തിരുവനന്തപുരം: പൊതുനയരൂപവല്‍ക്കരണ സമിതിയുടെ തലപ്പത്ത് പൊതുസമ്മതനായ ജെഎസ് അടൂരിനെ നിയമിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ശക്തമായ തീരുമാനങ്ങലുമായി കോണ്‍ഗ്രസ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ അതിജീവിക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍തന്ത്രള്‍ക്കാണ് അരങ്ങൊരുങ്ങുന്നത്. രാഷ്ട്രീയത്തിന് അതീതമായി ജനസ്വീകാര്യത മുന്‍നിര്‍ത്തി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ ഒരു പടി കൂടി കടന്ന് പ്രചാരണകാലത്ത് തന്നെ എല്‍ഡിഎഫിനെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് പുതിയ തന്ത്രം മെനയുന്നത്. പാര്‍ട്ടിയുടെ പാരമ്പര്യസ്ഥാനാര്‍ത്ഥിപ്പട്ടികയെന്ന സങ്കല്‍പ്പം പൊളിച്ചെഴുതാനാണ് പദ്ധതി. അതിന്റെ ഭാഗമായി സിനിമാമേഖലയില്‍ നിന്ന് ജനപ്രിയരും സ്വീകാര്യരും കോണ്‍ഗ്രസ്സുകാരുമായ താരങ്ങളെ അണിനിരത്താനുള്ള ആലോചനകളാണ് നടക്കുന്നത്.
എക്കാലത്തും കോണ്‍ഗ്രസ്സുകാരനായി സ്വയം പ്രഖ്യാപിച്ച സലിംകുമാറിലാണ് മുല്ലപ്പള്ളിയുടെ പ്രതീക്ഷ. ഇതുസംബന്ധിച്ച് മുല്ലപ്പള്ളി ദൂതര്‍മുഖേന സലിംകുമാറിനെ ബന്ധപ്പെട്ടതായി ന്യൂസ് അറ്റ് ഹൗസിന് വിവരം ലഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനെത്താറുള്ള സലിംകുമാറിന്റെ സേവനം ഇത്തവണ കുറച്ചുകൂടി കടന്ന് സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ആവശ്യമുണ്ട് എന്നാണ് മുല്ലപ്പള്ളി അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഒരാള്‍ എന്ന നിലയില്‍ മല്‍സരിക്കാന്‍ തയാറെടുക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശമെത്തിച്ച മുല്ലപ്പള്ളിക്ക ്പക്ഷേ ഇതുവരെ സലിംകുമാര്‍ മറുപടി നല്‍കിയിട്ടില്ല.
എറണാകളും ജില്ലയില്‍ തന്നെ പ്രമുഖമായ ഒരു മണ്ഡലം സലിംകുമാറിന് വേണ്ടി പാര്‍ട്ടി മനസ്സില്‍ കണ്ടിട്ടുണ്ടെന്നും ഇതുവെറും കളിയല്ല എന്നുമാണ് ഒരു കെപിസിസി ഭാരവഹി ന്യൂസ് അറ്റ് ഹൗസിനോട് പറഞ്ഞത്. എസ് പറവൂര്‍ വിഡി സതീശന്റെ മണ്ഡലമായതിനാല്‍ വൈപ്പിന്‍പോലുള്ള മണ്ഡലങ്ങള്‍ പരിഗണിക്കുന്നുണ്ട് എന്നാ സൂചന. വൈപ്പിനില്‍ സിറ്റിംഗ് എംഎല്‍എയായ സിപിഎമ്മിന്റെ എസ് ശര്‍മ ഇത്തവണ മല്‍സരത്തിനുണ്ടാകില്ല എന്നതിനാല്‍ വിജയസാധ്യത കൂടിതലാണെന്ന് പാര്‍ട്ടി കരുതുന്നു.