Thursday, November 21, 2024
HomeINFOHOUSEഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ കടന്നാക്രമിക്കുന്നു; ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധം: സ്പീക്കര്‍

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ കടന്നാക്രമിക്കുന്നു; ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധം: സ്പീക്കര്‍

തിരുവനന്തപുരം: വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ കടന്നാക്രമിക്കുയാണ് ചെയ്യുന്നതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണ്. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ നിയമനടപടി ആലോചിക്കേണ്ടിവരും. വിമര്‍ശനത്തിന് വിധേയമാകാത്ത വിശുദ്ധപശുവൊന്നുമല്ല സ്പീക്കര്‍ പദവിയെന്നും സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധമില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിയമസഭാ ഹാള്‍ പുനര്‍നിര്‍മ്മാണത്തില്‍ അഴിമതിയെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനമില്ലാത്തതാണ്. നിരവധി അംഗീകാരങ്ങള്‍ ഇക്കാലയളവില്‍ കേരള നിയമസഭയെ തേടിയെത്തി. അത് നേട്ടമായി കരുതുന്നു. പുരോഗമന പദ്ധതികള്‍ നടപ്പാക്കിയതിലൂടെയാണ് നിയമ സഭ അംഗീകരിക്കപ്പെട്ടത്. കേരള നിയമസഭയുടെ പരിഷ്‌കാരങ്ങള്‍ മറ്റ് നിയമസഭകള്‍ പകര്‍ത്തുകയാണ്.

നിയമസഭയില്‍ ഇ വിധാന്‍ സംവിധാനം ഒരുക്കുന്നതിനാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കിയത്. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള കമ്പനിയാണ് ഊരാളുങ്കല്‍ . അതിനാല്‍ ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കാന്‍ അനുമതിയുണ്ട്.പുതുക്കി നിര്‍മ്മിച്ച ശങ്കരനാരായണന്‍ തമ്പി ഹാള്‍ സംസ്ഥാനത്തിന് തന്നെ ഒരു മുതല്‍ക്കൂട്ടാണ്. 16 കോടി 65 ലക്ഷം രൂപ എസ്റ്റിമേറ്റ് തീരുമാനിച്ച് നിര്‍മ്മാണം തുടങ്ങിയതാണ്. എന്നാല്‍ 9 കോടിയില്‍ നിര്‍മ്മാണം കഴിഞ്ഞു. വീണ്ടും 16 കോടി ചിലവഴിച്ചുവെന്ന് പറയുന്നത് ശരിയല്ല.

നിയമസഭാ സമിതികളെ ശക്തിപ്പെടുത്തിയതും നിയമസഭാ പാസാക്കുന്ന നിയമങ്ങള്‍ക്ക് ചട്ടം വേണമെന്ന് ഉറപ്പാക്കിയതും ഈ കാലയളവിലാണ്. 1953 ന് ശേഷം പാസാക്കിയ നിയമങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്ന പഠനം നടത്തിയതും അവ ക്രോഡീകരിച്ച് 18 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതും നേട്ടമാണ്. നിയമസഭയിലെ കടലാസ് പ്രക്രിയകള്‍ കുറക്കുന്നതിനാണ് ഇ വിധാന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. സഭയുടെ സ്റ്റിയറിങ് കമ്മിറ്റി, ടെക്നിക്കല്‍ കമ്മിറ്റി എന്നിവ കൂടി അംഗീകരിച്ചാണ് പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത്. അതില്‍ ഉന്നതതല സമിതി വേണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. അതുപ്രകാരം രൂപീകരിച്ച 9 അംഗ സമിതിയും അവ പരിശോധിക്കുന്നുണ്ട്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ പരിചയമില്ല എന്ന് പറഞ്ഞിട്ടില്ല.ദുബായ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ അവരുമായി പരിചയവും സൗഹൃദവും ഉണ്ട്. എന്നാല്‍ അവരുടെ പശ്ചാത്തലം അറിയില്ലായിരുന്നു.അതറിഞ്ഞശേഷം അവരുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. സ്വപ്ന ഒരു സഹായവും തന്നോട് ചോദിച്ചിട്ടില്ല.സ്വര്‍ണക്കടത്ത് പ്രതികളുമായി ഒരിക്കലും ഒന്നിച്ച് യാത്രചെയ്തിട്ടില്ല.

ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതലും പോയിട്ടുള്ളത് മലയാളിഅസോസിയേഷനുകളുടെ ക്ഷണപ്രകാരമാണ്. കൂടാതെ സഹോദരിയും സഹോദരനും അവിടെയാണ്. അമ്മയും അവര്‍ക്കൊപ്പമാണ് . കൂടാതെ മകള്‍ പഠിക്കുന്നതും അവിടെയായതിനാല്‍ കുടുംബപരമായ ആവശ്യങ്ങള്‍ക്കും ഗള്‍ഫിലേക്ക് യാത്രചെയ്തിട്ടുണ്ട്.താന്‍ ഒരു തെറ്റും ചെയതിട്ടില്ല. പിന്നെഎന്തിന് രാജിവെയ്ക്കണമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ശ്രീരാമകഷ്ണന്‍ പറഞ്ഞു.

- Advertisment -

Most Popular