ബിജു മുഹമ്മദ്
ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദിൻ്റെ സിനിമാ ലോകത്തെ ഗവേഷണപരമായി വിലയിരുത്തുന്ന പുസ്തകമാണ് ശ്യാമായനം .സിനിമയെ ഗൗരവപൂർവ്വം സമീപിക്കുന്നവർക്ക് വഴി വെളിച്ചമാണീ കൃതി .പ്രശസ്തമാധ്യമ പ്രവർത്തകനായ എ.ചന്ദ്രശേഖർ ആണ് രചയിതാവ് ..ഒരു തീവണ്ടിയാത്രയിൽ രണ്ട് മണിക്കൂർ കൊണ്ട് വായിച്ച് തീർക്കാവുന്ന ശ്യാമയാനം ശ്യാമപ്രസാദിൻ്റെ സിനിമകളെ വളരെ കൃത്യമായി വിലയിരുത്തുന്നു .കൂടാതെ ശ്യാമപ്രസാദുമായി നടത്തിയ അഭിമുഖവും ശ്രദ്ധേയമാണ് .
1998 ൽ കല്ലുകൊണ്ടൊരു പെണ്ണുമായി സിനിമാ ലോകത്തേക്ക് കാൽവെയ്പ് നടത്തിയ ശ്യാമപ്രസാദ് 14 ചിത്രങ്ങൾ മാത്രമാണ് ഇതുവരെസംവിധാനം ചെയ്തിട്ടുള്ളത് .സ്ക്കൂൾ ഓഫ് ഡ്രാമ / ടെലിവിഷൻ രംഗങ്ങളിൽ പ്രതിഭയുടെ കൈയ്യൊപ്പിട്ട ശ്യാമപ്രസാദ്.സിനിമസംവിധായകൻ എന്ന നിലയിൽസംസ്ഥാന ദേശീയ പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ വ്യക്തിയാണ് .അടൂർ – അരവിന്ദൻ – ഷാജി- ടി.വി ചന്ദ്രനെ പോലെ രാജ്യ-രാജ്യാന്തര ശ്രദ്ധ നേടിയതാണ് ശ്യാമപ്രസാദിൻ്റെ ചിത്രങ്ങൾ ( അഗ്നിസാക്ഷി, ഒരേ കടൽ ,അരികെ , ഋതു ,ഇലക്ട്ര ,ആർട്ടിസ്റ്റ്, ഒരു ഞായറാഴ്ച)എന്നാൽഇവരുടെ വഴികളിലൂടെയല്ല ശ്യാമപ്രസാദിൻ്റെ ചിത്രങ്ങൾ സഞ്ചരിക്കുന്നത് .
നായികമാർ ,അതിസമീപ ദൃശ്യങ്ങൾ ,സംഗീതം ,തിരക്കഥ തുടങ്ങി വിവിധ അധ്യായങ്ങളിലൂടെ ശ്യാമപ്രസാദിൻ്റെ സിനിമകൾ ഇഴകീറി ശ്യാമയാനം പരിശോധിക്കുന്നു .ഒരെഴുത്തുകാരൻ്റെ കൃതികളെ വിലയിരുത്തുന്നതിനെക്കാൾ കഠിനമാണ് സിനിമകളുടെ വിലയിരുത്തൽ .കാരണം സിനിമ ഒരുസാങ്കേതികസൃഷ്ടികൂടിയാണല്ലോ ആ നിലയ്ക്ക ഗ്രന്ഥകാരനെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു .സംവിധായകനപ്പുറം.ശ്യാമപ്രസാദിലെ തിരക്കഥാകൃത്ത് ,സംഭാഷണക്കാരൻ ,പശ്ചാത്തല സംഗീതഞ്ജൻ എന്നീ ആർജിത കഴിവുകൾ കൂടി വിസ്തരിച്ച് വിവരിക്കുന്നുണ്ട് .വിഖ്യാത സംവിധായകരായസത്യജിത്റേ ,മൃണാൾ സെൻ, എന്നിവരുടെ പിൻഗാമിയായി തന്നെ ശ്യാമപ്രസാദിനെ പരിഗണിക്കാം എന്ന് അസന്നിഗ്ദ്ധമായി ഗ്രന്ഥകാരൻ പറയുന്നു .ശ്യാമപ്രസാദ് സൃഷ്ടിച്ച നായികമാർ കേവലം ഉടലൊരുക്കങ്ങൾക്കപ്പുറം പേശി ബലവും കൃത്യമാ’യ കാഴ്ചപ്പാട് വെച്ച് പുലർത്തുന്നവരാണന്നും ഉദാഹരണ സഹിതം എ ചന്ദ്രശേഖർ വിവരിക്കുന്നു.
മഹാ പ്രതിഭാധനനായ ഒരു സംവിധായകൻ്റെ സിനിമകളിലുടെയുള്ള ഈ അന്വേഷണ പുസ്തകം ഭാവിതലമുറയ്ക്കഗുണകരമാകുന്ന ശ്രമകരമായ ദൗത്യമാണ് .