Saturday, July 27, 2024
HomeNewshouseപര്‍ദ്ദയിട്ട സ്ത്രീയെ എന്തുകൊണ്ട് മേയറാക്കിയില്ല; ആര്യാരാജേന്ദ്രനെ രംഗത്തിറക്കിയതിന് പിന്നില്‍ ഷാജിതാ നാസറിനെതിരായ നീക്കമോ?; പ്രതികരണവുമായി...

പര്‍ദ്ദയിട്ട സ്ത്രീയെ എന്തുകൊണ്ട് മേയറാക്കിയില്ല; ആര്യാരാജേന്ദ്രനെ രംഗത്തിറക്കിയതിന് പിന്നില്‍ ഷാജിതാ നാസറിനെതിരായ നീക്കമോ?; പ്രതികരണവുമായി ഷാജിതാ തന്നെ രംഗത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് 21 കാരിയായ ആര്യാരാജേന്ദ്രന്‍ മേയറായി ചരിത്രം സൃഷ്ടിക്കുമ്പോള്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ജാതീയമായും മതാടിസ്ഥാനത്തിലും വ്യാപകമായ വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പ്രത്യേകിച്ചും കൗണ്‍സിലര്‍ എന്ന നിലയില്‍ മികച്ച പരിചയമുള്ള ഷാജിതാ നാസറിനെ പോലുള്ള സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റി അംഗമുണ്ടായിരുന്നപ്പോള്‍ ബാലസംഘം സംസ്ഥാന പ്രസിഡന്റിനെ മേയറാക്കിയെന്നതിന്റെ കാരണമായാണ് ചില സംഘടനകള്‍ വിമര്‍ശനമുന്നയിച്ചത്. പര്‍ദ്ദയിട്ട സ്ത്രീയെ മേയറാക്കിയില്ലെന്നും മുസ്ലിം സ്ത്രീകള്‍ക്ക് അവഗണനയാണ് എന്നും പറഞ്ഞുകൊണ്ട് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണ് എന്ന് വള്ളക്കടവ് കൗണ്‍സിലര്‍ കൂടിയായ സാജിത തന്നെ രംഗത്തെത്തി.
കൈരളി ടിവി റിപ്പോര്‍ട്ടര്‍ ജീവന്‍ കുമാറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഷാജിദാ നാസര്‍ ദുഷ്പ്രചാരകര്‍ക്കെതിരെ രംഗത്തെത്തിയത്.

താന്‍ പ്രാഥമിക അംഗം പോലുമല്ലാതിരുന്ന കാലത്താണ് പാര്‍ട്ടി മല്‍സരിക്കാന്‍ ആവശ്യപ്പെടുന്നത്. ഇന്ന് ലോക്കല്‍ കമ്മറ്റി അംഗംവരെയായി. നാല് തവണ കൗണ്‍സിലറായി. അന്നെല്ലാം പാര്‍ദ്ദയിട്ട സ്ത്രീ നാടിനെ നയിച്ചാല്‍ നാടുമുടിഞ്ഞുപോകും എന്ന് പറഞ്ഞ് പ്രചാരണം നടത്തിയവരാണ് ജമാഅത്തെ ഇസ്ലാമിക്കാരും എസ്ഡിപിഐക്കാരും. നാടനീളെ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം മതവിരുദ്ധമാണ് എന്ന് അവര്‍ പ്രചരിപ്പിച്ചു. കമ്യൂണിസ്റ്റായ മുസ്ലിം സ്ത്രീയെന്നത് മോശമായി വ്യാഖ്യാനിച്ചു. എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാന്‍ തനിക്ക് പ്രേരണയായത് പാര്‍ട്ടിയാണ്. ഇന്നിപ്പോള്‍ മറ്റൊരു സാഹചര്യത്തില്‍ അന്നത്തെ ആരോപണം നേരെ തിരിച്ച് മേയറാക്കാത്തത് മുസ്ലിമായതുകൊണ്ടാണ് എന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഇതെല്ലാം നാട്ടുകാര്‍ തിരിച്ചറിയും. – ഷാജിത പറഞ്ഞു

” അച്ഛന്‍ ഒരു ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. അന്നാണ് രാഷ്ട്രീയത്തെ കുറിച്ചൊരു പിടിപാടുമില്ലാത്ത തന്നെ മല്‍സരരംഗത്തേക്ക് പാര്‍ട്ടി ഇറക്കുന്നത്. ഒരു പാട് മുന്‍അനുഭവങ്ങളുള്ള പാര്‍ട്ടി അംഗങ്ങള്‍ തനിക്ക് തണലേകി. ആ പിന്തുണയിലാണ് ഞാന്‍ ഇന്നത്തെ നിലയിലെത്തിയത്. അതുപോലെ ആര്യയെന്ന സംഘാടനപാടവവും നേതൃശേഷിയുമുള്ള കുട്ടിക്ക് തന്നെ പോലുള്ളവര്‍ ശക്തമായ പിന്തുണ നല്‍കുമെന്നും ഷാജിത പറഞ്ഞു. ദുഷ്പ്രചാരകര്‍ക്ക് പ്രവര്‍ത്തന മികവു കൊണ്ട് മറുപടി നല്‍കും. കേരളം കണ്ട ഏറ്റവും മികച്ച ഭരണം തലസ്ഥാനത്തുണ്ടാകുമെന്നും ഷാജിത പറഞ്ഞു.

സിപിഐഎം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ്. അതില്‍ അസൂയപ്പെട്ടിട്ടുകാര്യമില്ല. അത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് താനും ആര്യാരാജേന്ദ്രനും മറ്റു ഒരു പാട് വ്യക്തിത്വങ്ങളും വളര്‍ന്നുവന്നത്. അതിനെതിരായ പ്രചാരണം പൊള്ളയാണെന്ന് കാലം തെളിയിക്കുമെന്നും ഷാജിത പറഞ്ഞു.

ആര്യരാജേന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ദിവസം തന്നെ ശക്തമായ പ്രതികരണവുമായി ഷാജിത രംഗത്തെത്തിയെന്നത് പാര്‍ട്ടിക്കും ആശ്വാസമാണ്.

- Advertisment -

Most Popular