Friday, November 22, 2024
HomeBook houseകരുതലുള്ള വാക്കിന്റെ വിനയം; എഴുതേണ്ടിവന്നല്ലോ എന്ന സങ്കടത്തോടെ നില്‍ക്കുന്ന കവി; ഒരിലയ്ക്ക് എങ്ങനെയൊക്കെ പറക്കാം; ഇഎം...

കരുതലുള്ള വാക്കിന്റെ വിനയം; എഴുതേണ്ടിവന്നല്ലോ എന്ന സങ്കടത്തോടെ നില്‍ക്കുന്ന കവി; ഒരിലയ്ക്ക് എങ്ങനെയൊക്കെ പറക്കാം; ഇഎം സൂരജയുടെ കവിതയ്ക്ക് പിഎന്‍ ഗോപീകൃഷണന്റെ പഠനം

പി .എന്‍. ഗോപീകൃഷ്ണന്‍
കവിതകള്‍ക്ക് ഒരു നിഴല്‍ പ്രദേശം ഉണ്ടെന്ന് നല്ല വായനക്കാര്‍ക്ക് അറിയാം . അവിടെ വെച്ചാണ് വായനക്കാര്‍ കവിയെ കണ്ടുമുട്ടുക . പലപ്പോഴും ഇന്നത്തെ കവി ആത്മവിശ്വാസം തികഞ്ഞ ഒരു സ്വരൂപമാണ് .സംശയങ്ങള്‍ വേട്ടയാടാത്ത വ്യക്തിത്വം .താനൊഴിച്ചുള്ള എന്തിനോടും ആ ആത്മവിശ്വാസത്തിന് മിണ്ടാനാകും . തന്നോട് അത് ഊമയാണ് . താന്‍ എന്നത് ഒരിക്കലും തകരാത്ത കാരിരുമ്പാണ് എന്നു പറയാന്‍ സാമൂഹ്യശാസ്ത്രവും നരവംശശാസ്ത്രവും മന: ശാസ്ത്രവും ആ കവി നുണയാക്കിക്കളയും . പൊതുസ്ഥലത്തെ ദുഷിപ്പിച്ച് സ്വകാര്യസ്ഥലമാക്കുക എന്നതാണ് കാവ്യമലിനീകരണത്തിന്റെ ഒന്നാം ലക്ഷണം . ഐ ഡെയര്‍ ദേര്‍ഫോര്‍ അയാം എന്ന് അയാളുടെ ദെക്കാര്‍ത്തെ. ഇവിടെയാണ് സുരജയുടെ കവിതകള്‍ മാത്രമല്ല , കവിവ്യക്തിത്വവും മറഞ്ഞിരിക്കുന്നത് . എഴുതേണ്ടിവന്നല്ലോ എന്ന സങ്കടത്തോടെ നില്‍ക്കുന്ന കവിയേയാണു സുരജയുടെ കവിതകളുടെ പിന്‍ഭാഗത്ത് കാണാനാകുക.ആത്മവിശ്വാസത്തിന്റെ ഉത്തുംഗത്തിന് അല്പം താഴെ മറഞ്ഞിരിക്കാനാണ് കവിയ്ക്ക് ഇഷ്ടം .
ഈ വിചാരം കവിതകളെ എന്താക്കിത്തീര്‍ക്കുന്നു എന്നു നോക്കാം . സുരജയുടെ ഒരു കവിതയുടെ പേര് ‘ ‘മനുഷ്യനല്ലാത്ത ഒന്നിലേ എനിക്കെന്റെ ഛായ കണ്ടെത്താനാകൂ ‘ ‘ എന്നാണ് . ഇവിടെ കവിയുടെ നില നാം ഇപ്പോള്‍ നിരീക്ഷിച്ച ഒരു കാര്യത്തിന്റെ വിസ്താരമോ പരിണാമമോ ആണ് . മനുഷ്യനില്‍ നിന്നും അല്പം താഴെയിരിക്കല്‍ . ആ കവിത പൂര്‍ണ്ണമായും ഒന്ന് എടുത്തെഴുതട്ടെ
മനുഷ്യനല്ലാത്ത ഒന്നില്‍
…………………………….
മനുഷ്യനല്ലാത്ത ഒന്നിലേ
എനിക്കെന്റെ ഛായ കണ്ടെത്താനാകൂ
ചിറ്റൂരപ്പനാടാന്‍
എണ്ണകൊണ്ടുപോകുന്ന പുഴുവില്‍
സൂര്യനുനേരേ നോക്കാത്ത
കുട്ടിത്തേവാങ്കില്‍
തലതിരിഞ്ഞുമാത്രം ലോകത്തെക്കാണുന്ന
വവ്വാലില്‍
പക്ഷെ
എന്നെ
പുതുതായി കണ്ടെത്തേണ്ടതില്ല .
പക്ഷിയായി വിരിയാന്‍
പൂമ്പാറ്റയായി പറക്കാന്‍
മോഹമില്ലാഞ്ഞിട്ടല്ല
കാലഹരണപ്പെട്ട മൃദുലതകള്‍
ആകാശത്തോളമുയരുന്ന
കടലില്‍
എല്ലാവരേയും വീശിത്തണുപ്പിക്കുന്ന കാറ്റില്‍
ഞാനൊട്ടില്ല താനും
പിന്നെ
പൊട്ടിയ ചില്ലില്‍
ഉരുകുന്ന വെളിച്ചത്തില്‍
മുറിവേല്‍പ്പിക്കും നിഴലില്‍
ഒരു പ്രസ്താവനയില്‍ ആരംഭിക്കുന്ന കവിത ആധുനിക മലയാള കവിതയില്‍ പുതുതല്ല .”ഒറ്റയ്ക്ക് മൃഗശാല കാണുന്നതില്‍പ്പരം ഇല്ലാ വിരസത/ അതില്‍പ്പരം വിവശതയുമില്ല ‘ എന്നു കെ . ജി .എസ് . ‘കുറേനാളായൊരുത്തി തന്‍ ജഡമളിഞ്ഞുനാറുന്നു ‘ എന്ന് ആറ്റൂര്‍. ”ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങുകയില്ല ‘ എന്ന് സച്ചിദാനന്ദന്‍ . ‘ ഇല്ലാത്തതിന്റെ കനം ഉള്ളവ പേറണമെന്ന് / ഒരു വിളംബരം ഇതിലേ കടന്നുപോയി ‘ എന്ന് പി .രാമന്‍ . ‘ അടുക്കളയില്‍ തേഞ്ഞുതീരുന്ന ഒരു വീട്ടുപകരണമാണ് ഞാന്‍ ‘ എന്ന് സാവിത്രി രാജീവന്‍ .ഇങ്ങനെ ഉദ്ധരിക്കുന്നതിലും എളുപ്പം , പ്രസ്താവനയില്‍ തുടങ്ങുന്ന ഒരു കവിതയെങ്കിലും എഴുതിയിട്ടില്ലാത്ത ആധുനിക കവി ഇല്ലെന്ന് പ്രഖ്യാപിക്കുകയാണ് . ആധുനിക കവിതയുടെ ഒരു പ്രബല ജോണര്‍ ആയി ഇത് മാറിയിട്ടുണ്ട് ( വൃത്തശാസ്ത്രമല്ല ആധുനിക കവിതയില്‍ പ്രയോഗിക്കേണ്ടത് . ജോണര്‍ ശാസ്ത്രമാണ് ) . ഈ ജോണറിന്റെ പ്രത്യേകത , ആദ്യപ്രസ്താവനയുടെ ഏതെങ്കിലും തരത്തിലുള്ള വിശദീകരണം തരാന്‍ കവി ബാധ്യസ്ഥ/ ബാധ്യസ്ഥന്‍ ആണെന്നുള്ളതാണ്. ഇത് മേല്‍ക്കവിതയില്‍ സുരജ നിറവേറ്റുന്നത് എങ്ങനെയെന്നു നോക്കാം .
ആദ്യ ഖണ്ഡത്തില്‍ വരുന്ന മൂന്നു ജന്തുക്കള്‍ , മനുഷ്യനല്ലാത്ത ഒന്നായി കവി ജന്തുലോകത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്നവ, എണ്ണപ്പുഴു, കുട്ടിത്തേവാങ്ക്, വവ്വാല്‍ എന്നിവയാണ്. ഇതില്‍ എണ്ണപ്പുഴു ഇതടക്കം മൂന്നുകവിതകളില്‍ മാത്രമേ എന്റെ പരിമിതവായനയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ . ഇതിനു മുന്‍പ് എണ്ണപ്പുഴു പ്രത്യക്ഷപ്പെട്ട കവിതകള്‍ വൈലോപ്പിള്ളിയുടേയും കെ ജി എസിന്റേതുമാണ്. കുട്ടിത്തേവാങ്ക് ഒരു കവിതയില്‍ മാത്രമാണ് എന്റെ വായനയില്‍ തെളിഞ്ഞുകണ്ടിട്ടുള്ളൂ . വൈലോപ്പിള്ളിയുടെ അതേ പേരുള്ള കവിതയില്‍ . വവ്വാല്‍ കുറേക്കൂടി ജനകീയമാണ് കവിതയില്‍ . റഫീക്ക് അഹമ്മദും ശിവകുമാര്‍ അമ്പലപ്പുഴയും വരെയും അതിനപ്പുറവും അത് തപ്പിത്തടഞ്ഞ് പറക്കുന്നുണ്ട് . കവിതയിലെ ജന്തുക്കള്‍ ജന്തുക്കളെന്നപോലെ കാവ്യബിംബങ്ങള്‍ കൂടിയാണെന്ന് സുരജയ്ക്കറിയാം . ( ആകസ്മികമെന്നു പറയട്ടെ , കാവ്യബിംബത്തേയും കര്‍ത്താവിനേയും തമ്മില്‍ മനശാസ്ത്രപരമായി ബന്ധിപ്പിച്ച് വൈലോപ്പിള്ളിയുടെ കുട്ടിത്തേവാങ്കിനെക്കുറിച്ച് പഠിക്കുമ്പോള്‍ എം.എന്‍.വിജയന്‍മാഷ് പറയുകയുണ്ടായി . കുട്ടിത്തേവാങ്കിന്റെ സൂര്യവെളിച്ചത്തോടുള്ള അനാഭിമുഖ്യവും ശീര്‍ഷാസനത്തില്‍ നിന്ന് ലോകത്തെ കാണാനുള്ള ഇഷ്ടവും കവിയുടേ തന്നെ മനശാസ്ത്രമായാണ് വിജയന്മാഷ് വായിച്ചത് . അതിനോട് വിയോജിച്ചുകൊണ്ട് വൈലോപ്പിള്ളി എഴുതുകയും ചെയ്തു. അത് മറ്റൊരു ചരിത്രം ആയതുകൊണ്ട് വിസ്തരിക്കുന്നില്ല ). പറഞ്ഞുവരുന്നത് സുരജയുടെ കവിതകളില്‍ പ്രകൃതി സമം ഭാഷ എന്ന സമവാക്യത്തിന്റെ രൂപീകരണം എങ്ങനെ നടക്കുന്നു എന്ന് ചൂണ്ടിക്കാണിക്കാന്‍ കൂടിയാണ് . ഇത് കേവലം ഒരു സമീകരണം മാത്രമല്ല . ആഴത്തിലെ തിരിച്ചറിവ് ആണിത് . അതു കൊണ്ട് സുരജയുടെ കവിതയിലെ സഹആഖ്യാതാക്കളുടെ ബഹുലത ശ്രദ്ധേയമാണ്. ഒന്ന് ഓടിച്ചു നോക്കിയാല്‍ നമുക്കത് കാണാം . ഇരട്ടപെറ്റവളില്‍ വാക്ക്, കൂട്ടുനോട്ടങ്ങള്‍ വേര്‍പിരിഞ്ഞ കഥയില്‍ , നോട്ടം. ഒരിലയ്ക്ക് എങ്ങനെയൊക്കെ പറക്കാം എന്നതില്‍ ഇല, നിരാശയില്‍ ഉണര്‍ത്തുമണി, ജനനാവര്‍ത്തനത്തില്‍ വാക്ക്, ആട്ടത്തില്‍ സങ്കടം ,,അതിപ്പോളില്‍ അത്, വേഗത്തിന് എന്തുപറ്റിയില്‍ ഭൂമി,ആ രാത്രിയിപ്പോള്‍ എന്തു ചെയ്യും എന്നതില്‍ രാത്രി, ഒരു പകലിന്റെ കഥയില്‍ പകല്‍ , കണ്ണുപരിശോധനയില്‍ ഒരുവള്‍ , നിക്ഷേപത്തില്‍ വാക്ക് , വാഗര്‍ത്ഥാവിവയില്‍ വാക്ക് ,വാഗ്ദത്തത്തില്‍ പ്രണയം , പരീക്ഷണത്തില്‍ ജീവിതം, ജലംകൊണ്ടില്‍ നീ,കൂട്ടില്‍ എന്ന കവിതയില്‍ സിംഹം…. ഇങ്ങനെ സഹ അഖ്യാതാക്കള്‍ ഇല്ലാതെ കവിതയെഴുതാന്‍ പറ്റില്ല എന്ന വണ്ണം നിബിഡമാണത് . ഒരുപക്ഷെ തന്റെ തലമുറയിലെ കവികളില്‍ നിന്ന് സുരജയെ വ്യത്യസ്ഥമാക്കുന്ന പ്രധാന ഘടകവും സഹ അഖ്യാതാക്കളുടെ ഈ നിബിഡത തന്നെ . ചില കവിതകളില്‍ ഈ ആഖ്യാതാക്കളുടെ എണ്ണം ഒന്നില്‍ കൂടുതല്‍. കിളിയുടെ രൂപത്തില്‍എന്ന കവിതയില്‍ കിളിയല്ല, കിളിയുടെ രൂപത്തിലുള്ള ഒന്ന് ആണ് സഹ ആഖ്യാതാവ്. ചെമ്പരത്തി മാത്രമല്ല തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളത് എന്ന കവിതയുടെ തലക്കെട്ടില്‍ ചെമ്പരത്തിയാണ് സഹ ആഖ്യാതാവ് എന്ന് ധ്വനിപ്പിക്കുന്നെങ്കിലും കവിതയ്ക്കുള്ളില്‍ അതല്ല . അങ്ങനെ സഹ ആഖ്യാതാക്കളെ നിജപ്പെടുത്താതെയും മറ്റൊന്നാക്കിയും കാവ്യബിംബമാക്കിയും സാമാന്യര്‍ത്ഥത്തില്‍ നിന്ന് മോചിപ്പിച്ചുമാണ് സുരജ കാവ്യലീലയില്‍ ഏര്‍പ്പെടുന്നത്
എന്നാല്‍ നേരത്തെ ചൂണ്ടിക്കാണിച്ച പോലെ, ഏറ്റവും കൂടുതല്‍ കവിതകളിലെ സഹ അഖ്യാതാവ് വാക്ക് ആണ് .ഞാന്‍ നേരത്തെ ഉദാഹരിച്ച കവിതകളില്‍ ഇരട്ടപെറ്റവള്‍,ജനനാവര്‍ത്തനം, നിക്ഷേപം, വാഗര്‍ത്ഥാവിവ, തുടങ്ങിയവയിലും മറ്റ് ഒരുപാട് കവിതകളിലും വാക്ക് വരുന്നുണ്ട് . വാക്കുകള്‍ കൊണ്ടെഴുതുന്ന കവിതയില്‍ വാക്ക് എന്നെഴുതുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നത് കാവ്യശാസ്ത്രത്തിലേയും ഭാഷാ ശാസ്ത്രത്തിലേയും വലിയ ഒരു വിഷയമാണ് . ചെറുപ്പത്തില്‍ എന്നെ ചിന്താധീനനാക്കിയ പ്യൂരിറ്റി ബാര്‍ളി ടിന്‍ ഓര്‍മ്മ വരുന്നു . ആ ടിന്നിന്റെ ലേബലിന്റെ മൂലയില്‍ അതേ ടിന്നിന്റെ ചിത്രം കൊടുത്തിട്ടുണ്ട് . അപ്പോള്‍ ആ ടിന്നിന്റെ മൂലയിലും കാണും മറ്റൊരു ടിന്നിന്റെ ചിത്രം . അതിന്റെ ലേബലിന്റെ മൂലയില്‍ മറ്റൊരു ടിന്നിന്റെ ചിത്രം …….ഇങ്ങനെ അവസാനിക്കാത്ത ഒരു ആഖ്യാനമായി ആ ടിന്‍ മാറുന്നു. വാക്കുകള്‍ക്കിടയില്‍ വാക്ക് എന്ന പദത്തിന്റെ പ്രത്യക്ഷം ഏതാണ്ട് ഈ നൈരന്തര്യത്തെ ഉണ്ടാക്കുന്നുണ്ട് . എന്നു പറഞ്ഞാല്‍ വാക്ക് എന്ന പദത്തിന്റെ കര്‍ക്കശത , ഭാഷയുടെ വിന്യാസങ്ങളെ മാത്രമല്ല ജനിപ്പിക്കുന്നത്. അനന്തശ്രേണി പോലുള്ള ഗണിതത്തിന്റെ പ്രഭാവങ്ങളേയുമാണ്. വാക്ക് എന്നത് ക്രിയയായി പ്രവര്‍ത്തിക്കുന്ന കവിതയില്‍ പൊടുന്നനെ വാക്ക് നാമമായി പ്രത്യക്ഷപ്പെടുന്നത് ഉണ്ടാക്കുന്ന തരംഗലീലകള്‍ സുരജയുടേ ഒരുപാട് കവിതകളെ വശങ്ങളിലേയ്ക്ക് ചലിപ്പിക്കുന്നുണ്ട് . വശങ്ങളിലേയ്ക്ക് വികസിക്കുന്ന കവിതയുടെ സംസ്‌കാരവും സാങ്കേതികതയും അന്യമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഈ കവിതകള്‍ വലിയ സന്തോഷം തരുന്നു .
ഭാഷയുടെ നിശബ്ദതയില്‍ വാക്ക് എന്ന നാമമെറിഞ്ഞ് തരംഗങ്ങള്‍ ഉണ്ടാക്കുന്നത് , സാങ്കേതികമായി മാത്രമല്ല പഠിക്കപ്പെടേണ്ടത്. സാംസ്‌കാരികമായിക്കൂടിയാണ്. ഇതിലെ മുഖ്യ ആഖ്യാതാവ് തെളിമയോടെ കാര്യങ്ങള്‍ പറയുന്ന ആള്‍ ആണെങ്കിലും ബഹളം കൊണ്ട് ശ്രദ്ധ ആകര്‍ഷിക്കുന്ന ആള്‍ അല്ല. അവിടെയാണ് വാക്കും കവിയും തമ്മിലുള്ള ബന്ധം പുത്തനായി നിര്‍വ്വചിക്കപ്പെടുന്നത് . താന്‍ എന്ന സംവൃതവലയത്തെ തുറന്നതാക്കുന്നതെന്തോ അതാണു വാക്ക്. വലിയ ഇടുക്കങ്ങളില്‍ വീണുപോകാവുന്ന കവിതാ സന്ദര്‍ഭങ്ങളെ വാക്ക് എന്ന് സാംസ്‌കാരിക പ്രത്യയം ഉയര്‍ത്തി പുതിയ വിതാനത്തിലേയ്ക്ക് കയറ്റി വെയ്ക്കുന്നത് പല കവിതകളിലും കാണാം .ഉദാഹരണത്തിന് ഈ കവിതാസമാഹാരത്തിന്റെ പേര്‍ നിര്‍ണ്ണയിച്ച കവിത ‘ഒരിലയ്ക്ക് എങ്ങനെയൊക്കെ പറക്കാം ‘ എന്നത് നോക്കുക . ഇലകള്‍ മരിച്ച ശേഷമാണ് കവിത തുടങ്ങുന്നതു തന്നെ. കൊഴിഞ്ഞ ഇലകളെപ്പറ്റിയാണത് . ഇത്തരം കവിതകള്‍ സാധാരണ കൊണ്ടുപോകുന്ന ഫ്‌ലാഷ്ബാക്കിലേയ്ക്ക് , ആശാന്‍ വീണപൂവിലൂടെ വഴിവെട്ടിയ രാജമാര്‍ഗ്ഗത്തിലേയ്ക്ക് സുരജ പോകുന്നേ ഇല്ല . പകരം മരണശേഷം ഇലകളുടെ ജീവിതത്തെ കാണിച്ചു തരുന്നു. വീഴ്ച എന്നാല്‍ സമ്പൂര്‍ണ്ണമായി ഭൂഗുരുത്വത്തിനു കീഴടങ്ങല്‍ ആണ്. ജീവന്റെ വസ്തുവല്‍ക്കരണം. ചിറക് എന്നാല്‍ ജീവശക്തിയാകുന്നത് ഭൂഗുരുത്വത്തെ ലംഘിക്കുന്നത് കൊണ്ടാണ് . നിസ്സാരങ്ങളുടെ ജീവശക്തി കാണിച്ച് സുരജ ജീവനറ്റ ഇലകള്‍ക്ക് ജീവന്‍ കൊടുക്കുന്നത് കവിതയ്ക്കു മാത്രം കഴിയുന്ന മന്ത്രശക്തിയാല്‍ ആണ് . എന്നാല്‍ ഇക്കാലത്തെ കവിയാകയാല്‍ യാഥാര്‍ത്ഥ്യബോധത്തിനോട് ഏതെങ്കിലും തരത്തില്‍ പ്രതിബദ്ധത പുലര്‍ത്താതെയും വയ്യ. പറക്കുന്ന പക്ഷിയെക്കാണുമ്പോള്‍ പറത്തം മാത്രമല്ല ഇന്നത്തെ കവി ഓര്‍മ്മിയ്ക്കുക . ചേക്കേറാന്‍ താഴേയ്ക്ക് വരേണ്ടി വരുന്ന അവസ്ഥ കൂടിയാണ് .
എന്നാല്‍
റോഡില്‍ വീണ ഇലകളെ
നോക്കിയിട്ടുണ്ടോ ?
ചതഞ്ഞ, മഞ്ഞച്ച ഇലകളെ?
അതിവേഗത്തില്‍ പാഞ്ഞുവരുന്ന
വണ്ടികള്‍ക്കൊപ്പം
അവയൊന്നാകെ
ചിറകുവെച്ചൊരു പറക്കലുണ്ട് .
ഒരിക്കല്‍ കൊഴിഞ്ഞതാണെന്നും
വീണ്ടും കൊഴിയുമെന്നും
ഓര്‍മ്മിക്കാതെ
സുരജയുടെ കവിതകളുടെ പ്രത്യേകതകളെ ഒന്നൊന്നായി പരിചയപ്പെടുത്തുക എന്റെ ഉദ്ദേശമല്ല. മറിച്ച് ഞാന്‍ അതില്‍ അനുഭവിച്ച ഹര്‍ഷത്തിന്റെ ചില നിമിഷങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ഈ കുറിപ്പില്‍ ഞാന്‍ ചെയ്തത്. സുരജയുടെ കവിത മാറ്റുള്ള കവിതയാണ് എന്ന് പറയാനാണ് കുറച്ച് ഉദാഹരണങ്ങളിലൂടെ ഞാന്‍ ശ്രമിച്ചത് .

കവര്‍: രാജേഷ് ചാലോട്
Poovathumkadavil Narayanan Gopikrishnan
Suraja EM
Logos Pattambi
Rajesh Chalode

- Advertisment -

Most Popular