Thursday, November 21, 2024
HomeNewshouseപരാധീനതകളില്‍ പതറാത്ത മിടുമിടുക്കി; സഖാവ് ഓമനക്കുട്ടന്റെ മകള്‍ സുകൃതിയെ എന്തു പറഞ്ഞാണ് അഭിനന്ദിക്കുക?: തോമസ് ഐസക്

പരാധീനതകളില്‍ പതറാത്ത മിടുമിടുക്കി; സഖാവ് ഓമനക്കുട്ടന്റെ മകള്‍ സുകൃതിയെ എന്തു പറഞ്ഞാണ് അഭിനന്ദിക്കുക?: തോമസ് ഐസക്

നാട് നടുങ്ങിയ പ്രളയനാളുകളില്‍ വ്യാജവാര്‍ത്തകള്‍ നല്‍കി വേട്ടയാടിയതാണ് ഓമനക്കുട്ടനെന്ന സഖാവിനെ. ദുരിതാശ്വാസക്യാമ്പില്‍ പണപിരിവു നടത്തിയെന്ന് പറഞ്ഞ് മാധ്യമങ്ങളും തല്‍പര്യകക്ഷികളും അധിക്ഷേപിച്ച അതേ ഓമനക്കുട്ടനെ ഇന്ന് തെളിമയാര്‍ന്ന ചിരിയോടെ മാധ്യമങ്ങള്‍ വീണ്ടും ആഘോഷിക്കുകയാണ്. ഓമനക്കുട്ടനെന്ന സുകൃതിയുടെ അച്ഛനെ. കഷ്ടപാടുകള്‍ക്കിടയിലും മികച്ച റാങ്കില്‍ എംബിബിഎസ് പ്രവേശനം നേടിയ മകള്‍ സൃകൃതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചേര്‍ത്ത് പിടിച്ചു തലയുയര്‍ത്തി നില്‍ക്കുകയാണ് ആ അച്ഛന്‍ .

മന്ത്രി തോമസ് ഐസകിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

സഖാവ് ഓമനക്കുട്ടന്റെ മകള്‍ സുകൃതിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ആലപ്പുഴ എത്തിയാലുടന്‍ നേരില്‍ കാണും. പരാധീനതകളില്‍ പതറാതെ, സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മെരിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയ ആ മിടുമിടുക്കിയെ എന്തു പറഞ്ഞാണ് അഭിനന്ദിക്കുക? എന്തു സമ്മാനം കൊടുത്താലാണ് ആ പ്രയത്‌നത്തിനുള്ള അംഗീകാരമാവുക?.

സുകൃതി ഇന്ന് സഖാക്കളുടെയും നാടിന്റെയും മകളാണ്. ആ ചെറിയ വീട്ടിലേയ്ക്ക് ഒരുപാടുപേരുടെ അനുമോദനങ്ങള്‍ ഒഴുകി നിറയുന്നു. ഫേസ് ബുക്ക് സ്ട്രീമിലാകെ സഖാക്കളുടെ അഭിനന്ദനങ്ങള്‍. സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൊടുമുടിയിലാണ് ഓമനക്കുട്ടന്റെ കുടുംബവും സഖാക്കളും.

മാധ്യമപ്രവര്‍ത്തനത്തിന്റെ രണ്ടു മുഖങ്ങള്‍ കാണുകയാണ് സ.ഓമനക്കുട്ടനും കുടുംബവും. ഒരെഴുപതു രൂപാ കുംഭകോണം മെനഞ്ഞ് ഈ സഖാവിന്റെ ചോര വീഴ്ത്താന്‍ തുനിഞ്ഞിറങ്ങിയ അതേ മാധ്യമങ്ങളാണ് ഇന്ന് സുകൃതിയുടെ നേട്ടം കൊണ്ടാടുന്നത്.

തമാശയെന്തെന്നു വെച്ചാല്‍, അന്ന് ഓമനക്കുട്ടനെ വേട്ടയാടാനിറങ്ങിയവര്‍ക്ക് ചെറിയ തോതില്‍ അംനേഷ്യ ബാധിച്ചോ എന്നൊരു സംശയം. മറ്റാരോ ചെയ്ത കൃത്യമാണെന്ന മട്ടിലാണ് വാര്‍ത്ത. ‘അന്ന് കല്ലെറിഞ്ഞവര്‍ അറിയുക’ എന്ന ടിപ്പണിയില്‍ ഒരു തലക്കെട്ടും കണ്ടു. ആ തലക്കെട്ടെഴുതിയ സബ് എഡിറ്ററോടു പറയട്ടെ, ‘അനിയാ, നിങ്ങളുടെ ഡെസ്‌കില്‍ നിന്നാണല്ലോ ആ കല്ലുകള്‍ പറന്നത്’.

ഇല്ലാത്ത കഥയുടെ പേരില്‍ പൊടുന്നനെ വിവാദനായകനാകുമ്പോള്‍ ആരുമൊന്നു ഭയക്കും. പക്ഷേ, അന്നും സഖാവ് ഓമനക്കുട്ടന്‍ ഭയന്നില്ല. സര്‍ക്കാര്‍ കേസു പിന്‍വലിച്ചപ്പോഴും റവന്യൂ സെക്രട്ടറിയും ജില്ലാ കളക്ടറുമടക്കമുള്ളവര്‍ ക്ഷമ പറഞ്ഞപ്പോഴും നിസംഗഭാവത്തിലായിരുന്നു ആ സഖാവ്.

ഇന്നവര്‍ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ഒരു മുഹൂര്‍ത്തം സൃഷ്ടിക്കുന്ന ആഹ്ലാദത്തിന്റെ പാരമ്യത്തിലാണ്. നിറഞ്ഞ മനസോടെ ആ സന്തോഷത്തില്‍ പങ്കുചേരുന്നു. സുകൃതി മോള്‍ക്ക് അഭിവാദ്യങ്ങള്‍, അനുമോദനങ്ങള്‍.

- Advertisment -

Most Popular