കഴിക്കമ്പലത്തെ ട്വന്റി ട്വന്റിയുടെ വിജയം കേരളത്തെയാകെ ഞെട്ടിക്കുകയും ആകാംക്ഷയിലാക്കുകയും ചെയ്തതാണ്. ഒരര്‍ത്ഥത്തില്‍രാഷ്ട്രീയപാര്‍ട്ടികള്‍ക്കാകെ ഏറ്റ ആഘാതം. എന്നാല്‍ അവിടെ നിന്നുള്ള വിവരങ്ങള്‍ അത്ര പന്തിയല്ലെന്ന കണ്ടെത്തലുമായി സിപിഎമ്മിന്റെ മുഖപത്രം ദേശാഭിമാനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എംഎസ് അശോകന്‍ പേരുവച്ചെഴുതിയ വാര്‍ത്തയില്‍ ട്വന്റി ട്വന്റിയുടെ ഒരു അധോലോകമാണ് കിഴക്കമ്പലമെന്നും തെരഞ്ഞെടുപ്പട്ടിമറിവരെ നടത്തിയിരിക്കുന്നതിന് തെളിവുകളുണ്ടെന്നും രേഖകളുടെ അടിസ്ഥാനത്തില്‍ ദേശാഭിമാനിവാദിക്കുന്നു. ദേശാഭിമാനി വാര്‍ത്ത താഴെ
കൊച്ചി: എല്ലാത്തിനുമുണ്ട് ഒരു ട്വന്റി -20 മാതൃക. റേഷന്‍കാര്‍ഡ് ഉണ്ടെങ്കിലും കിഴക്കമ്പലത്തുകാര്‍ക്ക് പഞ്ചായത്തില്‍നിന്ന് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടണോ, ട്വന്റി 20യുടെ കാര്‍ഡ് വേണം. പഞ്ചായത്തംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഓണറേറിയമുണ്ടെങ്കിലും മുതലാളിയുടെ ശമ്പളം പറ്റണം. അതുപോലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുണ്ട് ട്വന്റി 20യുടെ സ്വന്തം മാതൃക. അതാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് വിജയിച്ചത്. ട്വന്റി -20 ഭരണം മറ്റു നാലു പഞ്ചായത്തിലേക്കുകൂടി വ്യാപിപ്പിച്ചതുപോലെ ഈ മാതൃകയും അവിടങ്ങളിലേക്ക് എത്തും. കൊട്ടിഘോഷിച്ച ട്വന്റി 20 തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കൊന്നും മങ്ങലേല്‍ക്കേണ്ട എന്നു കരുതിയാകണം മുഖ്യധാരാ മാധ്യമങ്ങളൊന്നും തെരഞ്ഞെടുപ്പ് അട്ടിമറിയിലെ അപൂര്‍വ മാതൃക കാണാതെപോയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തെ ഒമ്പതു വാര്‍ഡില്‍ ഇതരസംസ്ഥാനക്കാരുള്‍പ്പെടെ നാലായിരത്തോളം കിറ്റക്സ് തൊഴിലാളികള്‍ പുതുതായി വോട്ടുചെയ്തു. കമ്പനി പ്രവര്‍ത്തിക്കുന്ന ചേലക്കുളം ആറാം വാര്‍ഡില്‍ ഉള്‍പ്പെടെയായിരുന്നു ഇവരുടെ വോട്ട്. മലിനീകരണ പ്രശ്നത്തിന്റെ പേരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ട്വന്റി 20ക്ക് നഷ്ടമായ വാര്‍ഡ്. ഇത് പിടിച്ചെടുക്കലായിരുന്നു പ്രധാന ലക്ഷ്യം. കിഴക്കമ്പലത്തെ താല്‍ക്കാലിക മേല്‍വിലാസത്തില്‍ തൊഴിലാളികളുടെ മുഴുവന്‍ വോട്ട് ചേര്‍ത്തുകഴിഞ്ഞപ്പോഴാണ് വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ് വേണമല്ലോ എന്ന പ്രശ്നമുദിച്ചത്. ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പു കമീഷന്റെ വോട്ടര്‍പട്ടിക തിരിച്ചറിയല്‍ കാര്‍ഡാക്കാനുള്ള ഐഡിയ പഞ്ചായത്ത് സെക്രട്ടറിയുടേതായിരുന്നു. വോട്ടര്‍പട്ടിക എന്‍ലാര്‍ജ് ചെയ്ത് ലാമിനേറ്റ് ചെയ്ത കാര്‍ഡുകള്‍ പഞ്ചായത്തിന്റെയും സെക്രട്ടറിയുടെയും സീലോടെ തയ്യാറാക്കി. ട്വന്റി 20 വളന്റിയര്‍മാരും സ്ഥാനാര്‍ഥികളും ചേര്‍ന്ന് ഇതു വിതരണം ചെയ്തു. ഇതിനിടെ കുമ്മനോട് വാര്‍ഡില്‍ വിതരണത്തിന് കൊണ്ടുവന്ന നൂറോളം കാര്‍ഡുകള്‍ മറ്റു രാഷ്ട്രീയ പാര്‍ടികളുടെ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു. അതിനു പകരം കാര്‍ഡുകള്‍ മണിക്കൂറുകള്‍ക്കകം കമ്പനി ഓഫീസില്‍ തയ്യാറാക്കി. സെക്രട്ടറിയുടെ സീല്‍ കമ്പനി ഓഫീസിലേക്ക് വരുത്തിയാണ് കാര്‍ഡ് തയ്യാറാക്കിയത്. ഈ കാര്‍ഡുകളുമായി എത്തിയവരെ വിവിധ ബൂത്തുകളില്‍ പ്രിസൈഡിങ് ഓഫീസര്‍വരെ ചലഞ്ച് ചെയ്തപ്പോള്‍ മുതലാളിതന്നെ നേരിട്ടെത്തി വെല്ലുവിളിച്ചു. ഇത്തരത്തില്‍ കുമ്മനോട് വാര്‍ഡില്‍ ചലഞ്ച് ചെയ്ത സംഭവമാണ് പിന്നീട് ട്വന്റി 20യുടെ വോട്ടറെ കൈയേറ്റം ചെയ്തെന്ന മട്ടില്‍ വ്യാഖ്യാനിക്കപ്പെട്ടത്.
2017ല്‍ ട്വന്റി -20 രാഷ്ട്രീയ പാര്‍ടിയായി രജിസ്റ്റര്‍ ചെയ്തെങ്കിലും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ബാധകമായില്ല. പ്രഷര്‍ കുക്കറും അപ്പച്ചട്ടിയുംമുതല്‍ കൊതുകുബാറ്റുവരെ വോട്ടര്‍മാര്‍ക്ക് പാരിതോഷികമായി നല്‍കി. സൗജന്യ ഭക്ഷ്യക്കിറ്റ് പരക്കെ വാഗ്ദാനം ചെയ്തു. ട്വന്റി -20 സ്ഥാനാര്‍ഥി ജയിച്ചാല്‍ മാത്രം മാറിയെടുക്കാവുന്ന സമ്മാനക്കൂപ്പണുകളും വീടുകളിലെത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞാറള്ളൂര്‍ വാര്‍ഡില്‍ ജയിച്ചാല്‍ മുഴുവന്‍ വീടുകളിലും ലാപ്ടോപ് നല്‍കുമെന്നായിരുന്നു വാഗ്ദാനം. വാര്‍ഡ് ജയിച്ചെങ്കിലും ലാപ്ടോപ് വന്നില്ല. ഇക്കുറി അതുംകൂടി ചേര്‍ത്തുള്ള വമ്പന്‍ സമ്മാനം വാഗ്ദാനം നല്‍കിയാണ് വാര്‍ഡ് നിലനിര്‍ത്തിയത്. ആദ്യഘട്ട വോട്ടിങ് പൂര്‍ത്തിയായ ജില്ലകളില്‍നിന്ന് തൊഴിലാളികളെ പ്രത്യേക വാഹനത്തില്‍ കിഴക്കമ്പലത്തേക്ക് കൊണ്ടുവന്നു. കിഴക്കമ്പലത്തും ഇവരുടെ വോട്ട് ചേര്‍ത്തിരുന്നു. കമ്പനി ഗേറ്റില്‍ കോവിഡ് ടെസ്റ്റ് നടത്തി അകത്തുകടത്തിയ ഇവരെ വോട്ടെടുപ്പ് ദിവസമാണ് പുറത്തിറക്കിയത്. കമ്പനിയുടെ വാഹനങ്ങള്‍ വോട്ടെടുപ്പുദിവസം വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ പഞ്ചായത്തിലുടനീളം ഓടി.
കെട്ടുകഥകളില്‍ പൊങ്ങിയ കിഴക്കമ്പലം
കൃഷിക്കും ചെറുകിട വ്യവസായങ്ങള്‍ക്കും പ്രാധാന്യമുള്ള പഞ്ചായത്താണ് കിഴക്കമ്പലം. അഞ്ചുവര്‍ഷത്തെ ട്വന്റി 20 ഭരണം അവസാനിച്ചപ്പോള്‍ ഒരു ചെറുകിട വ്യവസായ യൂണിറ്റ് പോലും പുതുതായി കിഴക്കമ്പലത്ത് വന്നില്ല. ഒരുതുണ്ട് തരിശുഭൂമിയില്‍പ്പോലും പുതുതായി കൃഷിയിറങ്ങിയില്ല. പുതിയ തൊഴിലവസരവുമുണ്ടായില്ല. നവീകരിച്ച റോഡുകളേക്കാള്‍ ഇരട്ടിയിലേറെ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നു.
ഇങ്ങനെയൊക്കെയായിട്ടും നാലു പഞ്ചായത്തുകളില്‍ക്കൂടി ട്വന്റി 20ക്ക് അധികാരം പിടിക്കാനായത് പറഞ്ഞുപരത്തിയ കെട്ടുകഥകളുടെ ബലത്തിലാണ്. കിഴക്കമ്പലത്തെ ട്വന്റി 20 അപദാനങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉയര്‍ന്ന ശമ്പളത്തില്‍ ഒരുപറ്റം ടെക്കികള്‍ പ്രവര്‍ത്തിക്കുന്നു. ട്വന്റി 20 മെമ്പര്‍ഷിപ്പിനൊപ്പം അംഗമാകുന്ന സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിലൂടെ ഊതിവീര്‍പ്പിച്ച കഥകള്‍ പ്രവഹിച്ചുകൊണ്ടിരിക്കും. ഇതിനു പുറമെയാണ് മുഖ്യധാരാ മാധ്യങ്ങളെ വിലയ്ക്കെടുത്ത് എഴുതിക്കുന്ന വാര്‍ത്തകള്‍. പുതുതായി അധികാരം പിടിച്ച പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മുമ്പു മാത്രമാണ് ട്വന്റി 20 പ്രവര്‍ത്തകര്‍ എത്തിയത്. കൊതുകുബാറ്റും സാനിറ്റൈസറും കൈപ്പറ്റിയാണ് ഇവിടുത്തെ വോട്ടര്‍മാര്‍ അധികാരം ട്വന്റി 20ക്ക് കൈമാറിയത്.