Saturday, May 25, 2024
HomeBook houseരാജീവ് ഗാന്ധിയുടെ മരണത്തോടെ എല്ലാം തകര്‍ന്നു; നരസിംഹറാവു ആസൂത്രിതമായി ചെന്നിത്തലയെ തഴഞ്ഞു; രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമം...

രാജീവ് ഗാന്ധിയുടെ മരണത്തോടെ എല്ലാം തകര്‍ന്നു; നരസിംഹറാവു ആസൂത്രിതമായി ചെന്നിത്തലയെ തഴഞ്ഞു; രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമം നടത്തി; വിവാദ വെളിപ്പെടുത്തലുകളുമായി ‘ചെന്നിത്തല പിന്നിട്ട വഴികള്‍’

രാജീവ് ഗാന്ധിയുടെ മരണത്തോടെ രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു എന്ന സൂചനകളുമായി ചെന്നിത്തലയുടെ ജീവിതം എഴുതിയ പുസ്തകം. സ്വപ്രയത്‌നം കൊണ്ട് ഉന്നതങ്ങള്‍ കീഴടക്കുകയും ചെറുപ്രായത്തില്‍ തന്നെ രാജീവ് ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്ത രമേശ് ചെന്നിത്തല രാജീവ് ഗാന്ധിയുടെ മരണത്തോടെ പ്രതിസന്ധിയിലായതായി സന്തോഷ് ജെകെവി എഴുതി കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച രമേശ് ചെന്നിത്തല പിന്നിട്ട വഴികള്‍ എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ വിതരണക്കാര്‍.

ചെന്നിത്തലയുടെ ബാല്യം മുതല്‍ ഇന്നുവരെയുള്ള ജീവിതചിത്രം രചിച്ച പുസ്തകത്തില്‍ നിരവധി വെളിപ്പെടുത്തലുകളാണ് നടത്തുന്നത്. പുസ്തകമെഴുതിയ് സന്തോഷ് ജെകെവി ആണെങ്കിലും ചെന്നിത്തലയുടെ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹവുമായും അദ്ദേഹത്തിന്റെ സമകാലികരുമായും ചര്‍ച്ച ചെയ്താണ് ശേഖരിച്ചതെന്ന് എഴുത്തുകാരന്‍ പറയുന്നുണ്ട്. രാജീവ് ഗാന്ധിയില്ലാത്ത ഒരു പാര്‍ലമെന്റിലേക്കാണ് കോട്ടയത്ത് നിന്ന ജയിച്ച രമേശ് പോയത്. എന്നാല്‍ പിവി നരസിംഹറാവുവിന്റെ നേതൃത്വത്തിലൊരു സര്‍ക്കാരുണ്ടായി. പാര്‍ട്ടിയിലും സര്‍ക്കാരിലും നരസിംഹറാവു ആധിപത്യം സ്ഥാപിച്ചു. അതോടെ പാര്‍ട്ടിയില്‍ രാജീവ് ഗാന്ധി നേതൃത്വം നല്‍കിയ യുവാക്കളുടെ മുന്നേറ്റം അവസാനിച്ചു.

നരഹിസംഹറാവു മന്ത്രിസഭയുണ്ടാക്കിയപ്പോള്‍ ദേശീയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ രമേശ് ചെന്നിത്തല സ്വാഭാവികമായും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ പട്ടിക വന്നപ്പോള്‍ ചെന്നിത്തല തഴയപ്പെട്ടു. തുടര്‍ന്ന് എഐസിസിയുടെ ഭാഗത്തുനിന്ന് പിന്തുണയില്ലാതായതോടെ ചെന്നിത്തലയുടെ രാഷ്ട്രീയജീവിതത്തെ അത് ബാധിച്ചു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ശക്തിപ്പെടുത്തി സജീവമായ രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ അതിനെ അതിജീവിക്കാന്‍ ചെന്നിത്തല ശ്രമിച്ചു. രാജ്യമെമ്പാടും രാജീവ് ഗാന്ധി സന്ദേശയാത്ര നടത്താന്‍ തീരുമാനിച്ചു. രാജീവ് ഗാന്ധിയുടെ സമാധിസ്ഥലമായ ശക്തിസ്ഥലില്‍ നിന്ന്ആരംഭിച്ച് ശ്രീപെരുമ്പത്തൂരില്‍ അവസാനിക്കുന്ന യാത്ര.

ഉദ്ഘാടനത്തിനായി നരസിംഹറാവുവിനെ വിളിച്ചു. അദ്ദേഹം വന്നു. യാത്ര വന്‍ വിജയമായി. സോണിയാഗാന്ധിപോലും ആഹ്ലാദത്തോടെ അഭിനന്ദിച്ചു. ഇതോടെ വീണ്ടും കന്യാബിനറ്റ് പുനസ്സംഘടനയുണ്ടാകുമെന്ന വാര്‍ത്തകള്‍ വന്നു. ആ പുനസ്സംഘടനയില്‍ ചെന്നിത്തലയുണ്ടാകുമെന്ന് ദില്ലിയില്‍ പത്രക്കാരുള്‍പെടെ കരുതി. എന്നാല്‍ അതുമുണ്ടായില്ല.

രാജീവ് ഗാന്ധി സന്ദേശയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് യൂത്ത് കോണ്‍ഗ്രസ് ഒരു ബുക്ക് ലെറ്റ് തയാറാക്കി. അത് പ്രകാശനം ചെയ്യാന്‍ നരസിംഹറാവുവിനെ വെളിച്ചു. അദ്ദേഹം അവിടെയും വന്നു. യാത്രയെ കുറിച്ച് അഭിനന്ദിച്ച് സംസാരിക്കാന്‍ തയാറായില്ല. മാത്രമല്ല അവിടെ വച്ച് ഒരു വല്ലാത്ത പ്രഖ്യാപനവും അദ്ദേഹം നടത്തി. യൂത്ത് കോണ്‍ഗ്രസ് ഉടന്‍ പുനസ്സംഘടിപ്പിക്കുമെന്ന പ്രഖ്യാപനം. യാത്ര ഇഷ്ടപ്പെട്ടില്ല എന്ന് മാത്രമല്ല രമേശ് ചെന്നിത്തലയെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന സൂചനകള്‍ അപ്പോഴേക്കും വന്നുതുടങ്ങിയിരുന്നു.

കുറച്ചുനാളുകള്‍ക്ക് ശേഷം ബിട്ടയെന്ന നേതാവിനെ യൂത്ത്‌കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനാക്കി. രമേശ് ചെന്നിത്തല പൂര്‍ണമായും സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. ഇതോടെ ചെന്നിത്തലയുടെ ഭാവി ഒരു അടഞ്ഞ അധ്യായമായി എന്ന് അഭ്യൂഹങ്ങളും പരന്നു. കുറേക്കഴിഞ്ഞ് എഐസിസി സെക്രട്ടറിയെന്ന പദവിയോടെയാണ് രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്ക് ചെന്നിത്തല മടങ്ങിയെത്തിയത്. അപ്പോഴെല്ലാം കഠിന പരിശ്രമവും പ്രവര്‍ത്തനമികവും കൊണ്ട് അദ്ദേഹം ദേശീയതലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് പുസ്തകം പറയുന്നു. പിന്നീട് നരസിംഹറാവുയുഗത്തിന്റെ അവസാനത്തിന് ശേഷമാണ് ചെന്നിത്തലയുടെ ഭാവി വീണ്ടും തെളിഞ്ഞതെന്നും പുസ്തകത്തില്‍ വെളിപ്പെടുത്തലുണ്ട്.

രമേശ് ചെന്നിത്തലയുടെ ജീവചരിത്രത്തോടൊപ്പം സോണിയാഗാന്ധി മുതല്‍ പന്തളം സുധാകരന്‍ വരെയുള്ള അദ്ദഹേത്തിനൊപ്പം പ്രവര്‍ത്തിച്ച നേതാക്കളുടെ അനുഭവക്കുറിപ്പും പുസ്തകത്തിലുണ്ട്.കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച് ഡിസി ബുക്‌സ് വിതരണം ചെയ്ത പുസ്തകത്തിന് 350രൂപയാണ് വില.

- Advertisment -

Most Popular