തിരുവനന്തപുരം : യുഡിഎഫ് നേതൃത്വത്തിലേക്കുള്ള ഉമ്മന്‍ചാണ്ടിയുടെ വരവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഉമ്മന്‍ചാണ്ടി നയിക്കാനൊരുങ്ങുന്നത് എല്‍ഡിഎഫിന് അനുകൂലമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2016ല്‍ യുഡിഎഫ് എന്തുകൊണ്ട് തിരസ്‌കരിക്കപ്പെട്ടു എന്നത് ജനം വീണ്ടും ഓര്‍ക്കാന്‍ ഇത് അവസരമാകും. എല്‍ഡിഎഫിന് ഇത് ഗുണമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ ആദ്യമായി നേതൃരംഗത്ത് വരുന്നയാളല്ല ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിന് ആര് നേതൃത്വം വഹിക്കണമെന്നതൊക്കെ അവര്‍ തീരുമാനിക്കേണ്ട കാര്യമാണ്. അതൊക്കെ അവരുടെ പാര്‍ടി കാര്യമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇപ്പോഴുള്ളവര്‍ നേതൃത്വത്തിന് പറ്റുന്നവരല്ല എന്ന് കോണ്‍ഗ്രസിന് തോന്നിയിട്ടുണ്ടാകാം. അതുകൊണ്ടാകും ഉമ്മന്‍ചാണ്ടിയെ തന്നെ വീണ്ടും പരീക്ഷിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.