Sunday, April 21, 2024
HomeBook houseഎനിക്ക് നിക്ഷ്പക്ഷനാവാന്‍ കഴിയില്ല

എനിക്ക് നിക്ഷ്പക്ഷനാവാന്‍ കഴിയില്ല

സിടി തങ്കച്ചന്‍

(വിനോദ് കൃഷ്ണയുടെഉറുമ്പു ദേശം ലോ ഗോസ്പ്രസാധനം ചെയ്യുന്നു. ഭാഷാപോഷണിയിലാണ് ഉറുമ്പു ദേശം പ്രസിദ്ധീകരിച്ചത്.അന്ന് കഥ വായിച്ച് എഴുതി കുറിപ്പാണിത്.)

ഭാഷ പോഷണിയില്‍ വിനോദ് കൃഷ്ണ എഴുതിയ ഉറുമ്പു ദേശം ഇന്നാണ് വായിച്ചത് പുലര്‍ച്ചെ ഒറ്റയിരുപ്പിനുകഥ വായിച്ചു തീര്‍ത്തു. കഥ വായിക്കുകയായിരുന്നില്ല. അനുഭവിക്കുകയായിരുന്നു.
വിനോദിന്റെ കഥകളില്‍ അന്തര്‍ലീനമായിരിക്കുന്ന രാഷ്ട്രീയ പരിപ്രേക്ഷ്യം കണ്ണു സൂത്രം എന്ന സ മഹാരത്തിലെ കഥകളുടെ വായനയിലൂടെ ഞാന്‍ തിരിച്ചറിഞ്ഞതാണ്.
എം സുകുമാരന്‍, യു.പി.ജയരാജ്, പി കെ നാണു എന്നീ കഥാകാരന്‍മാരുടെ ശ്രേണിയിലെ ഏറ്റവും ശ്രദ്ധേയനായ കഥാകൃത്താണ് വിനോദ് കൃഷ്ണ…
വൈയക്തീക വികാരങ്ങളുടെ മാത്രം പ്രകാശനമായി കഥകള്‍മാറുന്ന നമ്മുടെതു പോലെ ഒരു മുടിഞ്ഞകാലത്ത് അടിയാളരുടെ അടിമ ജീവിതം അടയാളപ്പെടുത്തുന്ന വിനോദിന്റെ ഉറുമ്പു ദേശം വേറിട്ടു നില്‍ക്കുന്നു.. ആറു കഥാപാത്രങ്ങളിലൂടെ വിനോദ് സൃഷ്ടിച്ച ഒരിരുണ്ട ലോകത്തു നിന്നും സമത്വസുന്ദരമായ ഒരു ഉറുമ്പു ദേശത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തേവനിലൂടെ പ്രത്യാശയുടെ വന്‍ മരമായി മാറുന്നു.
ചിതയില്‍ കിടന്നു മാത്രം പ്രതിഷേധിക്കാനും പൊട്ടിത്തെറിക്കാനും വിധിക്കപ്പെടുന്ന അടിയാള ജനതയുടെ പുതിയ തലമുറ നേടിയെടുക്കുന്ന സ്വാതന്ത്ര്യം; തോക്കു ചൂണ്ടി തങ്ങളെ ഇക്കാലമത്രയും വരുതിക്കു നിര്‍ത്തിയിരുന്ന അധികാരശക്തികള്‍ക്കെതിരെ തോക്കു കൊണ്ടു തന്നെ വിജയം നേടുന്ന കഥ അടിച്ചമര്‍ത്തപ്പെടുന്നവന്റെയു അരികു ചേര്‍ക്കപ്പെടുന്നവന്റെയും വിജയഗാഥയാണ്. തോക്കു ചൂണ്ടും തോക്കി നോട് തോക്കിനുണ്ടൊരുത്തരം എന്ന കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ഗാനം കഥ വായിച്ചു കൊണ്ടിരുന്ന ഘട്ടത്തില്‍ ഞാന്‍ ഓര്‍ത്തു പോയി.ഇന്ത്യന്‍ ജാതി രാഷ്ട്രീയാവസ് സ്ഥയില്‍ ഒരിക്കലും സാധിതമാകുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ള ഒന്നാണ് ഒരു വര്‍ഗ്ഗ സായുധ സമരം. പക്ഷെ കഥാകാരന് തന്റെ കഥയിലൂടെ ഇതൊക്കെ സ്വപ്നം കാണാനാകും.എം സുകുമാരന്‍ എഴുതിയ ‘ പര്‍വ്വതങ്ങളെ നീക്കം ചെയ്ത വിസ്സിയായ വൃദ്ധന്റെ കഥ’ ഈ കഥയുമായി ചേര്‍ത്തുവെച്ചു വായിക്കാം. സ്വപ്നം കാണുന്ന കാര്യത്തില്‍ മാത്രം..
ശത്രു നിഗ്രഹം വരുത്തി സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് കുന്നിറങ്ങി വരുന്ന തേവന്‍ സമകാലീക വര്‍ത്തമാന രാഷ്ട്രീയത്തില്‍ കഥാകാരന്റെ ഇടപെടലിന്റെ പ്രതീകമാണ്.
അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യന്റെ സങ്കടങ്ങളെ സാന്ത്വനിപ്പിക്കുന്ന ‘വന്‍ മരം ‘ കഥയിലെ പ്രധാന കഥാപാത്രമാണ്.
കിളപ്പയുടെ തൊണ്ടയില്‍ ഒരു വലിയ മീന്‍ മുള്ളു തറഞ്ഞു എന്ന അനുഭവം വായനക്കാരിലും വിങ്ങലുണ്ടാക്കും ഭയം എന്ന അധമ വികാരത്തെ ഇതിലും തീക്ഷണമായി അനുഭവിപ്പിക്കാനാവില്ല.
തളിരിലകള്‍ നാമ്പിട്ടു കൊണ്ട് പ്രത്യാശയുടെ വന്‍മരം അതിന്റെ വേരുകള്‍ മണ്ണിലേക്ക് ആഴ്ത്തുന്ന കാഴ്ച്ച ആഹ്‌ളാദകരമാണ്
വിടുതലിന്റെ ഒരു പുതിയ ആകാശം കാണിച്ചു തന്നാണ് കഥാകാരന്‍ കഥയ്ക്ക് പൂര്‍ണ്ണ വിരാമമിടുന്നത് ഈ പുതുവര്‍ഷത്തില്‍ വായിച്ച ആദ്യ കഥ വിനോദിന്റെ ഉറുമ്പു ദേശമാണ്.
ഇത് വിനോദിന്റെ വായനക്കാര്‍ക്കുള്ള പുതുവല്‍സര സമ്മാനമാണ് .. ഈ കഥയും ഞാന്‍ എന്നോടു ചേര്‍ത്തുവെക്കുന്നു. അത് എന്റെ പക്ഷം ചേരലാണ് .. ഇക്കാലത്ത് എനിക്ക് നിക്ഷ്പക്ഷനാവാന്‍ കഴിയില്ല

- Advertisment -

Most Popular