Friday, November 22, 2024
Homeഅവര്‍ പുലഭ്യം വിളിക്കുന്നു, പരിഹസിക്കുന്നു, ഭരണിപ്പാട്ടു പാടുന്നു, മഴക്കെടുതിയിലും സ്‌കൂള്‍ ഓപ്പണിംഗിലും ശ്രദ്ധിച്ച് ആര്യാരാജേന്ദ്രന്‍; ഈ...
Array

അവര്‍ പുലഭ്യം വിളിക്കുന്നു, പരിഹസിക്കുന്നു, ഭരണിപ്പാട്ടു പാടുന്നു, മഴക്കെടുതിയിലും സ്‌കൂള്‍ ഓപ്പണിംഗിലും ശ്രദ്ധിച്ച് ആര്യാരാജേന്ദ്രന്‍; ഈ പെണ്ണിനെ തോല്‍പ്പിക്കാനാകില്ല മക്കളേ

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ ആര്യാരാജേന്ദ്രനെതിരായി അവസാന ആയുധവുമായി ഇറങ്ങിയിരിക്കുന്ന പ്രതിപക്ഷനിരയെ നിഷ്പ്രഭമാക്കാന്‍രണ്ടുംകല്‍പ്പിച്ച് മേയര്‍ ആര്യാരാജേന്ദ്രന്റെ നീക്കം. പരിഹാസവും ആക്ഷേപവും ശ്രദ്ധിച്ച് നേരം കളയാതെ അനിവാര്യമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ് മേയറിപ്പോള്‍. മഴക്കെടുതിയുണ്ടാക്കിയ പ്രശ്‌നങ്ങള്‍, തുലാവര്‍ഷത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍, സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള യോഗങ്ങളും മറ്റുപ്രവര്‍ത്തനങ്ങലുമൊക്കെ കോര്‍പ്പറേഷന്‍ സജീവമായി നേതൃത്വം നല്‍കി വരികയാണ്.

സ്‌കൂള്‍ ശുചീകരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി പല സ്‌കൂളുകളിലും നേരിട്ട ്തന്നെ മേയര്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശവും മേയര്‍ നല്‍കി. മാത്രമല്ല അന്വേഷണ പുരോഗതിക്കനുസരിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കാനുള്ള ശ്രദ്ധയും മേയര്‍കൊടുക്കുന്നുണ്ട്. പണം നഷ്ടപ്പെട്ടവര്‍ക്ക് അത് തിരികെ ലഭിക്കുന്നതിനായി പ്രത്യേക ശ്രദ്ധവേണമെന്ന് ആര്യാരാജേന്ദ്രന്‍ കഴിഞ്ഞ ദിവസം നേരിട്ടെത്തി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനം. സമരം ബിജെപി ഹൈജാക്ക് ചെയ്യുന്നു എന്ന്് വന്ന ഘട്ടത്തിലാണ് കെ മുരളീധരനെ രംഗത്തിറക്കി കോണ്‍ഗ്രസ് സമരനേതൃത്വം പിടിച്ചെടുക്കാന്‍ ഇറങ്ങിത്തിരിച്ചത്. മുരളി ഉള്ളിലുള്ളത് അതുപോലെ തട്ടിവിട്ട് ആക്രമണമഴിച്ചുവിടുകയും കുഴപ്പത്തിലാകുകയും ചെയ്തിരിക്കുകയുമാണ്. പതിവ് പോലെ കോണ്‍ഗ്രസ് നേതാക്കള്‍ചെന്നുപെടാറുളള സ്ത്രീ അധിക്ഷേപം എന്ന കുരുക്കിലാണ് ഇത്തവണയും പെട്ടിരിക്കുന്നത്. ചെറുപ്പത്തിന്റെ ആവേശം പ്രവര്‍ത്തനത്തിലും കാണിക്കുന്ന മേയറുടെ രാഷ്ട്രീയമായ പ്രതിരോധം പോലും സഹിക്കാനാകാതെ കെ മുരളീധരന്‍ പറഞ്ഞ വാക്കുകളെ സമൂഹം ഒരുപോലെ തള്ളിക്കളഞ്ഞു. ആറ്റുകാല്‍ പൊങ്കാലയുടെ പണമടിച്ചുമാറ്റി മാംസാഹാരം കഴിച്ച അവിശ്വാസി എന്ന് പറഞ്ഞ് ബിജെപിക്കാര്‍ പോലും ചെയ്യാത്ത മതവിഭാഗീയതയ്ക്കാണ് മുരളീധരന്‍ ഉന്നമിട്ടത്.

പൊറോട്ടയുംചിക്കനും കഴിക്കാനാണ് ആറ്റുകാല്‍ പൊങ്കാലയുടെ പണം വെട്ടിച്ചത് എന്ന് ആക്ഷേപിക്കുകയും സൗന്ദര്യമുള്ളതുകൊണ്ട്കാര്യമില്ലെന്നും ഭരിക്കാനറിയില്ലെന്നും പറഞ്ഞ് സ്ത്രീകളെയാകെ അപമാനിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ പോലീസ് നടപടിയിലേക്ക് കടന്നതോടെ തല്‍ക്കാലത്തേക്ക് ക്ഷമപറഞ്ഞ് തടിയൂരാനാണ് മുരളി ശ്രമിച്ചത്. മാത്രമല്ല താന്‍ പറഞ്ഞതിലുറച്ചുനില്‍ക്കുന്നു എന്നുംപ്രഖ്യാപിച്ചു.

കോര്‍പ്പറഷന്‍ യോഗം തടഞ്ഞുകൊണ്ടും മേയറെ നടവഴിയില്‍ ശാരീരികമായി തടഞ്ഞുകൊണ്ടുമുള്ള സമരങ്ങളൊന്നും ക്ലച്ച് പിടിക്കാതായപ്പോഴാണ് പുതിയ നീക്കം. എന്നാല്‍ ആര്യ ഇതൊന്നും ശ്രദ്ധിക്കാതെ പ്രവര്‍ത്തനത്തില്‍ മുഴുകിയതോടെ പ്രതിപക്ഷം അങ്കലാപ്പിലായിരിക്കുന്നു എന്നാണ് സൂചന.

- Advertisment -

Most Popular