ന്യൂഡൽഹി-അതിശൈത്യത്തിനൊപ്പം കനത്ത മൂടൽമഞ്ഞും കൂടിയായതോടെ ഉത്തരേന്ത്യയിൽ ഗതാഗത സംവിധാനം താറുമാറായി. 150 ആഭ്യന്തര വിമാന സർവീസിനു പുറമേ 267 ട്രെയിൻ സർവീസും റദ്ദാക്കി. ദേശീയ തലസ്ഥാനത്തെ പല പ്രദേശങ്ങളിലും രാവിലെ ദൂരക്കാഴ്ച 25 മീറ്ററായി കുറഞ്ഞു. ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്.
ചണ്ഡീഗഡ്, ആഗ്ര എന്നിവിടങ്ങളിൽ ദൂരക്കാഴ്ച പൂജ്യം മീറ്ററായി. 267 ട്രെയിൻ റദ്ദാക്കിയതിൽ ദീർഘദൂര ട്രെയിനുകളും ഉൾപ്പെടും. ഡൽഹിയിൽ അഞ്ചാം ദിവസവും ശൈത്യതരംഗം ജനജീവിതം ദുസ്സഹമാക്കി. തിങ്കൾ പുലർച്ചെ 3.8 ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയത്. പഞ്ചാബ് മുതൽ വടക്കുപടിഞ്ഞാറൻ രാജസ്ഥാൻ, ഡൽഹി, ഹരിയാന വഴി ഉത്തർപ്രദേശ് വരെ വ്യാപിച്ചുകിടക്കുന്ന മൂടൽമഞ്ഞിന്റെ ഉപഗ്രഹചിത്രം കാലാവസ്ഥാ നിരീക്ഷണവകുപ്പ് പുറത്തുവിട്ടു. അടുത്ത രണ്ടു ദിവസത്തേക്ക് വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ശൈത്യതരംഗവും മൂടൽമഞ്ഞും രൂക്ഷമാകുമെന്നും മുന്നറിയിപ്പുണ്ട്. സ്കൂളുകൾക്കുള്ള ശൈത്യകാല അവധി 15വരെയാക്കി നീട്ടി ഡൽഹി സർക്കാർ ഉത്തരവിറക്കി.
അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന യുപിയിലെ കാൺപുരിൽ അഞ്ചു ദിവസത്തിനിടെ മരിച്ചത് 98 പേർ. ഹൃദയാഘാതവും മസ്തിഷ്കാഘാതവുംമൂലമാണ് മരണങ്ങൾ. എൽപിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയാണ് കണക്ക് പുറത്തുവിട്ടത്. 44 പേർ ആശുപത്രിയിലും 54 പേർ ആശുപത്രിയിൽ എത്തുന്നതിനുമുമ്പുമാണ് മരിച്ചത്.
ഒരാഴ്ചയ്ക്കിടെ 723 ഹൃദ്രോഗികളെയാണ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. 24 മണിക്കൂറിനിടെ 14 പേർ മരിച്ചു. നിലവിൽ 604 പേർ ചികിത്സയിലാണ്. തണുപ്പുകൂടിയ കാലാവസ്ഥ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നെന്നും ഹൃദയാഘാതത്തിന് കാരണമാകുന്നതായും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി.