Saturday, July 27, 2024
HomeFilm houseഅഭിനയിച്ച നടീനടന്മാര്‍ മാത്രം പിന്നണി പാടിയ സിനിമ; ബാലചന്ദ്രമേനോനും ശ്രീവിദ്യയും മുതല്‍ ഭരത് ഗോപി വരെ...

അഭിനയിച്ച നടീനടന്മാര്‍ മാത്രം പിന്നണി പാടിയ സിനിമ; ബാലചന്ദ്രമേനോനും ശ്രീവിദ്യയും മുതല്‍ ഭരത് ഗോപി വരെ പാടി; ഒരു പൈങ്കിളിക്കഥയുടെ സംഗീതാത്മകമായ കഥ

ഒരു പൈങ്കിളിക്കഥ എന്ന സിനിമ ബാലചന്ദ്രമേനോന്റെ താരസവിധായകനായി വിരാജിക്കുന്ന കാലത്തെ സിനിമയാണ്. സംവിധാനവും തിരക്കഥയും ഗാനവുമൊക്കെ ബാലചന്ദ്രമേനോന്‍ ചെയ്തു എന്ന് പറഞ്ഞാല്‍ ഇന്നാര്‍ക്കും അതിശയമുണ്ടാകില്ല. എന്നാല്‍ ഒരു സിനിമയിലെ പാട്ടുകളെല്ലാം ആ സിനിമയിലെ അഭിനേതാക്കള്‍ തന്നെ പാടി അഭിനയിച്ച ഒരു സിനിമയായിരുന്നു ഒരു പൈങ്കിളിക്കഥ. ആപ്രത്യേകതയ്ക്ക് വേണമെങ്കില്‍ ഒരു പാട് സിനിമയെ പരാമര്‍ശിക്കാം. എന്നാല്‍ ഒന്നോ രണ്ടോ പാട്ടുകളല്ല. ഒന്നോ രണ്ടോ നടീടന്മാരല്ല. ഈ സിനിമയില്‍ ഹിറ്റായ നിരവധി പാട്ടുകളുണ്ട്. എല്ലാപാട്ടുകളും ഇത്തരത്തിലാണ് ചിട്ടപ്പെടുത്തിയത് എന്നതാണ് രസകരം. ബാലചന്ദ്രമേനോനും ശ്രീവിദ്യയും ഭരത് ഗോപിയും വരെ പാടി. ഇക്കാര്യം സിനിമയുടെ പ്രത്യേകതകളെ കുറിച്ച ബാലചന്ദ്രമേനോന്‍ ഓര്‍ക്കുന്നു

“ഒരു പൈങ്കിളിക്കഥ ” എന്ന ചിത്രം എന്റെ ചലച്ചിത്ര ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു . 100 ദിവസം പ്രദർശന വിജയം നേടി എന്നത് മാത്രമല്ല അതിനു കാരണം . മറ്റൊരു ചിത്രത്തിനും അവകാശപ്പെടാൻ കഴിയാത്ത ഒരുപിടി സവിശേഷതകൾ ഈ ചിത്രം അർഹിക്കുന്നുണ്ട് .ഏറ്റവും ശ്രദ്ധേയമായ കാര്യം ഞാൻ ആദ്യമായി ഒരു നിർമാതാവിന്റെ മേലങ്കി അണിയുന്ന ചിത്രം എന്നതാണ് .V&V എന്ന നിർമ്മാണകമ്പനി എന്റെ പേരിൽ നിലവിൽ വരുന്നത് അങ്ങിനെയാണ് . ചിത്രം തിയേറ്ററിൽ എത്തുന്നതിനു മുൻപ് ലാഭ വിഹിതം മേശപ്പുറത്തു വരുന്ന രീതിൽ OUTRIGHT SALE ആണ് നടന്നത് .മലയാളസിനിമയിൽ അത്തരത്തിലുള്ള ഒരു കച്ചവടരീതിക്ക്‌ തുടക്കമിട്ടതും “ഒരു പൈങ്കിളിക്കഥ “ആണെന്ന് തോന്നുന്നു .ബീജീസ് എന്ന പ്രൊഡക്ഷൻ കമ്പനിയാണ് അതിനു വഴിയൊരുക്കിയത് ( ബീജീസിന്റെ അധിപൻ പരേതനായ എന്റെ സുഹൃത്ത് ശ്രീ ബേബി പോളിനെയും ഒപ്പം ഈരാളിയെയും ഞാൻ നന്ദിപൂർവ്വം ഈ അവസരത്തിൽ ഓർക്കുന്നു .. .)അഭിനയിച്ച നടീനടന്മാർ മാത്രം പിന്നണി പാടിയ ഒരു ചിത്രം എന്ന പ്രത്യേകതയും “പൈങ്കിളിക്കഥ’ ക്കുണ്ട് . ഞാനും ശ്രീവിദ്യയും ഒരുമിച്ചു പാടിയ ” ആന കൊടുത്താലുംകിളിയെ ‘ എന്ന ഗാനം , വേണുനാഗവള്ളി ആലപിച്ച ‘എന്നന്നേക്കുമായി നീ മറഞ്ഞു” എന്നഗാനം , കൂടാതെ “അരമനക്കുള്ളിലൂടെ അന്തപ്പുരത്തിലെ ” എന്ന് തുടങ്ങുന്ന ഗാനത്തിൽ ഭരത് ഗോപിയും ഒരു ഗായകനായി …ബിച്ചുതിരുമലയുടെ വരികൾക്ക് ഏ .റ്റി.ഉമ്മർ ഈണം പകർന്നു .നൂറാം ദിവസം ആഘോഷിച്ചത് എറണാകുളം രാജേന്ദ്ര മൈതാനത്തായിരുന്നു. എന്നെ ‘കേരള ഭാഗ്യരാജ് ‘എന്ന് വിളിക്കാൻ കടുത്ത ഉത്സാഹം കാട്ടിയിരുന്ന പത്രലോകത്തിന്റെ രഹസ്യമായ അജണ്ട ‘ഇയാൾ ഒറിജിനല്ല ഡ്യൂപ്ലിക്കേറ് ആണല്ലോ എന്ന സന്തോഷമായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു . അതുകൊണ്ടു തന്നെ ഞാൻ ചടങ്ങിലെ മുഖ്യാതിഥിയായി ഭാഗ്യരാജിനെ തന്നെ ഉൾപ്പെടുത്തി . ഭാഗ്യരാജ് തന്റെ പ്രസംഗത്തിൽ പറഞ്ഞു :”നിങ്ങൾ എന്തുകൊണ്ടാണ് മിസ്റ്റർ ബാലചന്ദ്രമേനോനെ ‘കേരളാ ഭാഗ്യരാജ് ‘എന്ന് വിളിക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ല . ഞങ്ങൾ രണ്ടുപേരുടെയും സിനിമയോടുള്ള സമീപനത്തിൽ വലിയ വ്യത്യാസമുണ്ട് .തുറന്നു പറയട്ടെ , ഇതൊരു നല്ല ശീലമല്ല . എന്നെയും കുറച്ചുനാൾ ” മദ്രാസ് രാജ്കപൂർ ” എന്ന് വിളിക്കാൻ നോക്കി . ഞാൻ അതിഷ്ടപ്പെട്ടില്ല . ബാലചന്ദ്രമേനോൻ പ്രതികരിക്കാത്തത് അദ്ദേഹം ഒരു’ജന്റിൽ മാൻ ‘ആയതു കൊണ്ടാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു .”ജനം കൈയ്യടിച്ചു .കൂട്ടത്തിൽ പത്രക്കാരുമുണ്ടായിരുന്നു എന്നതാണ് വാസ്തവം .ഈ ചിത്രം എനിക്ക് നൽകിയ മറ്റൊരു ഭാഗ്യം നടികർ തിലകം ശിവാജി ഗണേശനുമൊത്തു സഹകരിക്കാൻകഴിഞ്ഞതാണ് . “ഒരു പൈങ്കിളിക്കഥ’ യുടെ തമിഴ് രൂപാന്തരം `” തായ്‌ക്കൊരു താലാട്ട് ” എന്നപേരിൽ കെ.ആർ .ജി . എന്ന നിർമാതാവ് മനസ്സിൽ തീരുമാനിച്ചപ്പോൾ മറ്റൊരു ഭാഷയിലേക്കു മൊഴിമാറ്റം നടത്തിയ എന്റെ ഏക ചിത്രം എന്ന ഖ്യാതിയും “പൈങ്കിളിക്കഥ “ക്കു കിട്ടി .ഈ അവസരത്തിൽ കാലയവനികക്കുള്ളിൽ മറഞ്ഞ ഭാരത് ഗോപി, ശ്രീവിദ്യ,വേണു നാഗവള്ളി,സംഗീത സംവിധായകൻ എ റ്റി ഉമ്മർ, വസ്ത്രാലങ്കാരം ദണ്ഡപാണി,മേക്കപ്പ് ഗംഗാധരൻ എന്നിവരെയും ഞാൻ അനുസ്മരിക്കുന്നു . ഒപ്പം ഈ ചിത്രം ഒരു ഗംഭീരവിജയമാക്കിയ എന്റെ പ്രിയപ്പെട്ട ‘പൈങ്കിളിയേയും”

- Advertisment -

Most Popular