമായ കുറിപ്പുകളുടെ അകമ്പടിയോടെ പ്രസിദ്ധീകരിക്കുന്നുണ്ട്. ചിത്രീകരിക്കപ്പെട്ട വ്യക്തികളുടെ സവിശേഷതകള്‍ക്ക് കുറിപ്പുകളില്‍ ഊന്നലുണ്ട്. അതേസമയം ചിത്രത്തിന്റെ വിശകലനങ്ങളല്ല അവ.

പി. കുഞ്ഞിരാമന്‍ നായര്‍, ബഷീര്‍, എം.ടി.വാസുദേവന്‍ നായര്‍, എന്നിവരുടെ ഫോട്ടോകളെക്കുറിച്ചുള്ള
പഠനക്കുറിപ്പുകളുടെ സമാഹാരമാണ് ഇപി രാജഗോപാലന്റെ ‘പ്രത്യക്ഷം ‘ എന്ന പുസ്തകം. ഡിസി ബുക്‌സാണ്പ്രസാധകര്‍.

- Advertisment -

Most Popular