എക്‌സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തില്‍ ശബരിമലയുടെ ബേയ്‌സ് ക്യാമ്പായ നിലയ്ക്കലില്‍ സജ്ജീകരിച്ചിട്ടുള്ള ഫുട്‌ബോള്‍ ഗോള്‍ ചലഞ്ചില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പങ്കാളിയായി. ഇതിനൊപ്പം ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി വിമുക്തി മിഷന്‍ നിലയ്ക്കലില്‍ ഒരുക്കിയിട്ടുള്ള ലഹരി വിരുദ്ധ തീം പവിലിയനും അദ്ദേഹം സന്ദര്‍ശിച്ചു.
ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എ.ആര്‍. സുല്‍ഫിക്കര്‍, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാജീവ് ബി. നായര്‍, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഒരു കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും സ്‌കൂള്‍ കുട്ടികളിലും യുവാക്കളിലും ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും ഉള്‍ക്കൊള്ളിച്ച് ചിത്രീകരിച്ച പവിലിയനാണ് നിലയ്ക്കല്‍ വെര്‍ച്വല്‍ ക്യൂവിന് സമീപം സ്ഥാപിച്ചിട്ടുള്ളത്. ഇതോടൊപ്പം ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി തീര്‍ഥാടകരാണ് പവലിയന്‍ സന്ദര്‍ശിക്കുന്നത്.