തിരുവനന്തപുരം -സ്വയം സ്ഥാനാർഥിത്വം ആരും പ്രഖ്യാപിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യമുണ്ടെന്നും സംസ്ഥാനത്ത് സജീവമാകുമെന്നും ശശി തരൂർ കഴിഞ്ഞ ദിവസം പറഞ്ഞതിനോടാണ് സതീശന്റെ പ്രതികരണം.തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണോ, എവിടെ ആര് മത്സരിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് കോൺഗ്രസാണ്. താൽപ്പര്യമുള്ളവർ പാർടിയെ അറിയിക്കണം. സ്വന്തമായി തീരുമാനമെടുക്കുന്നത് ശരിയല്ല. ചർച്ച ചെയ്‌ത് പാർടിക്ക് വിധേയമായാണ് ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്. നേതൃത്വത്തിനാണ് ചുമതലയെന്നും സതീശൻ പറഞ്ഞു. എന്നാൽ വരും ദിവസങ്ങളിലും ഇതു ചർച്ചയാകുമെന്ന് തരൂരും തിരിച്ചടിച്ചു. തനിക്ക് ലോകസഭയിലേക്ക് മത്സരിക്കാനാണ് താൽപ്പര്യമെന്ന് പറഞ്ഞ് കെ മുരളീധരനും സതീശന് മറുപടിയുമായെത്തി.
ഇതോടെ വരും ദിവസങ്ങളിലും തമ്മിലടി കൂടുതൽ ശക്തമാകുമെന്ന് ഉറപ്പായി. ശശി തരൂർ മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം ഇറങ്ങിത്തിരിച്ചതാണ് സതിശനടക്കമുള്ള നേതൃത്വത്തെ വിറളി പിടിപ്പിക്കുന്നത്.